ചരിത്രം തിരുത്തികുറിച്ച് മധുരരാജ ; ചങ്ങരംകുളം മാർസ് സിനിമാസിൽ തുടർച്ചയായി 50 മണിക്കൂർ പ്രദർശനം.. ലൂസിഫറിന്റെ 48 മണിക്കൂർ റെക്കോർഡ് തകർത്തു – നന്ദിയറിയിച്ച് തിയറ്റർ ഉടമ !

മമ്മൂട്ടിയുടെ മധുരരാജ തുടർച്ചയായി 50 മണിക്കൂർ ചങ്ങരംകുളം മാർസ് സിനിമാസിൽ പ്രദർശനം നടത്തി പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നു. തുടർച്ചയായി 48 മണിക്കൂർ ഷോ നടത്തിയ ലൂസിഫറിന്റെ റെക്കോർഡാണ് മധുരരാജ ഇപ്പോൾ മറികടന്നിരിക്കുന്നത്. മധുരരാജയുടെ റിലീസ് ദിവസമായ 12.04.19-നു രാവിലെ 9 മണി മുതൽ തുടങ്ങിയ മാരത്തോൺ ഷോ 15-നു പുലർച്ചെ രണ്ട് മണി വരെ തുടർന്നുകൊണ്ടാണ് റെക്കോർഡ് നേടിയത്. ആകെ മൊത്തം ഏകദേശം 62 മണിക്കൂറോളമാണ് ചിത്രം തുടർച്ചയായി മാർസ് സിനിമാസിൽ പ്രദർശിപ്പിച്ചത്. 15-നു വിഷു പ്രമാണിച്ചുകൊണ്ട് രാവിലെ ഷോ ഏതാനും മണിക്കൂറുകൾ നിർത്തി വയ്‌ക്കേണ്ടി വന്നതുകൊണ്ട് തുടർച്ചയായ 70 മണിക്കൂർ എന്ന റെക്കോർഡിലേക്ക് എത്താൻ കഴിഞ്ഞില്ല. ഇപ്പോഴും 50 മണിക്കൂറിലധികം തുടർച്ചയായി പ്രദർശിപ്പിച്ച എന്ന റെക്കോർഡ് മധുരരാജയ്ക്കും തിയേറ്റർ എന്ന റെക്കോർഡ് മാർസ് സിനിമാസിനും സ്വന്തമായിരിക്കുകയാണ്.

ഈ ചരിത്ര നേട്ടം കൈവരിക്കാൻ തനിക്ക് പിന്തുണ നൽകിയ മമ്മൂട്ടി ഫാൻസ്‌ അംഗങ്ങളോടും ഊണും ഉറക്കവുമില്ലാതെ സഹകരിച്ച തിയേറ്റർ സ്റ്റാഫുകളോടും സർവോപരി ഈ നേട്ടത്തിനു കാരണക്കാരായ പ്രേക്ഷകരോടും നന്ദിയും കടപ്പാടും ഉണ്ടെന്ന് തിയേറ്റർ ഉടമ അജിത് മയനാട്ട്, പറയുന്നു. ഒപ്പം ഈ റെക്കോർഡ് നേട്ടം ആഘോഷമാക്കി, മധുരരാജയുടെ സംവിധായകൻ വൈശാഖ്, തിരക്കഥാകൃത്ത് ഉദയകൃഷ്ണ, നിർമ്മാതാവ് നെൽസൺ ഐപ് എന്നിവരെ പൊന്നാട അണിയിച്ചും അവർക്ക് മൊമെന്റോ നൽകിയും കേക്ക് മുറിച്ചും തിയറ്റർ ഉടമ അജിത് സന്തോഷം പങ്കിട്ടു പങ്കിട്ടു.