ഇപ്പൊ മൊത്തത്തില്‍ കണ്‍ഫ്യൂഷന്‍ ആയല്ലോ… വ്യത്യസ്ഥ ഗെറ്റപ്പില്‍ മമ്മൂക്ക! ഷൈലോക്കില്‍ മമ്മൂക്ക എത്ര റോളില്‍..?

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ ചിത്രമാണ് ഷൈലോക്ക്. ജനുവരി 23ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കലിപ്പ് ലുക്കിലുള്ള മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പോസ്റ്ററിന് ഗംഭീര സ്വീകരണമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.

പുതിയ പോസ്റ്റര്‍ കൂടി പുറത്തിറങ്ങിയതോടെ ചിത്രത്തില്‍ മമ്മൂട്ടി വിവിധ ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് സൂചന. ഇതോടെ ചിത്രത്തില്‍ മമ്മൂട്ടി എത്ര റോളുകളിലാണ് പ്രത്യക്ഷപ്പെടുന്നത് എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ചിത്രത്തിന് വമ്പന്‍ ബുക്കിംഗ് എന്നാണ് സൂചന. മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിനും റെക്കോര്‍ഡ് ബുക്കിംഗായിരുന്നു. മാസ്റ്റര്‍ പീസ്, രാജാധിരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് പുതുമുഖങ്ങളായ ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ച ചിത്രത്തിന്റെ ടീസറുകളും പോസ്റ്ററുകളും ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ചിത്രത്തില്‍ മമ്മൂട്ടി ഒരു പലിശക്കാരനായാണ് എത്തുന്നത്. തമിഴ് നടന്‍ രാജ് കിരണും ചിത്രത്തില്‍ നായക തുല്യമായ വേഷം ചെയ്യുന്നുണ്ട്. രാജ് കിരണ്‍ ഈ ചിത്രത്തിലൂടെ ആദ്യമായി മലയാളത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകതകളില്‍ ഒന്ന്. മീനയാണ് നായിക. ചിത്രത്തില്‍ കലാഭവന്‍ ഷാജോനാണ് മമ്മൂട്ടിയുടെ വില്ലനായെത്തുന്നത്… ചിത്രത്തിലെ ഷാജോണിന്റെ ക്യാരക്ടര്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പ്രതാപ വര്‍മ്മ എന്ന കഥാപാത്രത്തെയാണ് ഷാജോണ്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഷൈലോക്കിലെ കഥാപാത്രത്തിനായി തന്നെ സെലക്ട് ചെയ്തത് മമ്മൂട്ടിയാണെന്നു ഷാജോണ്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഷൈലോക്കില്‍ കട്ട നെഗറ്റീവ് റോളാണ് തനിക്കുള്ളതെന്നും വളരെ സ്ട്രോങ്ങായ ക്യാരക്ടറാണതെന്നും ഷാജോണ്‍ പറയുന്നു. ‘എനിക്ക് സന്തോഷം തോന്നിയത് അതിന്റെ തിരക്കഥാകൃത്തുക്കള്‍ പറഞ്ഞ കാര്യം കേട്ടപ്പോഴാണ്. ആ കഥാപാത്രത്തിനായി ഞങ്ങള്‍ നാലഞ്ച് പേരുടെ പേര് പറഞ്ഞിട്ടും മമ്മൂക്ക സമ്മതിച്ചില്ല. ചേട്ടന്റെ പേര് പറഞ്ഞപ്പോള്‍ അവന്‍ ഓക്കെയാണ് എന്നാണ് മമ്മൂക്ക പറഞ്ഞത്.’ എന്നും ഷാജോണ്‍ പറഞ്ഞു.