“ചെല്ലം പാടി നടക്കണ പുൽച്ചാടി…” താര രാജാവ് മോഹൻലാലിനൊപ്പം അഭിനയിച്ച ആ ബാലതാരം… “മണി” സിനിമയിലേക്ക് തിരിച്ചെത്തുന്നു നായകനായി തന്നെ…

“ചെല്ലം പാടി നടക്കണ പുൽച്ചാടി ഞാനും നിന്നെ പോലൊരു പുൽച്ചാടി….” ഈ ഗാനം കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ ആദ്യം തെളിയുന്ന ചിത്രം മണി എന്ന ആദിവാസി ബാലന്റെ മുഖമാണ്. താരരാജാവ് മോഹൻലാൽ ഇരട്ടവേഷത്തിൽ നായകനായി അഭിനയിച്ച ‘ഫോട്ടോഗ്രാഫർ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മണി അന്ന് എല്ലാ മലയാളികൾക്കും വളരെ പ്രിയപ്പെട്ടവനായി മാറി. ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം മണി കരസ്ഥമാക്കുകയും ചെയ്തു. അന്നാളുകളിൽ മിക്ക മാധ്യമങ്ങളും മണിയെക്കുറിച്ച് വാർത്തകൾ വലിയ പ്രോത്സാഹനം എന്ന വണ്ണം റിപ്പോർട്ട് ചെയ്തു, പിന്നീട് മറന്നു എല്ലാവരും മറന്നു, കഠിനമായ ജീവിത സാഹചര്യങ്ങൾക്ക് മുൻപിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ജീവിക്കാൻ വേണ്ടി മറ്റ് ജോലികൾ ചെയ്തു തുടങ്ങി, കർണാടകയിലേക്ക് കുടിയേറി ഇഞ്ചി കൃഷി ചെയ്തു, നന്നേ ചെറുപ്പത്തിൽ തന്നെ വിവാഹിതനായി മൂന്ന് കുട്ടികളുടെ പിതാവുമായി. ഭൂതകാലത്തിൽ സംഭവിച്ച ഒരു നല്ല സ്വപ്നം പോലെ സിനിമ മണിയുടെ ജീവിതത്തിൽ നിലകൊള്ളുന്ന ആ സമയത്താണ് മെഡിക്കൽ കോളേജ് ഡോക്ടർ
ഉണ്ണികൃഷ്ണൻ മണിയെ വീണ്ടും മലയാള സിനിമയിലേക്ക് ക്ഷണിക്കുന്നത്. മോഹൻലാൽ എന്ന ലോകോത്തര താരത്തിനൊപ്പം അഭിനയിച്ച ആ ബാലൻ 13 വർഷങ്ങൾക്ക് ശേഷം നായകനായി തന്നെ പുതിയ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. മണി ആദ്യം അല്പം വിസമ്മതിച്ചെങ്കിലും പിന്നീട് സിനിമയിൽ സഹകരിച്ചു. “ഉടലാഴം” എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2018ൽ പൂർത്തിയായി പിന്നീട് നിരവധി ചലച്ചിത്രമേളകളിൽ ചിത്രം പ്രദർശനത്തിനെത്തി.

മുംബൈ ഫിലിം ഫെസ്റ്റിവൽ (മാമി), ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (IFFK), ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ തുടങ്ങിയ ചലച്ചിത്രോത്സവങ്ങളിൽ പങ്കെടുത്ത ചിത്രം മികച്ച പ്രേക്ഷകപ്രീതിയും നിരൂപക ശ്രദ്ധയും പിടിച്ചുപറ്റി. ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്ക് ഡിസംബർ 6ന് റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയാണ്. ഗുളികൻ എന്ന ആദിവാസി ട്രാൻസ്ജെൻഡർ ചെറുപ്പക്കാരന്റെ കഥ പറയുന്ന ‘ഉടലാഴം’ മനുഷ്യവംശത്തിന്റെ സങ്കീർണമായ ജീവിതവ്യവസ്ഥകളെ പറ്റി പ്രതിപാദിക്കുന്നു. പുതിയ കാലഘട്ടത്തിലെ വെളിച്ചത്തിൽ ആദിവാസി സമൂഹത്തിന്റെ ജീവിതങ്ങൾ വായിക്കപ്പെടുന്ന ചിത്രത്തിൽ മണിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടള്ളതാണ്, ഉടൻ തന്നെ മലയാളികളുടെ സ്വീകരണമുറിയിലേക്ക് ‘ഉടലാഴം’ എത്തുമ്പോൾ മോഹൻലാലിനൊപ്പം അഭിനയിച്ച ആ ബാലനിൽ നിന്നും മണി എന്ന നായകനിലേയ്ക്ക് എത്ര ദൂരമുണ്ടെന്ന് പ്രേക്ഷകർക്ക് അളക്കാൻ സാധിക്കും. അതിന് അവർക്കുള്ള അവസരം തന്നെയാണ് ഈ ചിത്രം.