“മോഹൻലാൽ വില്ലൻ, നായകൻമാരായി പൃഥ്വിരാജും ഫഹദ് ഫാസിലും…” ‘അഞ്ചാം പാതിരാ’യുടെ സംവിധായകൻ മിഥുൻ മാനുവൽ തോമസ് പ്രതികരിക്കുന്നു !!

“ചെയ്യാൻ കൂടുതൽ താല്പര്യമുള്ള ജോണർ ത്രില്ലർ തന്നെയാണ്. പക്ഷേ ഡ്രീം പ്രൊജക്ട് ഇതല്ല, പൃഥ്വിരാജിനെയും ഫഹദ് ഫാസിലിനെയും കേന്ദ്രകഥാപാത്രമാക്കി ലാലേട്ടനെ വില്ലനാക്കി ഉള്ള സിനിമയാണ് ഡ്രീം പ്രൊജക്റ്റ്. എന്നാൽ കഥയുമായി അവരെയൊക്കെ സമീപിക്കാനുള്ള ഒരു ബാക്കപ്പ് സിഗ്നേച്ചർ മൂവി എനിക്കില്ലായിരുന്നു. ഇനി അവരുടെ അടുത്ത് പോകാം എന്ന് തോന്നുന്നു…….”. യുവസംവിധായകൻ മിഥുൻ മാനുവൽ തോമസ് ഒരു അഭിമുഖത്തിനിടെ പറഞ്ഞു എന്ന് പറഞ്ഞുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ആട്- ഒരു ഭീകര ജീവിയാണ്, അലമാര, ആൻമരിയ കലിപ്പിലാണ് തുടങ്ങിയ കോമഡി ചിത്രങ്ങൾ ഒരുക്കി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ മിഥുൻ മാനുവൽ തോമസ് തന്റെ സ്ഥിരം ജോണറിനെ വിട്ടുകൊണ്ട് ഒരുക്കിയ പുതിയ ചിത്രമാണ് ‘അഞ്ചാം പാതിരാ’. മികച്ച അഭിപ്രായം നേടിയ തീയേറ്ററുകളിൽ പ്രദർശനവിജയം തുടർന്ന ചിത്രം മലയാളത്തിലെ എണ്ണം പറഞ്ഞ ക്രൈം ത്രില്ലറുകളിൽ ഒന്നായി പ്രേക്ഷകർ തിരഞ്ഞെടുത്ത കഴിഞ്ഞു. ചിത്രം വലിയ വിജയമാവുകയും സംവിധായകനെക്കുറിച്ച് വലിയ രീതിയിലുള്ള പരാമർശങ്ങൾ ഉയർന്നു വരികയും ചെയ്ത സാഹചര്യത്തിലാണ് സംവിധായകൻ ഡ്രീം പ്രോജക്ടിനെക്കുറിച്ചുള്ള വാർത്തകൾ സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയത്. ‘താരരാജാവ് മോഹൻലാലിനെ വില്ലനാക്കി മിഥുൻ മാനുവൽ തോമസിന്റെ പുതിയ ചിത്രം….’ മോഹൻലാൽ ആരാധകർക്കും പ്രേക്ഷകർക്കും ആഘോഷമാക്കാൻ മറ്റെന്താണ് വേണ്ടത്.

എന്നാൽ തന്റെ ഡ്രീം പ്രൊജക്ട് എന്നപേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും ഇത്തരത്തിലുള്ള ഒരു സിനിമ താൻ ഒരുക്കാൻ പദ്ധതിയിട്ടിട്ടില്ല എന്ന് പ്രതികരിച്ചു കൊണ്ട് മിഥുൻ മാനുവൽ തോമസ് തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നു. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം അറിയിച്ചത്. ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: “Heavy combo of actors.. !! ഇവരുടെ മൂന്നാളുകളുടെ കൂടെ എന്റെ ഫോട്ടോ കാണുമ്പോൾ വല്ലാത്ത സന്തോഷം ഉണ്ട്.. !! പക്ഷേ, ഇങ്ങനെയൊന്ന് ഞാൻ പറഞ്ഞിട്ടില്ല.. !! കാരണം എന്റെ കയ്യിൽ അങ്ങനൊരു കഥ ഇല്ല.. !! പലരും ആവർത്തിച്ചാവർത്തിച്ചു അന്വേഷിക്കുന്നത് കൊണ്ട് ഇതൊരു ഔദ്യോഗിക പ്രതികരണമായി ദയവായി കണക്കാക്കുക.. !! “. മോഹൻലാലിന്റെ മറ്റൊരു മികച്ച ചിത്രം വരുന്നു എന്ന് പ്രതീക്ഷിച്ച പ്രേക്ഷകർക്ക് വലിയ നിരാശയാണ് സംഭവിച്ചിരിക്കുന്നത്.