“മഞ്ജു ചേച്ചിയെ കണ്ടിട്ടേ പോകൂ….” വാശി പിടിച്ച് സെറ്റില്‍ കുത്തി ഇരുന്ന് 4 വയസ്സുകാരി; വീഡിയോ വൈറല്‍

പ്രതി പൂവന്‍ കോഴിയാണ് മഞ്ജു വാര്യരുടെ ഏറ്റവും പുതിയ വിശേഷം. ക്രിസ്മസ് റിലീസായത്തിയ ചിത്രം മികച്ച വിജയം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. പ്രതി പൂവന്‍കോഴിക്ക് ശേഷം സണ്ണി വെയ്ന്‍ നായകനായെത്തുന്ന ചതുര്‍മുഖം എന്ന ഹൊറര്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് മഞ്ജു വാര്യര്‍. ചതുര്‍മുഖത്തിന്റെ ചിത്രീകരണത്തിനിടെ മഞ്ജുവിന് പരിക്ക് പറ്റിയതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പരിക്കേറ്റിട്ടും പരിക്ക് വകവെയ്ക്കാതെ ചിത്രീകരണം പൂര്‍ത്തിയാക്കിയ താരത്തിന്റെ പ്രവര്‍ത്തിയും ഏറെ കയ്യടി നേടിയിരുന്നു.

നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനില്‍ കുമാര്‍, അഭയ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഒരു രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. മഞ്ജു ചേച്ചിയെ കണ്ടിട്ടേ പോകു എന്ന് വാശി പിടിച്ച് സെറ്റില്‍ കുത്തിയിരുന്ന ഒരു കുട്ടിയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. നാലു വയസ്സുകാരി ശ്രവന്തികയാണ് മഞ്ജുവിനെ കാണണമെന്ന വാശിയുമായി സെറ്റില്‍ കുത്തിയിരുന്നത്. മഞ്ജുവിന്റെ കടുത്ത ആരാധികയാണ് ഈ നാലുവയസ്സുകാരി. മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ എന്നും എപ്പോഴും എന്ന ചിത്രം കണ്ടാണ് ശ്രവന്തിക മഞ്ജു ആരാധികയായി മാറിയത്.

ഷൂട്ടിങ് സെറ്റിലെത്താന്‍ വൈകിയ ശ്രവന്തിക മഞ്ജു വാര്യരെ കാണാന്‍ സാധിക്കില്ലെന്ന ഘട്ടം വന്നപ്പോഴാണ് കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. രാവിലെ വന്ന കുട്ടികളോടൊപ്പം മഞ്ജു വാര്യര്‍ ഫോട്ടോ എടുക്കുകയും അതിനു ശേഷം ഷൂട്ടിംഗ് തിരക്കുകളിലേക്ക് കടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശ്രവന്തികയുടെ വാശി അറിഞ്ഞ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം മഞ്ജു വാര്യരെ അറിയിക്കുകയും ആ കുഞ്ഞു ആരാധികയെ അവര്‍ മഞ്ജുവിന്റെ അടുത്തെത്തിക്കുകയും ചെയ്തു. മഞ്ജു വാര്യരോടൊപ്പം സമയം ചെലവിട്ട ശ്രവന്തിക പിന്നീട് താന്‍ ആഗ്രഹിച്ച പോലെ മഞ്ജുവുമൊത്ത് ഫോട്ടോ കൂടി എടുത്ത ശേഷമാണ് പോയത്.