“ലോക സിനിമയ്ക്ക് മലയാള സിനിമ നൽകിയ ഇതിഹാസ സംഭാവന” ; 68ന്റെ നിറവിൽ മെഗാസ്റ്റാർ മമ്മൂട്ടി ! #HappyBirthdayMammookka #SpecialFeature

മലയാള സിനിമയ്ക്ക് ലോക സിനിമയ്ക്ക് മുമ്പിൽ ‘ഞങ്ങൾക്കുമുണ്ട് ഏവരോടും അഭിമാനത്തോടെ വിളിച്ചു പറയാൻ ഒരു മഹാനടൻ’ എന്നുപറഞ്ഞ് സധൈര്യം കാണിച്ചുകൊടുക്കാവുന്ന ഇതിഹാസം മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 68 വയസ് തികയുകയാണ്. ‘മലയാളത്തിന്റെ നിത്യ യൗവനം’, ‘മലയാളി പൗരുഷതത്തിന്റെ പ്രതീകം’ ഇന്ന് 68ന്റെ നിറവിൽ നിൽക്കുകയാണ്. മമ്മൂട്ടിയുടെ വ്യക്തി ജീവിതത്തിന്റെ നാൾവഴികൾ പറയുമ്പോൾ.. 1951 സെപ്റ്റംബർ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് മമ്മൂട്ടി ജനിക്കുന്നത്. ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു പിന്നീട് മമ്മൂട്ടി വളർന്നത്. മമ്മൂട്ടിയുടെ ബാപ്പ ഇസ്മയിലും, ഉമ്മ ഫാത്തിമയുമാണ്. ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. പ്രശസ്ത ചലച്ചിത്ര-സീരിയൽ നടൻ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരിലായിരുന്നു (ഉമ്മയുടെ നാട്) സ്കൂൾ വിദ്യാഭ്യാസം. പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളിൽ സജീവമായിരുന്നു മമ്മൂട്ടി. കൊച്ചിയിലെ മഹാരാജാസ് കോളേജിൽ നിന്നാണ് മമ്മൂട്ടി ബിരുദം നേടിയത്. തുടർന്ന് എറണാകുളത്തുള്ള ഗവൺമെന്റ് ലോകോളേജിൽ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയിൽ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980ൽ ആയിരുന്നു മമ്മൂട്ടിയുടെ നിക്കാഹ്. മമ്മൂട്ടിയുടെ ഭാര്യയുടെ പേര് സുൽഫത്ത്. മമ്മൂട്ടി – സുൽഫത്ത് ദമ്പതികൾക്ക് രണ്ട് മക്കൾ. മകൾ സുറുമി, മകൻ പ്രശസ്ത യുവനടൻ ദുൽഖർ സൽമാൻ.

സിനിമാ ജീവിതത്തിന്റെ നാൾവഴികൾ..

1971 ഓഗസ്റ്റ് 6നാണ് മമ്മൂട്ടി സിനിമാഭിനയ ജീവിതത്തിലെ തന്റെ ആദ്യ കഥാപാത്രം അവതരിപ്പിക്കുന്നത്. ചിത്രം : അനുഭവങ്ങൾ പാളിച്ചകൾ. ഒരു പേരില്ലാ കഥാപാത്രം അന്ന് മമ്മൂട്ടി അവതരിപ്പിക്കുമ്പോൾ വെറുമൊരു ജൂനിയർ ആർടിസ്റ്റ് എന്ന ലാഘവം മാത്രമേ ആ കഥാപാത്രം നല്കിയവർക്കും കണ്ടു നിൽക്കുന്നവർക്കും തോന്നിക്കാണൂ. എന്നാൽ പിന്നീട് കാലം കാത്തുവച്ചത് പി.ഐ. മുഹമ്മദ് കുട്ടിയിൽ നിന്നും തലമുറകൾ വാഴ്ത്തിപ്പാടുന്ന മെഗാസ്റ്റാർ മമ്മൂട്ടി എന്ന നായകനിലേക്ക് ഉള്ള ജൈത്രയാത്രയായിരുന്നു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം 1971ൽ ആയിരുന്നെങ്കിലും 1973ൽ കാലചക്രം എന്ന സിനിമയിൽ ഒരു വഞ്ചിക്കാരൻ ആയി വന്നാണ് മമ്മൂട്ടി ആദ്യമായി ഒരു സിനിമയിൽ സംഭാഷണം പറയുന്നത്. മലയാളസിനിമയുടെ മുഖ്യധാരയിലെ നിറസാന്നിധ്യമായി അദ്ദേഹം മാറിയത് 80കളുടെ തുടക്കത്തിലാണ്. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ (1980) എന്ന എം.ടി. വാസുദേവൻ നായർ ചിത്രം അതിനു വഴിയൊരുക്കി. പിന്നീട് അന്നത്തെ സിനിമാ ശൈലിയോട് ചേർന്നു നിന്ന് അനവധി ഹിറ്റുകൾ ഉണ്ടാക്കാൻ സാധിച്ചുവെങ്കിലും മമ്മൂട്ടി എന്ന നടന് വേറിട്ട, അല്ലെങ്കിൽ അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ ലഭിച്ചു തുടങ്ങിയത് 1982ൽ പുറത്തിറങ്ങിയ യവനിക എന്ന കെ.ജി. ജോർജ്ജ് ചിത്രത്തിലൂടെയാണ്. ഒരു പോലീസ് ഉദ്യോഗസ്ഥനായി മികവുറ്റ പ്രകടനമാണ് മമ്മൂട്ടി യവനികയിൽ കാഴ്ചവച്ചത്.

മമ്മൂട്ടിയുടെ കഥാപാത്രങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാൽ ആദ്യകാലങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന പരിമിതികളും, അവയെയെല്ലാം അത്ഭുതകരമായി അതിജീവിക്കുന്ന ആർജ്ജവത്തെയും വ്യക്തമായും കാണാം. തുടക്കകാലത്ത് ഡയലോഗ് പറയുമ്പോൾ അതിനൊപ്പിച്ച് കൈകൾ ചലിപ്പിക്കുന്ന ഒരു രീതി അദ്ദേഹത്തിന് ഉണ്ടായിരുന്നു. വളരെ പരുക്കനും ആദർശശാലിയും, പൗരുഷമുള്ളതുമായ കഥാപാത്രങ്ങളുടെ ചട്ടക്കൂട്ടിൽ ഒതുങ്ങിപ്പോയിരുന്നു അദ്ദേഹം. അത്തരമൊരു സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ രക്ഷയ്ക്കെത്തിയത് പത്മരാജൻ എന്ന എഴുത്തുകാരനായ സംവിധായകനാണ്. മമ്മുക്കായുടെ അഭിനയശൈലിയെ സമർത്ഥമായി ഉപയോഗപ്പെടുത്തിയ കൂടെവിടെ എന്ന ചിത്രത്തിൽ ആരംഭിച്ച്, കാണാമറയത്ത്, കരിയിലക്കാറ്റുപോലെ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, തിങ്കളാഴ്ച നല്ല ദിവസം തുടങ്ങി ഒരുപിടി വ്യത്യസ്ത ചിത്രങ്ങൾ സമ്മാനിക്കാൻ പത്മരാജന് കഴിഞ്ഞു. ഈ കാലയളവിൽ മമ്മൂക്കയെ ശക്തമായി പിന്തുണച്ച മറ്റൊരു സംവിധായകനാണ് ശ്രീ ജോഷി. കാമ്പുള്ള കഥാപാത്രങ്ങൾക്ക് ഒപ്പം തന്നെ വമ്പൻ വിജയങ്ങളും സമ്മാനിക്കാൻ ജോഷിക്ക് സാധിച്ചു. നിറക്കൂട്ടും ശ്യാമയുമൊക്കെ അക്കാലത്തെ വമ്പൻ വിജയങ്ങൾ കൈവരിച്ച ചിത്രങ്ങളായിരുന്നു.

പ്രണാമം, കാതോട് കാതോരം, അമരം, പാഥേയം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ ഇതിഹാസ സംവിധായകൻ ഭരതനും മമ്മൂട്ടി എന്ന നടനെ അളക്കുന്ന വേഷങ്ങൾ അദ്ദേഹത്തിന് നൽകി. ഇതിൽ അമരം എന്ന വലിയ വിജയമായ സിനിമയിൽ മറ്റൊരു നടനും ചെയ്തു ഫലിപ്പിക്കാനാവാത്ത അത്ര പെർഫെക്ഷനിലാണ് സുന്ദരനായ മമ്മൂട്ടി മുക്കുവനായ അച്ചൂട്ടിയെ അവതരിപ്പിച്ചത്. ചെമ്മീന്റെ 25 വർഷം ആഘോഷിക്കുന്ന വേളയിൽ റിലീസ് ചെയ്ത അമരം ഒരു ചരിത്രം ആയി മാറുകയായിരുന്നു.

ഒരു നടൻ എന്ന നിലയിലും താരം എന്ന നിലയിലും ആദ്യ കാലങ്ങളിൽ മമ്മൂക്കയുടെ വളർച്ചയുടെ നട്ടെല്ലായി മാറിയത് സത്യത്തിൽ ഈ കാലഘട്ടത്തിലെ ഐ.വി ശശി ചിത്രങ്ങളായിരുന്നു. കാണാമറയത്ത്, ആൾക്കൂട്ടത്തിൽ തനിയെ, വാർത്ത, അനുബന്ധം, ആവനാഴി, അതിരാത്രം തുടങ്ങിയ ചിത്രങ്ങളൊക്കെ വമ്പൻ വിജയങ്ങളും മികച്ച കഥാപാത്രങ്ങളും സമ്മാനിച്ചവയും ആയിരുന്നു.

ഈ കാലഘട്ടത്തിൽ മമ്മൂക്ക ചെയ്ത ഏറ്റവും മികച്ച കഥാപാത്രം ഒരുപക്ഷേ, ഭദ്രൻ സംവിധാനം ചെയ്ത പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന സിനിമയിലെ സംശയരോഗിയായ ഭാര്യയുടെ മുന്നിലെ നിസ്സഹായരായ ഭർത്താവിന്റേതാണ്. ശ്രീവിദ്യ തകർത്തഭിനയിച്ച ചിത്രത്തിൽ അവർക്കൊപ്പമോ ഒരുപക്ഷേ അവരേക്കാൾ ഒരുപടി മുകളിലോ പെർഫോം ചെയ്തു മമ്മുക്ക. ഇന്നും പ്രാധാന്യം നശിച്ചു പോകാത്ത ഒരു വിഷയത്തെ അങ്ങേയറ്റം കൈയ്യടക്കത്തോടെ 1986ൽ ഭദ്രൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചു. മമ്മൂക്കയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് ബാലുമഹേന്ദ്ര സംവിധാനം ചെയ്ത യാത്ര എന്ന ചിത്രത്തിലെ ഉണ്ണികൃഷ്ണൻ എന്ന ഫോറസ്റ്റ് ഓഫീസർ. തന്റെ കരിയറിൽ അപൂർവമായി മാത്രം അവതരിപ്പിച്ചിട്ടുള്ള കാമുക വേഷങ്ങളിൽ ഏറ്റവും മികച്ചത് യാത്രയിലെ ഉണ്ണിയാണ്.

മമ്മൂട്ടി എന്ന നടന്റെ കരിയറിലെ സുവർണ്ണ കാലഘട്ടം ആരംഭിക്കുന്നത് 1987 മുതലാണ് എന്നു പറയാം. ന്യൂഡൽഹി, തനിയാവർത്തനം, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, അനന്തരം തുടങ്ങിയ ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ കടന്നുപോയ വർഷമായിരുന്നു 87. ഇവിടം മുതലാണ് ഒരു നടൻ എന്ന നിലയിൽ താൻ അനുവർത്തിച്ചു പോരുന്ന ശൈലിയെ ഉടച്ചു വാർക്കാൻ മമ്മുക്ക ശ്രമിച്ചു തുടങ്ങുന്നത്. തനിയാവർത്തനത്തിലെ ബാലൻ മാഷ് എന്ന കഥാപാത്രത്തിൽ, ശൈലി മാറ്റിപ്പിടിച്ച്തുടങ്ങിയ മമ്മൂക്കയെ കാണാം.

ഒരു സിബിഐ ഡയറിക്കുറിപ്പ്, സംഘം, ഓഗസ്റ്റ് 1, 1921, തന്ത്രം, മുക്തി തുടങ്ങിയവയായിരുന്നു അടുത്ത വർഷത്തെ ശ്രദ്ധേയ ചിത്രങ്ങൾ.ഇതിൽ തന്ത്രവും മുക്തിയും വലിയ വിജയ ചിത്രങ്ങൾ ആയില്ല എങ്കിൽ പോലും തീർത്തും വ്യത്യസ്തങ്ങളായിരുന്നു ഈ രണ്ടു കഥാപാത്രങ്ങളും. മമ്മൂക്കയുടെ ആദ്യത്തെ ശ്രദ്ധേയമായ അച്ചായൻ കഥാപാത്രമായിരുന്നു സംഘത്തിലെ കുട്ടപ്പായി. അതിനടുത്ത വർഷം, അതായത് 1989 ൽ പുറത്തുവന്ന ശ്രദ്ധേയമായ മമ്മൂട്ടി ചിത്രങ്ങളാണ് ഒരു വടക്കൻ വീരഗാഥ, ഉത്തരം, അർത്ഥം അഥർവം, നായർസാബ്, മഹായാനം, മൃഗയ തുടങ്ങിയവ.

തുടർന്നുള്ള വർഷങ്ങളിൽ കടന്നു വന്ന ചിത്രങ്ങളായ പുറപ്പാട്, കോട്ടയം കുഞ്ഞച്ചൻ, മതിലുകൾ, മിഥ്യ, കളിക്കളം, അയ്യർ ദ ഗ്രേറ്റ്, നയം വ്യക്തമാക്കുന്നു, കൗരവർ, അമരം, സൂര്യമാനസം, ജോണിവാക്കർ, ധ്രുവം, ആയിരപ്പറ, വാത്സല്യം, പാഥേയം, വിധേയൻ, പൊന്തൻമാട, സുകൃതം, മഴയെത്തും മുമ്പേ തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധിച്ചാൽ ഈ നടനിൽ അതിവേഗം സംഭവിച്ച ട്രാൻസിഷൻ വ്യക്തമാകും. 1988 മുതൽ 1994 വരെ ഉള്ള ഈ കാലഘട്ടത്തിൽ, അതുവരെയുള്ള ശൈലിയെ അപ്പാടെ ഉടച്ചുവാർക്കുകയായിരുന്നു മമ്മൂട്ടി.

ഒരേസമയം തിയേറ്ററിലെത്തിയ വിധേയനിലും പൊന്തൻമാടയിലും അഭിനയത്തിന്റെ രണ്ടറ്റത്ത് നിൽക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഫലിപ്പിച്ചപ്പോൾ രാജ്യം അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് നൽകി ആദരിച്ചു. വിധേയനിൽ അദ്ദേഹം ജന്മിയായി മാറിയപ്പോൾ, പൊന്തൻമാടയിൽ മാട എന്ന അടിയാൻ ആയിട്ടാണ് അഭിനയിച്ചത്.വിധേയനിലെ കന്നട കലർന്ന മലയാളം ഏറ്റവും സ്വാഭാവികമായി അവതരിപ്പിക്കപ്പെട്ടപ്പോൾ മാടയിൽ തോളൊക്കെ അൽപം കൂനി, അടിയാന്മാരുടെ എല്ലാ സവിശേഷതകളും ആവാഹിച്ച കഥാപാത്രമായി മാറുകയായിരുന്നു അദ്ദേഹം. കേവലമൊരു ഫാൻസി ഡ്രസ്സ് ആയി മാറാതെ കാമ്പുള്ള കഥാപാത്രമായി വാറുണ്ണിയെ മാറ്റിയെടുക്കാൻ കഴിഞ്ഞത് മമ്മൂക്കയുടെ അഭിനയ ചാതുരി കൊണ്ടു മാത്രമാണ്. ഭീമൻ രഘുവിന്റെ കഥാപാത്രത്തിന് പേയ് പിടിക്കുമ്പോഴും, ഒടുവിൽ തന്റെ സന്തത സഹചാരിയായ നായയെ വെടിവെച്ചു കൊല്ലേണ്ടി വരുമ്പോഴും ഒക്കെ ഉള്ള എക്സ്പ്രഷൻസ് അതിഗംഭീരമായിരുന്നു. ഒരു രാഷ്ട്രീയക്കാരന്റെ ജീവിതത്തോടുള്ള യാഥാർത്ഥ്യ പൂർണമായ നേർക്കാഴ്ചയായിരുന്നു നയം വ്യക്തമാക്കുന്നു എന്ന ബാലചന്ദ്ര മേനോൻ ചിത്രത്തിലെ കഥാപാത്രം.

അന്നോളം ചെയ്തവയിൽ ഏറ്റവും സ്റ്റൈലിഷായ മമ്മൂക്കയെ കാണാൻ സാധിച്ചത് ജോണിവാക്കറിലും കളിക്കളത്തിലും ആണ്. മമ്മൂട്ടി എന്ന നടന്റെ ഏറ്റവും വലിയ പരിമിതിയായ, നൃത്തം ചെയ്യുക എന്ന വെല്ലുവിളിയെ ഏറ്റവും സമർത്ഥമായി ഉപയോഗിച്ചത് ജോണിവാക്കറിലാണ്. മമ്മൂക്ക എന്ന ഡാൻസറുടെ പരിമിതി അറിഞ്ഞുകൊണ്ട് ചിട്ടപ്പെടുത്തിയ ഗാനത്തിന് നന്ദി പറയേണ്ടത് പ്രഭുദേവ എന്ന നൃത്ത സംവിധായകനോടാണ്. അതുകൊണ്ടാണ് ശാന്തമീ രാത്രിയിൽ എന്ന ഗാനം ഇന്നും ഓർമിക്കപ്പെടുന്നത്.

Photo credits : nana film weekly

എം.ടി. വാസുദേവൻ നായരുടെ സുകൃതത്തിലെ രവി എന്ന കഥാപാത്രവും മമ്മൂട്ടി എന്ന നടന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. വിട്ടുപോയ ജീവിതം തിരികെ പിടിക്കുമ്പോൾ ഉള്ള ആത്മവിശ്വാസവും, അതിന് ശേഷം എല്ലാം നഷ്ടപ്പെട്ടവനായി മാറുമ്പോഴുള്ള നിസ്സഹായതയും ഒക്കെ അതുവരെ കാണാത്ത ശൈലിയിൽ അദ്ദേഹം അവതരിപ്പിച്ചു അതിശയിപ്പിച്ചു.

ലോഹിതദാസ് എന്ന എഴുത്തുക്കാരൻ മമ്മൂട്ടി എന്ന നടന് ഏറ്റവും മികച്ച കഥാപാത്രങ്ങളെ നൽകി അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ നിർണ്ണായക സ്വാധീനമായി മാറി. തനിയാവർത്തനം എന്ന ലോഹിയുടെ ആദ്യ ചിത്രം തന്നെ അതുവരെ നാം കാണാത്ത മമ്മൂട്ടിയിലെ നടനെ നമുക്ക് കാണിച്ചുതന്നു. കുടുംബ സാമൂഹിക അന്ധവിശ്വാസ സാഹചര്യങ്ങൾക്കൊണ്ട് ഭ്രാന്തൻ ആകേണ്ടി വരുന്ന ബാലൻ മാഷ് എന്ന കഥാപാത്രത്തെ മമ്മൂട്ടി ജീവിച്ചു കാണിച്ചു അനശ്വരമാക്കി. അതിന് ശേഷം കുടുംബപ്രേക്ഷകർ എന്നും അവരുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രമായി കാണുന്ന വാത്സല്യവും, ആക്ഷൻ മൂവി കൗരവരും, മുക്കുവന്റെ ജീവിതം പറഞ്ഞ അമരവും, പുലി വേട്ടക്കാരൻ ആയ മൃഗയയും, നത്ത് എന്ന രസകരമായ കഥാപാത്രമായി എത്തിയ കനൽക്കാറ്റും, കോഴി സ്വഭാവമുള്ള കഥാപാത്രമായെത്തിയ കുട്ടേട്ടനും എല്ലാം ലോഹി മമ്മൂട്ടിക്കായി എഴുതിയ സിനിമകളായിരുന്നു. ഉദ്യാനപാലകനിലും, ഭൂതക്കണ്ണാടിയിലും തീർത്തും വേറിട്ട ഒരു മമ്മൂട്ടിയെയാണ് പ്രേക്ഷകന് കാണാൻ സാധിച്ചത്. സൗമ്യനും നിസ്സഹായനുമായ ഒരു റിട്ടയേർഡ് പട്ടാളക്കാരൻ ആയിട്ടാണ് അദ്ദേഹം ഉദ്യാനപാലകനിൽ അഭിനയിച്ചത്. ഭൂതക്കണ്ണാടി എന്ന ചിത്രത്തിലെ അദ്ദേഹത്തിൻറെ പ്രകടനത്തെ ഔട്ട്സ്റ്റാൻഡിങ്ങ് എന്നേ പറയാനുള്ളൂ. തൻറെ അഭിനയ സങ്കേതത്തിൽ നിന്നും തീർത്തും വ്യത്യസ്ത ശൈലിയിലുള്ള കഥാപാത്രമായിരുന്നു ഭൂതക്കണ്ണാടിയിലെ വിദ്യാധരൻ. വിദ്യാധരന് എല്ലാത്തിനോടും പേടിയാണ്. തന്റെ മുന്നിലൊരു ഭീഷണിയായി തോക്കുമേന്തി വരുന്ന വില്ലന്റെ തോക്ക് തട്ടി മാറ്റുന്നതിൽ പോലും അയാളുടെ ഭയം കാണാം. തുടർന്നു വന്ന കുറച്ചു വർഷങ്ങളിൽ മികച്ച കഥാപാത്രങ്ങൾ അധികമൊന്നും അദ്ദേഹത്തെ തേടിയെത്തിയില്ല. ഇടയ്ക്ക് വന്ന അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലെ രവി എന്ന കഥാപാത്രം മികച്ചതെന്ന് പറയാൻ കഴിയുന്നതാണ്.

മമ്മൂട്ടി എന്ന നടൻ വീണ്ടും ഊർജ്ജം കൈവരിക്കുന്നത് 2002ന് ശേഷമാണ്. ഡാനി എന്ന കഥാപാത്രത്തെ വിജയകരമായി അവതരിപ്പിച്ച ശേഷം തുടർന്നുള്ള വർഷങ്ങളിൽ കാഴ്ചയിലെ മാധവനായും, രാപ്പകലിലെ കൃഷ്ണനായും, പോത്ത് കച്ചവടക്കാരൻ രാജമാണിക്യമായും, കേരളത്തിൽ കുടിയേറിയ തമിഴനായ, കറുത്ത പക്ഷികളിലെ മുരുകനായും, പളുങ്കിലെ ഇടുക്കിക്കാരൻ മോനിച്ചനായും, കയ്യൊപ്പിലെ ബാലചന്ദ്രൻ ആയും, Big B ആയും, കഥ പറയുമ്പോളിലെ അശോക് രാജായും, ഒരേ കടലിലെ ഡോക്ടർ നാഥനായും, മൈക്ക് ഫീലിപ്പോസ് ആയും, പഴശ്ശിരാജയായും, മുരിക്കിൻ കുന്നത്ത് അഹമ്മദ് ഹാജിയായും, പ്രാഞ്ചിയേട്ടനായും, ശരീരഭാഷയിലും ശബ്ദ നിയന്ത്രണത്തിലും ഉൾപ്പെടെ ശ്രദ്ധിച്ച് കാലത്തിൻറെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിച്ച് അവിസ്മരണീയമായ അനവധി കഥാപാത്രങ്ങൾ നൽകിയ മമ്മുക്കയെ കാണാം. രാജമാണിക്യത്തിലൊക്കെ, ചിത്രത്തിലുടനീളം consistent ആയി തിരുവനന്തപുരം സ്ലാങ്ങ് നിലനിർത്തിയത് എടുത്ത പറയേണ്ടുന്ന കാര്യമാണ്.

കറുത്ത പക്ഷികളിലെ മുരുകന്റെ ശരീരഭാഷയ്ക്കും ഉണ്ട് ഏറെ സവിശേഷത. അയാളുടെ നോട്ടവും സംസാരവും ഒക്കെ തീർത്തും വേറിട്ട രീതിയിലാണ്. രാപ്പകലിലെ കൃഷ്ണനോട് കുടുംബ ഫോട്ടോ എടുക്കുന്നിടത്തു നിന്ന് എഴുന്നേറ്റ് പോകാൻ പറയുമ്പോൾ, മുണ്ടിലെ പൊടിയും തട്ടി നിസ്സംഗനായി നടന്നുമറയുന്ന കൃഷ്ണൻ, മമ്മൂക്കയുടെ അനായാസ അഭിനയ ശൈലിയുടെ വലിയൊരു ഉദാഹരണമാണ്. ഈ ചിത്രത്തിലെ തന്നെ മറ്റൊരു രംഗത്തിൽ തലയിൽ ചുമന്നു കൊണ്ടു വരുന്ന ചാക്കിൽ പഞ്ഞിക്കെട്ട് ആയിരുന്നു എന്ന് ഈ നടനോടുള്ള ബഹുമാനം അറിയാതെ കൂടിപ്പോയി. തലയിലിരിക്കുന്ന ഭാരമൊക്കെ കൃത്യമായി ബാലൻസ് ചെയ്തുള്ള ആ നടത്തത്തിന്റെ സ്വാഭാവികത അത്ര എളുപ്പത്തിലൊന്നും ചെയ്തു ഫലിപ്പിക്കാൻ പറ്റുന്ന ഒന്നല്ല.

ഈ അനായാസത, ലൗഡ്സ്പീക്കർ എന്ന ചിത്രത്തിൻറെ ക്ലൈമാക്സിൽ മൈക്ക് ഫീലിപ്പോസ് തടിക്കഷണം താങ്ങി കൊണ്ടു വരുന്ന സീനിലും വേറിട്ടൊരു തരത്തിൽ കാണാം.അഭിനയത്തിലെ ഒരു കൂടുവിട്ടു കൂടുമാറൽ പോലെ വ്യത്യസ്തമായിരുന്നു മൈക്ക് ഫിലിപ്പോസ്. അതേ വർഷം തന്നെ പുറത്തിറങ്ങിയ പാലേരിമാണിക്യത്തിലെ മുരുക്കിൻ കുന്നത്ത് അഹമ്മദ് ഹാജി എന്ന കഥാപാത്രം മമ്മൂട്ടിയിലെ versatile നടനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്.

2010-ന് ശേഷം മികച്ച കഥാപാത്രങ്ങളുടെ ഒരു ദാരിദ്ര്യം വീണ്ടും കുറച്ചൊക്കെ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.ആ വർഷം പുറത്തുവന്ന കുട്ടിസ്രാങ്കിനും ബെസ്റ്റ് ആക്ടറിനും ശേഷം പിന്നെ ഒരു വെല്ലുവിളിയുയർത്തുന്ന കഥാപാത്രം ലഭിച്ചത് മുന്നറിയിപ്പിലെ രാഘവനിലൂടെയാണ്. അതിനുശേഷം ഒരു പള്ളിക്കൽ നാരായണനെ ലഭിച്ചു. ഇപ്പോൾ 2019 എത്തിനിൽക്കുമ്പോൾ തമിഴ് സിനിമയിൽ പേരൻബ് എന്ന ചിത്രത്തിലൂടെ സാന്നിധ്യം അറിയിച്ച മമ്മൂട്ടി വിസ്മയിപ്പിക്കുന്ന സ്വാഭാവിക അഭിനയം കാഴ്ചവച്ചു. തെലുങ്കിൽ രാഷ്ട്രീയ നേതാവ് വൈ.എസ്.ആർ ആയി പകർന്നാട്ടം നടത്താനും മമ്മൂട്ടിക്ക് 2019ൽ കഴിഞ്ഞു അതോടൊപ്പം മലയാളത്തിൽ അദ്ദേഹത്തിന് ഈ വർഷം കിട്ടിയ മികച്ച കഥാപാത്രം ഉണ്ട എന്ന ചിത്രത്തിലെ എസ്.ഐ. മണികണ്ഠൻ എന്ന വേഷമാണ്. തീർത്തും സാധാരക്കാരന്റെ തന്മയത്വത്തോടെ മമ്മൂട്ടി ആ കഥാപാത്രം കൈകാര്യം ചെയ്തു പ്രേക്ഷകർക്ക് തന്റെ അഭിനയ പാടവം കാണിച്ചുകൊടുത്തു.

അനശ്വര ഗാനങ്ങൾ അധികമൊന്നും ഇല്ലാതെ, വലിയൊരു റൊമാൻറിക് ഹീറോ ആവാതെ, അതിഭീകരമായ ആക്ഷൻ രംഗങ്ങൾ സമ്മാനിക്കാതെ, നൃത്തം ചെയ്യാതെ നാൽപ്പതോളം വർഷങ്ങൾ പ്രേക്ഷകനെ വിസ്മയിപ്പിക്കാൻ ഈ മനുഷ്യന് സാധിച്ചുവെങ്കിൽ, അയാൾ വെറുമൊരു ഒരു നടനല്ല. അദ്ദേഹത്തിന്റെ ഈ പ്രായത്തിൽ ഏതെങ്കിലുമൊരു ഭാഷയിൽ ഏതെങ്കിലും ഒരു നടൻ ഇതുപോലെ നിറസാന്നിധ്യമായി നിലനിൽക്കുന്നുണ്ടോ, അല്ലെങ്കിൽ നിലനിന്നിട്ടുണ്ടോ എന്നൊന്ന് ചികഞ്ഞുനോക്കിയാൽ മനസ്സിലാവും മമ്മൂട്ടി എന്ന നടന്റെ വില. ഇവിടെയാണ് ഒരു നടൻ ഇതിഹാസമായി മാറുന്നത്.

സിനിമാഭിനയ ജീവിതത്തിൽ 48 വർഷങ്ങൾ തികഞ്ഞ മമ്മൂട്ടി ഈ സെപ്റ്റംബർ ഏഴിന് 68 വയസിലേക്ക് കാൽവെയ്പ്പ് നടത്തുന്ന വേളയിലും ഒരു നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഏവരെയും വിസ്മയിപ്പിക്കുന്ന സൗന്ദര്യ സൗകുമാര്യത്തോടെ ഒരു ജനതയ്ക്ക് തന്നെ വിസ്മയമായി തുടരുകയാണ്. അദ്ദേഹം വെല്ലുവിളി ഉയർത്തുന്നത് ഇവിടുത്തെ എഴുത്തുകാരോടും സംവിധായകരോടുമാണ്. ആ നടന്റെ കാലിബറിനൊത്ത കഥാപാത്രങ്ങൾ ഒരുക്കേണ്ടത് ഇനി അവരാണ്. അങ്ങനെയെങ്കിൽ ഇനിയുമേറെ അനശ്വര കഥാപാത്രങ്ങൾക്ക് സാക്ഷിയാവാൻ മലയാളികൾക്ക് സാധിക്കും. ഇനിയും ദാഹം തീരാതെ അതിശയങ്ങൾ ഏറെ ഇനിയും പുറത്തെടുക്കാൻ പ്രാപ്തിയുള്ള മമ്മൂട്ടി എന്ന മഹാനടൻ കാത്തിരിക്കുകയാണ് തന്നെ പരീക്ഷിക്കുന്ന കഥാപാത്രങ്ങൾക്കായി.. അതിലൂടെ ഇനിയുമേറെ സിനിമകൾക്കായി.. ഒപ്പം പ്രേക്ഷകരും.. 68 ആം ജന്മദിനം ആഘോഷിക്കുന്ന ലോകം കണ്ട, ഇന്ത്യ കണ്ട, മലയാളസിനിമ കണ്ട ഇതിഹാസ നടന്, നമ്മുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിക്ക് സർവ്വാദരവോടെ ആയിരമായിരം ജന്മദിനാശംസകൾ നേരുന്നു !! #HappyBirthdayMammookka !!