“ഈ ആത്മാര്‍ത്ഥത പുതിയ തലമുറ കണ്ടു പഠിക്കണം!”, ലാലേട്ടന് പിന്നാലെ കൈയ്യടി നേടി മഞ്ജുവും

കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലും മഞ്ജു വാര്യരും അന്നും ഇന്നും എന്നും മലയാളികളുടെ പ്രിയ താരങ്ങളാണ്. ഇരുതാരങ്ങളും തങ്ങളുടെ ജോലിയോട് കാട്ടുന്ന ആത്മാര്‍ത്ഥത പലപ്പോഴും കൈയ്യടി നേടാറുണ്ട്. അടുത്തിടെയാണ് സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ സെറ്റില്‍ വെച്ച് മോഹന്‍ലാലിന് പരിക്ക് പറ്റിയത്. വീണു കയ്യിന്റെ എല്ലിന് പൊട്ടല്‍ സംഭവിച്ചിട്ടും നിര്‍മ്മാതാവിനേയോ സംവിധായകനേയോ ബുദ്ധിമുട്ടിക്കാതെ നാല് ദിവസം തുടര്‍ച്ചയായി ആക്ഷന്‍ രംഗങ്ങള്‍ അഭിനയിച്ചു തീര്‍ത്ത ശേഷമാണ് മോഹന്‍ലാല്‍ ശസ്ത്രക്രിയക്കായി പോയത്.

ഇപ്പോഴിതാ മോഹന്‍ലാലിന് ശേഷം ഇതേ ഡെഡിക്കേഷന്‍ കാണിച്ച് മഞ്ജു വാര്യരും കൈയ്യടി നേടിയിരിക്കുകയാണ്. രണ്ടു ദിവസം മുന്‍പാണ് മഞ്ജു അഭിനയിച്ചുകൊണ്ടിരിക്കുന്ന ചതുര്‍മുഖം എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ആക്ഷന്‍ രംഗം അഭിനയിക്കുന്നതിനിടെ തെന്നി വീണ് മഞ്ജുവിന്റെ കാലിന് പരിക്ക് പറ്റിയത്. താരത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുറഞ്ഞത് ഒരാഴച്ചത്തെ വിശ്രമമാണ് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചത്. പക്ഷെ തൊട്ടടുത്ത ദിവസം തന്നെ സെറ്റിലെത്തിയ മഞ്ജു വാര്യര്‍ പരിക്ക് വക വെക്കാതെ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു.

നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനില്‍ കുമാര്‍, അഭയ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. സണ്ണി വെയ്ന്‍ നായകനായെത്തുന്ന ഈ ചിത്രം ഒരു ഹൊറര്‍ ത്രില്ലര്‍ ആയാണ് ഒരുക്കുന്നത്. മലയാളത്തിലെ മുതിര്‍ന്ന താരങ്ങളായ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവര്‍ കാണിക്കുന്ന ഈ ആത്മാര്‍ത്ഥത പുതിയ തലമുറ കണ്ടു പഠിക്കണം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.