മൊഞ്ചുള്ള മുന്തിരിമൊഞ്ചന്‍

അശ്ലീലങ്ങളോ ധ്വയാര്‍ത്ഥ ഫലിതങ്ങളോ വയലന്‍സോ ഒന്നും തന്നെയില്ലാതെ കുടുംബത്തിന് ഒന്നിച്ചിരുന്ന് കാണാന്‍ കഴിയുന്ന ഒരു ക്ലീന്‍ ചിത്രമാണ് മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ. ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ വിജിത് നമ്പ്യാരാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഒരു റൊമാന്റിക് കോമഡി ചിത്രം എന്നതിലുപരി ചില സാമൂഹിക പ്രശ്‌നങ്ങളെ ഓര്‍മ്മപെടുത്തുക കൂടിയാണീ ചിത്രം. പ്രണയത്തിന്റെ ചില ശാസ്ത്രീയ വശങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം എത്തിച്ചേരുന്നത് വ്യത്യസ്തമായ ചില സംഭവങ്ങളിലേക്കാണ്. ആരെയും കുറ്റപ്പെടുത്താനോ അപകീര്‍ത്തി പെടുത്താനോ ശ്രമിക്കുന്നില്ലെങ്കിലും ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു ഫാമിലി എന്റെര്‍റ്റൈനെര്‍ കൂടിയാണ് മുന്തിരി മൊഞ്ചന്‍.

ചെറുതെങ്കിലും രസകരമായി ചിട്ടപ്പെടുത്തിയ തിരക്കഥ… പ്രേക്ഷകന്റെ ഊഹം തെറ്റിക്കുന്ന കഥാഗതി… കഥയ്‌ക്കൊപ്പം പ്രേക്ഷകരെ കൂടി കൂടെ കൂട്ടിക്കൊണ്ട് പോകുന്ന ഛായാഗ്രഹണം… സൗഹൃദവും പ്രണയവുമെല്ലാം ചേര്‍ന്ന രസകരമായ അവതരണം… നവാഗതരുടെ തൃപ്തികരമായ അഭിനയം… നിലവാരം പുലര്‍ത്തുന്ന ഗാനങ്ങള്‍… ഇതൊക്കെയാണ് മുന്തിരിമൊഞ്ചന്‍.

പ്രണയത്തിനപ്പുറം ആണും പെണ്ണും തമ്മിലുള്ള സൗഹൃദം കൂടിയാണീ ചിത്രം. പൊതുസമൂഹം വില്ലന്‍ പരിവേഷം ചാര്‍ത്തിക്കൊടുക്കുന്നവര്‍ ജീവിതത്തില്‍ പലപ്പോഴും നായകന്‍മാരായിരിക്കും എന്നു കൂടി ചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മുന്‍നിര താരങ്ങളോ ആഡംബരങ്ങളോ ഒന്നും തന്നെയില്ലാതെ ചിത്രം അവസാനിക്കുംവരെ പ്രേക്ഷകരെ പിടിച്ചിരുത്താനും കഴിയുന്നുണ്ട്. നവാഗതരായ മനേഷും ഗോപികയും കൈരാവിയും തൃപ്തികരമായ അഭിനയം കാഴ്ച്ചവെയ്ക്കുമ്പോള്‍ രസകരമായ ഭാഷാശൈലിയിലൂടെ സലിംകുമാറും പ്രേക്ഷകരെ കൈയ്യിലെടുക്കുന്നു. ഒപ്പം ഹാസ്യവുമായി കട്ടയ്ക്ക് എത്തുന്ന ഇര്‍ഷാദും നിയാസ് ബക്കറും ചിത്രത്തിന്റെ മുതല്‍ക്കൂട്ടാണ്.

ഒരു പരസ്യകമ്പനിയില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാരന്‍ (വിവേക്)…. അവിടെ വെച്ച് പരിചയപ്പെടുന്ന പെണ്‍കുട്ടി (ഇമ). ഈ പരിചയപ്പെടല്‍ പ്രണയമായി മാറുമെങ്കിലും ഇരുവര്‍ക്കുമിടയിലെ പ്രണയം അവര്‍ പ്രകടിപ്പിക്കുന്നില്ല. ജോലിസംബന്ധമായി വിവേകിന് മുംബൈയിലേയ്ക്ക് പോകേണ്ടിവരുന്നതും ട്രെയിനില്‍ വെച്ച് അവിചാരിതമായി മറ്റൊരു പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നതും ഈ കൂടിക്കാഴ്ച്ച അയാളുടെ ജീവിതം മാറ്റിമറിക്കുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും വഴിത്തിരിവുകളുമാണ് മുന്തിരിമൊഞ്ചന്‍ പ്രക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നത്.

മനേഷ് കൃഷ്ണയാണ് ചിത്രത്തിലെ നായകന്‍. ഫ്രൈഡെ, ടൂര്‍ണമെന്റ്, ഒരു മെക്‌സിക്കന്‍ അപാരത എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മനേഷ് കൃഷ്ണന്‍ നായകനാകുന്ന ചിത്രം കൂടിയാണിത്. ഗോപിക അനിലാണ് നായിക. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സലിംകുമാര്‍ രസകരമായ കഥാപാത്രവുമായി എത്തുന്ന ചിത്രം കൂടിയാണ് മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ. മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ എന്ന പേര് തീര്‍ത്തും വ്യത്യസ്ഥമാണ്. മലബാറിലെ ചില സ്ഥലങ്ങളില്‍ ഫ്രീക്ക് എന്ന് പറയുന്നതിന് പകരം ഉപയോഗിക്കുന്ന പേരാണ് മുന്തിരി മൊഞ്ചന്‍. ചിത്രത്തില്‍ തവള എന്ന് പറയുന്ന കഥാപാത്രം ചെയ്യുന്നത് സലിം കുമാറാണ്. ഒരു തവള ചിത്രത്തിന്റെ കഥ നറേറ്റ് ചെയ്യുന്നതാണ് സംഭവം. അതുകൊണ്ടാണ് ചിത്രത്തിന് മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥയെന്ന് പേരിട്ടിരിക്കുന്നത്.

സലിംകുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡ് നടി കൈരാവി തക്കറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ അശോകനാണ് നിര്‍മ്മാണം. സംവിധായകന്‍ വിജിത് നമ്പ്യാര്‍ തന്നെ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്. ഷാന്‍ ഹാഫ്സലിയാണ് ഛായാഗ്രഹണം. കൊച്ചി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളായിരുന്നു ചിത്രീകരണം.