ഇത് വൈകി വന്ന അംഗീകാരം… ആൻഡ്രോയ്ഡ് കുഞ്ഞപ്പനായ സൂരജ് തേലക്കാടാണ് ഇന്നത്തെ താരം !!

കഴിഞ്ഞവർഷം 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25. സുരാജ് വെഞ്ഞാറമൂടിന്റ അതിഗംഭീരമായ പര്യടനം കൊണ്ട് പോയവർഷം മലയാളി പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളിലൊന്നായി ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ മാറി. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ഈ ചിത്രം മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത ഒരു റോബോട്ടിന്റെ കഥയാണ് പറയുന്നത്. അവതരണത്തിലെ ലാളിത്യവും സാധാരണക്കാരോട് ചേർന്നുനിൽക്കുന്ന കഥാസന്ദർഭങ്ങളും ചിത്രത്തിന് ഏറെ മികവേകി. വൃദ്ധനായ ഭാസ്കര പൊതുവാളിനെ പരിഹരിക്കാനുമായി എത്തുന്ന റോബോട്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ ഉള്ളിൽ ഒരു സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ റോബോട്ട് ഒറിജിനൽ ആയിരുന്നു..? അതോ അതിനുള്ളിൽ ആരെങ്കിലും ഉണ്ടായിരുന്നോ..? ബഹുഭൂരിപക്ഷം മലയാളികളും ചിത്രം ഇതിനോടകം കണ്ടിരിക്കുകയാണ്. എങ്കിലും ആ സംശയത്തിന് ഇതുവരെ ഉത്തരം ലഭിച്ചിരുന്നില്ല. നാളിതുവരെയായി ആ റോബോട്ടിനെ പിന്നിലെ രഹസ്യം പുറത്ത് പോകാതിരിക്കാൻ അണിയറപ്രവർത്തകരും ഏറെ ശ്രദ്ധിച്ചിരുന്നു എന്നത് വാസ്തവമാണ്. ഇപ്പോഴിതാ പ്രേക്ഷകർക്ക് വലിയ സർപ്രൈസ് നൽകി കൊണ്ട് ആ റോബോട്ടിന് പിന്നിലെ രഹസ്യങ്ങൾ മുഴുവനും അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നു.

മിമിക്രി മേഖലകളിൽ നിന്നും ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറിയ കലാകാരൻ സൂരജ് തേലക്കാട് ആണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പനായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. കോമഡി ഷോകളിലൂടെ ശ്രദ്ധേയനായ താരം പിന്നീട് ചാർലി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച്‌ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പിന്നീട് ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ വേഷത്തിൽ എത്തിയിരുന്നു. ഒടുവിലായി അമ്പിളി എന്ന ചിത്രത്തിലും താരം മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. റോബോട്ടിന് ഉള്ളിലെ ആ മനുഷ്യൻ സൂരജ് തേലക്കാട് ആണെന്ന വിവരം കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയത്. ഈ വാർത്തയെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ സൂരജ് തേലക്കാട് വലിയ താരമായി മാറിയിരിക്കുകയാണ്. സിനിമയ്ക്കുള്ളിൽ ലഭിക്കാതെപോയ അംഗീകാരം ഇപ്പോഴിതാ അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നു.