ചതിയുടെയും വഞ്ചനയുടെയും നിസ്സഹായതയുടെയും ഭീതി പടർത്തി ചോല ചോല ; നിരൂപണം വായിക്കാം…

ചോലയില്‍ നിന്നും ചോരയിലേയ്ക്കുള്ള അകലം.. അതാണ് ചോല. കാടിന്റെ വന്യതയില്‍ നിന്നും നാഗരികതയിലേയ്ക്കും പിന്നീട് വന്യതയുടെ കൊടുമുടിയിലേയ്ക്കുള്ള മൂന്ന് പേരുടെ യാത്രയാണ് സനല്‍കുമാര്‍ ശശിധരന്റെ ചോല. വെറുപ്പ്, ഭയം, നിസ്സഹായത, കാമം എന്നിവ മനുഷ്യ മനസ്സിന്റെ വ്യാപാരങ്ങളില്‍ എത്രകണ്ട് മാറ്റം വരുത്തുന്നു എന്നതിന്റെയും അത് അവനെ എത്രത്തോളം അധ:പതിപ്പിക്കുന്നു എന്നതിന്റെയും നേര്‍കാഴ്ച്ച കൂടിയാണ് ചോല. അതിമനോഹരമായ കാഴ്ച്ചകളിലും ഭയമെന്ന വികാരത്തില്‍ കലുഷിതമാണ് ഇതിലെ കഥാപാത്രങ്ങള്‍. അതുതന്നെയാണ് ചോലയുടെ ഹൈലൈറ്റും.

സമകാലിക മലയാള സിനിമയെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തുന്നതില്‍ പ്രധാനിയായ സനല്‍കുമാറിന്റെ നാലാമത്തെ ഫീച്ചര്‍ ഫിലിമാണ് ചോല. ഒരു വാണിജ്യ സിനിമ എന്നതിനപ്പുറം കലാമൂല്യമുള്ള ചിത്രം എന്ന് ചോലയെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഒരു ചെറിയ കഥ വളരെ വേഗത്തില്‍ അവതരിപ്പിക്കപ്പെടുകയാണെങ്കിലും രാജ്യത്ത് നടക്കുന്ന പ്രസക്തമായ ചൂഷണത്തിന്റെ കഥ ഇതിലും മനോഹരമായി അവതരിപ്പിക്കാനില്ലെന്ന് നിസ്സംശയം പറയാം. വേറിട്ടതാണെങ്കിലും സാധാരണക്കാര്‍ക്ക് അത്രപെട്ടെന്ന് മനസ്സിലാവുന്നതല്ല സന്‍കുമാറിന്റെ ചോല.

ഒരു മലയോര ഗ്രാമത്തിലെ ജാനു എന്ന പെണ്‍കുട്ടി തന്റെ കാമുകനൊപ്പം ഒരു ദിവസം ചെലവഴിക്കാന്‍ പട്ടണത്തിലേയ്ക്ക് യാത്ര ചെയ്യുന്നിടത്താണ് കഥയുടെ തുടക്കം. എന്നാല്‍ അവര്‍ക്കൊപ്പം വന്നൊരു അപരിചതനും ഈ യാത്രയിലൂടെ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന നിസ്സഹായ സാഹചര്യങ്ങളിലൂടെയും മറ്റുമാണ് ചിത്രം സഞ്ചരിക്കുന്നത്. ജീവിതത്തില്‍ ആദ്യമായി ഒറ്റയ്ക്ക് അഭിമുഖീകരിക്കുന്ന ദുരവസ്ഥയെ എങ്ങനെ നേരിടുമെന്നും ചിത്രം പരിചയപ്പെടുത്തുന്നു.

രക്ഷിതാക്കളുടെ രക്ഷാവലയത്ത് നിന്നും മാറുമ്പോള്‍ ലോക പരിചയമില്ലാത്ത, സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തിയില്ലാത്ത നിസ്സഹായവസ്ഥയിലാകുന്ന പെണ്‍കുട്ടികള്‍ക്കുണ്ടാകുന്ന ദുരവസ്ഥയും ചിത്രം വരച്ചുകാട്ടുന്നു. മൂന്ന് പേരിലൂടെയാണ് ചോലയുടെ സഞ്ചാരം. ജാനു, കാമുകന്‍, ആശാന്‍. ഇവര്‍ മൂവരുടെയും അഭിനയ മത്സരവും നമ്മുക്കീ ചിത്രത്തില്‍ കാണാം. ഒരു നാട്ടിന്‍പുറത്തെ പെണ്‍കുട്ടിയുടെ മനോവ്യാപാരങ്ങളെയും ഭയത്തെയും ഗംഭീരമായാണ് ശരീര ഭാഷയിലൂടെ നിമിഷ അവതരിപ്പിച്ചിരിക്കുന്നത്. വില്ലനായി ജോജുവും തന്റെ റോള്‍ മികവുറ്റതാക്കിയപ്പോള്‍ പുതുമുഖ നായകനായെത്തിയ അഖിലും ഒട്ടും പിന്നിലല്ല. ബലാല്‍ക്കാരമായി ഭയപ്പെടുത്തിയും മറ്റും സ്ത്രീക്ക് മേല്‍ അധികാരം സ്ഥാപിച്ചെടുക്കാന്‍ മത്സരിക്കുന്ന വേട്ട മൃഗങ്ങളാണ് പുരുഷനനെന്ന കാഴ്ച്ചപ്പാടിനെ വിമര്‍ശനാത്മകമായി ചോദ്യം ചെയ്യാന്‍ പറ്റുന്ന സൃഷ്ണിയാണോ ചോല എന്ന് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്.

വളരെ ചെറിയ പ്രമേയം രണ്ട് മണിക്കൂറില്‍ ബോറടിപ്പിക്കാതെ കാണിക്കാന്‍ സംവിധായകനായി എന്നതാണ് സനല്‍ കുമാര്‍ ശശിധരന്റെ വിജയവും. അജിത് ആചാര്യയുടെ ഛായാഗ്രഹണവും കെര്‍മിസിനോവ് എന്ന റഷ്യന്‍ സംഗീതജ്ഞന്റെ പിടിച്ചിരുത്തുന്ന സംഗീതവും ചോലയുടെ കാഴ്ച്ച അതിശക്തമാക്കുന്നു. മാറിവരുന്ന ജീവിത സാഹചര്യങ്ങള്‍ നിന്നും ഉയര്‍ന്നുവരുന്ന വികാരങ്ങളുടെ സങ്കീര്‍ണതകളിലൂടെ ചിത്രം അവസാനിക്കുമ്പോള്‍ തിയേറ്റര്‍ വിടുന്നവരുടെ മനസ്സില്‍ നിന്നും ചോല അത്രപെട്ടെന്ന് ഒഴിഞ്ഞു പോകില്ല. ഭയത്തിന്റെയും ചൂഷണത്തിന്റെയും മാത്രം കഥയല്ല ചോല, മുന്നറിയിപ്പ് കൂടിയാണീ ചിത്രം.