ദുൽഖറിനും സുറുമിക്കുമൊപ്പം നാല്‍പ്പതാം വയസ്സില്‍ പഠിച്ചു വളരുന്ന മമ്മൂട്ടി ആരാധകൻ…. #OP_Exclusive

ദുൽഖറിനും സുറുമിക്കുമൊപ്പം നാൽപ്പതാം വയസിലും പഠിച്ച് മാതൃകയാവുകയാണ് മമ്മൂട്ടി ആരാധകനായ സുജീർ.”പഠിക്കുന്നില്ലേ…പരീക്ഷയെഴുതേണ്ടേ..’ദുൽഖർ സൽമാൻ സുജീറിനെ ഇതും പറഞ്ഞ് വിടാതെ പിന്തുടരും.സുറുമിയും പിന്നാലെ നടന്ന് നിർബന്ധിക്കും.
ഏഴാം ക്ലാസിൽ പഠനം നിർത്തിയ പുറങ്ങ് പണിക്കവീട്ടിൽ സുജീർ അങ്ങനെ ദുൽഖർ സൽമാനും സുറുമിക്കുമൊപ്പം പഠിച്ചുവളരുകയാണ്.4 വർഷം മുൻപ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതി. ഉയർന്ന മാർക്കോടെ പാസായപ്പോൾ പത്താം ക്ലാസ് പരീക്ഷയെഴുതി. അവിടെയും നല്ല മാർക്കോടെ വിജയിച്ചു. പിന്നെ പഠനത്തോട് ആവേശമായി. പ്ലസ് വൺ പരീക്ഷയെഴുതി. താലൂക്കിലെ തന്നെ മികച്ച വിജയം നേടിയപ്പോൾ പ്ലസ്ടു പരീക്ഷയും എഴുതി വിജയത്തിലെത്തി. മലയാളം അധ്യാപകനായിട്ടെ അടങ്ങൂ എന്ന വാശിയിലാണിപ്പോൾ.

രാത്രി 8 മണിയായാൽ സുജീർ ‘ദുൽഖർ സൽമാന്റെ’ കൂടെയിരുന്നു പഠനം തുടങ്ങും. മമ്മൂട്ടിയുടെ സിനിമകളെല്ലാം റിലീസ് ദിവസം തന്നെ കാണുന്ന കടുത്ത ആരാധകനായ സുജീറിന്റെ മക്കളുടെ പേര് മമ്മൂട്ടിയുടെ മക്കളുടെ പേരാണ്; സുറുമിയും ദുൽഖർ സൽമാനും. മൂന്നാമതൊരു മകൻ കൂടിയുണ്ടായപ്പോൾ മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംകുട്ടിയുടെ മകന്റെ പേരിട്ടു. മഖ്ബൂൽ സൽമാൻ! ഇപ്പോൾ ഡിഗ്രിക്കു പഠിക്കാനുള്ള തയാറെടുപ്പിലാണ് സുജീർ.

ചിത്രത്തില്‍: സുജീർ ദുൽഖർ സൽമാൻ, സുറുമി,മഖ്ബൂൽ സൽമാൻ എന്നിവർക്കൊപ്പം.

പഠിക്കാൻ മിടുക്കനായിരുന്നിട്ടും വീട്ടിലെ സാഹചര്യങ്ങൾക്കൊണ്ട് ഏഴാം ക്ലാസിൽ വച്ച് പഠനം നിർത്തേണ്ടി വന്നു. ഇറച്ചി വിൽപനക്കാരനായ ഉപ്പയെ സഹായിക്കാൻ അന്നു മുതൽ പണിക്കിറങ്ങി.ജീവിതത്തിൽ എന്തെങ്കിലുമാകണമെന്ന് വല്ലാതെ കൊതിച്ചുതുടങ്ങിയപ്പോഴാണ് വാർഡ് അംഗം സാബിറ ഷറഫുദ്ദീൻ, സാക്ഷരതാ പ്രേരക് ടി.ഷീജയെ പരിചയപ്പെടുത്തുന്നത്. അങ്ങനെ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതാൻ തയാറെടുപ്പ് തുടങ്ങി. പൊന്നാനി എവി ഹൈസ്കൂളിൽ പൊതുഅവധി ദിവസങ്ങളിൽ ക്ലാസ് ആരംഭിച്ചു.

ആവേശത്തോടെ പഠനത്തിലേക്കു കടന്നു.ഒരു ദിവസം പോലും ക്ലാസ് മുടക്കിയില്ല. അനിയന്റെ വിവാഹ ദിവസം പോലും ക്ലാസിലെത്തി. എല്ലാ ദിവസവും മക്കൾക്കൊപ്പം വീട്ടിലിരുന്ന് പഠിക്കുന്നത് ശീലമാക്കി. ഭാര്യ സൗദയും കട്ടയ്ക്കു കൂടെനിന്നു. പ്ലസ്ടു പരീക്ഷ വരെ ഉയർന്ന മാർക്കോടെ വിജയിച്ചു. അങ്ങനെ നാൽപതാമത്തെ വയസ്സിൽ സുജീർ അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാർഥിയായി.

മമ്മുട്ടിയുടെ കടുത്ത ആരാധകനായ സുജീർ ഒരിക്കലെങ്കിലും മമ്മൂട്ടിയുടെ ഫോൺകോൾ തന്നെത്തേടിവരുമെന്ന പ്രതീക്ഷയിലാണ്. സ്വന്തം പേര് മമ്മൂട്ടിയെന്നാക്കാൻ ശ്രമിച്ചതാണ്.അത്രമേൽ ഇഷ്ടമാണ് മമ്മൂട്ടിയോട്. മാതാപിതാക്കൾ സമ്മതിച്ചില്ല.എന്നാൽ സ്വന്തം മക്കൾക്ക് മമ്മൂട്ടിയുടെ മക്കളുടെ പേരിട്ട് ആ സ്നേഹം ശാശ്വതമാണെന്ന് തെളിയിക്കുകയാണ് ഈ ആരാധകൻ.

 

ഫീച്ചര്‍ തയ്യാറാക്കിയത് : ഫഖ്റുദ്ധീൻ പന്താവൂർ