തമിഴ് ബോക്സ് ഓഫീസ് കീഴടക്കാൻ ‘ഷൈലോക്ക്’… ചിത്രത്തിന്റെ തമിഴ് പതിപ്പായ ‘കുബേര’ന്റെ ടീസർ പുറത്ത്…. #Mammotty #Kuberan #OfficialTeaser

മെഗാസ്റ്റാർ മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഷൈലോക്ക്. ആരാധകരും പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം തമിഴിലും റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയാണ് കുബേരൻ എന്നാണ് ഷൈലോക്കിന്റെ തമിഴ് പതിപ്പിന്റെ പേര്. കുബേരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തമിഴ് സിനിമ ലോകത്ത് വലിയ തരംഗമാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ കുബേരന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിൽ ഏറ്റവും താരമൂല്യമുള്ള മലയാളി നടനാണ് മമ്മൂട്ടി. പേരന്പ് എന്ന തമിഴ് ചിത്രത്തിന് ശേഷം മധുരരാജയുടെ തമിഴ് പതിപ്പും തമിഴ്നാട്ടിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവിൽ ഷൈലോക്കിന്റെ രണ്ട് ടീസറുകളാണ് പുറത്തിറക്കിയിട്ടുള്ളത്. എന്നാൽ മലയാളം ടീസറുകളിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിലാണ് കുബേരന്റെ ടീസർ ഒരുക്കിയിട്ടുള്ളത്. തമിഴ് പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് ഒരുക്കിയിരിക്കുന്ന ടീസറിൽ രാജ് കുമാർ നിറഞ്ഞുനിൽക്കുന്നു. കൂടാതെ മീന, കലാഭവൻ ഷാജോൺ, സിദ്ദീഖ് തുടങ്ങിയ താരങ്ങൾ ടീസറിൽ പ്രത്യക്ഷപ്പെടുന്നു. ചിത്രത്തിന്റെ സംവിധായകൻ അജയ് വാസുദേവും ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വളരെ കളർഫുൾ ആയുള്ള ടീസർ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വീണ്ടും ഉയർത്തുകയാണ്. കേരളത്തിൽ ചിത്രം വലിയ രീതിയിലുള്ള വിജയം കരസ്ഥമാക്കും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. സമാനമായ വിജയം തമിഴ്നാട്ടിൽ ചിത്രം നേടുമെന്ന് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.