‘മുന്നൂറ് രൂപയുമായാണ് ബെംഗളുരുവിലെത്തിയത്’; കെജിഎഫ് വിജയത്തില്‍ അത്യാഹ്ലാദമില്ലെന്ന് നടന്‍ യാഷ്…

മികച്ച പ്രതികരണങ്ങളോടെയും കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിയും പ്രദര്‍ശനം തുടരുകയാണ് പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് യാഷ് നായകനായ കെജിഎഫ്. ബാഹുബലിയ്ക്കും 2.0യ്ക്കും ശേഷം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിക്കുന്ന തെന്നിന്ത്യന്‍ സിനിമയായി കന്നഡചിത്രം മാറി. ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖിന്റെ സീറോയെ പിന്തള്ളിയാണ് കെജിഎഫ് കുതിപ്പ് തുടരുന്നത്.

മുമ്പില്ലാത്ത തരത്തിലുള്ള വിസിബിലിറ്റിയാണ് യാഷ് ചിത്രം കന്നഡ ഫിലിം ഇന്‍ഡസ്ട്രിയ്ക്ക് നേടിക്കൊടുത്തിരിക്കുന്നത്. ചിത്രത്തിന്റെ വമ്പന്‍ വിജയത്തില്‍ ഏറെ പ്രശംസകള്‍ തേടിയെത്തുന്നുണ്ടെങ്കിലും തനിക്ക് അത്യാഹ്ലാദമില്ലെന്ന് ‘റോക്കിങ് സ്റ്റാര്‍’ പറയുന്നു. മുന്‍നിര നടനാകുന്നതുവരെ താന്‍ കടന്നുപോയ അനുഭവങ്ങളില്‍ നിന്ന് പഠിച്ചത് അതാണെന്ന് യാഷ് പറഞ്ഞു. ഇംഗ്ലീഷ് ഡിജിറ്റല്‍ മാധ്യമമായ ‘ദ ന്യൂസ് മിനുട്ടിന്’ നല്‍കിയ അഭിമുഖത്തിലായിരുന്നു യാഷിന്റെ പ്രതികരണം.

 

 

എന്റെ അച്ഛന്‍ അരുണ്‍ കുമാര്‍ സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു, ബിഎംടിസിയില്‍ ബസ് ഡ്രൈവര്‍. നവീന്‍ കുമാര്‍ എന്നാണ് എന്റെ യഥാര്‍ത്ഥ പേര്. അമ്മയുടെ പേര് പുഷ്പ. വീട്ടമ്മയാണ്. ഞങ്ങള്‍ക്ക് ഒരു പലചരക്ക് കടയുമുണ്ടായിരുന്നു. ഞാന്‍ കൂടി ചേര്‍ന്നാണ് അത് നോക്കിനടത്തിയിരുന്നത്. പച്ചക്കറികള്‍ വാങ്ങിക്കലുമെല്ലാം. ഒരുപാട് കഷ്ടതകള്‍ ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നു.

 

നടന്‍ ആകണമെന്നായിരുന്നു കുട്ടിക്കാലം മുതലേയുള്ള ആഗ്രഹം. പക്ഷെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആക്കണമെന്നാണ് അച്ഛന്‍ അഗ്രഹിച്ചത്. നാടകങ്ങളിലും ഡാന്‍സ് മത്സരങ്ങളിലും പെര്‍ഫോം ചെയ്യുമ്പോള്‍ കിട്ടുന്ന കൈയടികളോടായിരുന്നു തന്റെ ആസക്തിയെന്നും യാഷ് പറഞ്ഞു.

ഞാന്‍ വീട്ടില്‍ നിന്ന് ഓടിപ്പോന്നു. ബെംഗളുരുവില്‍ എത്തിയ നിമിഷത്തില്‍ തന്നെ എനിക്ക് ഭയം തോന്നി. അത്രയ്ക്കും വലിപ്പമുള്ള, പേടിപ്പെടുത്തുന്ന ഒരു നഗരം. പക്ഷെ കഷ്ടപ്പെടുന്നതിന് എനിക്ക് ഭയമുണ്ടായിരുന്നില്ല. ബെംഗളുരുവില്‍ എത്തിയിരുന്നപ്പോള്‍ 300 രൂപ മാത്രമാണ് എന്റെ പോക്കറ്റില്‍ ഉണ്ടായിരുന്നത്. തിരിച്ചുവീട്ടില്‍ പോയാല്‍ നടന്‍ ആകണമെന്ന ആഗ്രഹം നടക്കില്ലെന്നും അവര്‍ പറയുന്നതുപോലെ ചെയ്യേണ്ടി വരുമെന്നും എനിക്ക് ബോധ്യമുണ്ടായിരുന്നു.

ഭാഗ്യത്തിന് ഒരാള്‍ നാടകവേദിയിലെത്തിച്ചു. എനിക്ക് തിയേറ്ററിനേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ബാക്‌സ്‌റ്റേജില്‍ നിന്നാണ് പണം കണ്ടെത്തിയത്. ചായ കൊണ്ടുപോയി കൊടുക്കുന്നതുമുതല്‍ എല്ലാം ചെയ്തു. ധാരാളം യാത്രകള്‍ ചെയ്തു. സ്‌റ്റേജിലെ ആദ്യപ്രകടനം ശ്രദ്ധിക്കപ്പെട്ടു. ഇടയ്ക്ക് കന്നഡ സിനിമയിലെ ഒരു ഡയറക്ടറുടെ അസിസ്റ്റന്റായും പ്രവര്‍ത്തിച്ചു. ടെലിവിഷനില്‍ എത്തിയതോടെയാണ് പണമുണ്ടാക്കാന്‍ തുടങ്ങിയത്. അതോടെ മാതാപിതാക്കളെ ബെംഗളുരുവിലേക്ക് മാറ്റി. അന്ന് മുതല്‍ ഞങ്ങളൊരുമിച്ചാണ്. ആദ്യ ചിത്രമായ ‘മൊഗ്ഗിന മനസു’ വില്‍ നാല് നായകന്‍മാരും നാല് നായികമാരും ഉണ്ടായിരുന്നു. ആ ചിത്രത്തിലൂടെ ഫിലിം ഫെയര്‍ അവാര്‍ഡ് നേടാന്‍ കഴിഞ്ഞു. പിന്നീട് ജീവിത പങ്കാളിയായ രാധികയും ചിത്രത്തിലെ നായികയായിരുന്നു. ഞങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമായിരുന്നു. ഇരുവരും ഒരുമിച്ചാണ് വളര്‍ന്നതെന്ന് പറയാം. അഞ്ചുവര്‍ഷത്തോളം പ്രണയിച്ചു. തങ്ങള്‍ക്കിപ്പോള്‍ ഒരു പെണ്‍കുഞ്ഞ് ഉണ്ടായിരിക്കുന്നു.

ചിത്രത്തിന് ഒരു യൂണിവേഴ്‌സല്‍ അപ്പീല്‍ ഉണ്ടെന്നും എല്ലായിടത്തുമുള്ള ആളുകളുമായി അതിന് ബന്ധപ്പെടാന്‍ കഴിയുമെന്നും ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ടീം മുഴുവന്‍ കഠിനമായി അദ്ധ്വാനിച്ചു. അത് ഫലം കണ്ടതില്‍ ഏറെ സന്തോഷമുണ്ട്. പക്ഷെ അതിവൈകാരികനാകാന്‍ ഞാന്‍ എന്നെ അനുവദിക്കില്ല. ആഘോഷിക്കുന്നതിന് പകരം ഞാന്‍ മുന്നോട്ടുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യും. എനിക്ക് ആളുകളുടെ പ്രതീക്ഷകളെ മറികടക്കണം. മുംബൈയിലും പാറ്റ്‌നയിലും കൈയടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്യുന്നുണ്ടെന്ന് അറിയുമ്പോള്‍ ഈ ലോകത്ത് മാജിക് മാജിക് ഉണ്ടെന്ന് ഞാന്‍ വിശ്വസിച്ചുപോകുന്നു.

താരങ്ങളുടെ മക്കള്‍ മാത്രമാണ് വിജയിക്കുന്നതെന്ന അഭിപ്രായത്തോട് യോജിപ്പില്ല. നമ്മുടെ നിശ്ചയദാര്‍ഢ്യത്തെ ആശ്രയിച്ചാണത്. എവിടേയും ലോകത്തെല്ലായിടത്തും സ്വപ്രയത്‌നത്താലുള്ള വിജയകഥകളുണ്ട്. താരങ്ങളുടെ കുട്ടികള്‍ക്കും അവരുടേതായ പ്രശ്‌നങ്ങളുണ്ട്. ആരാധകരുടെ അമിത പ്രതീക്ഷ പോലെയുള്ളവ. അതുകൊണ്ട് അവര്‍ക്കെല്ലാം എളുപ്പമാണെന്ന് പറയാന്‍ കഴിയില്ല. വിജയം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഠിനമായി അദ്ധ്വാനിക്കേണ്ടി വരും. നിങ്ങള്‍ക്ക് പ്രേക്ഷകരെ എന്റര്‍ടെയിന്‍ ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍, നിങ്ങള്‍ ആരുടെ മകനാണ്, എവിടുന്ന് വരുന്നു എന്നതിലൊന്നും കാര്യമില്ല.