പഴയകാല ഓര്‍മ്മകളുമായി തട്ടാശ്ശേരി കൂട്ടം, കട്ട വെയ്റ്റിംഗില്‍ ആരാധകര്‍! ജനപ്രിയ നായകന്റെ അനിയന്റെ തട്ടാശ്ശേരി കൂട്ടം ഫസ്റ്റ് ലുക്ക് പുറത്ത്

ജനപ്രിയ നായകന്‍ ദിലീപിന്റെ സഹോദരനാണ് അനൂപ്. അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. പഴയകാല ഓര്‍മ്മകളെ സൂചിപ്പിക്കുന്ന ഫസ്റ്റ് ലുക്കാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. തട്ടാശ്ശേരി കൂട്ടം ഹാസ്യത്തിന് മുന്‍തൂക്കം നല്‍കി ഒരുക്കുന്ന ചിത്രമെന്നാണ് സൂചന. ചിത്രത്തില്‍ അര്‍ജുന്‍ അശോകനാണ് നായകനായെത്തുന്നത്. മറ്റു താരനിരയെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടും.

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, ദി മെട്രോ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രശസ്ത രചയിതാവായ സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന്റെ തിരക്കഥ. ജിതിന്‍ സ്റ്റാന്‍സിലാവോസാണ് ഛായാഗ്രഹണം. ശരത് ചന്ദ്രനാണ് സംഗീതവും പശ്ചാത്തല സംഗീതവും. എഡിറ്റിംഗ് വി സാജന്‍.

അനുജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് അതിഥി വേഷത്തിലെങ്കിലും എത്തുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അധികം വൈകാതെ തന്നെ ചിത്രത്തിന്റെ ടീസര്‍, ട്രെയിലര്‍, ഗാനങ്ങള്‍, റിലീസ് ഡേ എന്നിവ പുറത്തുവിടുമെന്നാണ് സൂചന. ഇനി എത്ര നാള്‍ കൂടി ദിലീപ്-അനൂപ് ചിത്രത്തിനായി കാത്തിരിക്കണം എന്ന ആശങ്കയിലാണ് ആരാധകര്‍.