രജനി സാറിനെ കണ്ടപ്പോഴെ പൂക്കുല പോലെ വിറയ്ക്കാൻ തുടങ്ങി: 2.0യുടെ വിശേഷങ്ങൾ പങ്കുവച്ച് കലാഭവൻ ഷാജോൺ….

“ഒരിക്കലും മറക്കാൻ പറ്റാത്ത വലിയൊരു അനുഭവം. എന്നെങ്കിലുമൊരു തമിഴ് സിനിമയിൽ അഭിനയിക്കും എന്നല്ലാതെ, ഇങ്ങനെയൊരു സിനിമയുടെ ഭാഗമാകുമെന്നു സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല”. ഒരു സ്വപ്ന സാക്ഷാത്കാരത്തിന്‍റെ അവിശ്വസനീയത മാറാതെ ഇതു പറയുന്നതു ഷാജോണാണ്, കലാഭവൻ ഷാജോൺ. ആരാധകർ ആവേശത്തോടെ കാത്തിരുന്ന യെന്തിരൻ 2.0യിൽ മലയാളത്തിന്‍റെ ഷാജോണുമുണ്ട്.

ബ്രഹ്മാണ്ഡ ചിത്രം എന്ന വിശേഷണത്തിന്‍റെ തേരിലേറുന്നതു മാത്രമല്ല, രജനികാന്ത്, അക്ഷയ്കുമാർ, സംവിധായകൻ ശങ്കർ എന്നിവർക്കൊപ്പം ചേരുന്നതിന്‍റെ ത്രില്ലുമുണ്ട് ഷാജോണിന്‍റെ വാക്കുകളിൽ. തിയെറ്ററുകളെ ആവേശപ്പറമ്പാക്കിയ 2.0യുടെ വിശേഷങ്ങളുമായി കലാഭവൻ ഷാജോൺ.

കാത്തിരുന്ന കോൾ

2016 ഫെബ്രുവരി-മാർച്ച് സമയത്താണ് ആദ്യമായി 2.0യിലേക്കുള്ള വിളി എത്തുന്നത്. ഉച്ചകഴിഞ്ഞൊരു മയക്കം പതിവുണ്ട്. അങ്ങനെ ഉറങ്ങുമ്പോൾ മൊബൈൽ മ്യൂട്ട് ചെയ്തിടും. ഉറക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ, കലാസംവിധായകൻ പ്രകാശ് കോലേരിയുടെ രണ്ടു മിസ്ഡ് കോളുകൾ. തിരിച്ചു വിളിച്ചു. ചേട്ടാ, യെന്തിരന്‍റെ ടീം വിളിച്ചിരുന്നോ, ചേട്ടനൊരു ക്യാരക്റ്റർ ഉണ്ടെന്നു പറഞ്ഞിരുന്നു, ഇതായിരുന്നു പ്രകാശിന്‍റെ സന്ദേശം. ആരോടും പറഞ്ഞില്ല. വീടിനു മുന്നിൽ പോയി ഫോൺ കോളിനായി കാത്തിരുന്നു. കുറെ കഴിഞ്ഞിട്ടും കോൾ വരുന്നില്ല. കുറച്ചുകഴിഞ്ഞു പ്രകാശിനെ തിരിച്ചു വിളിച്ചു. ഉറപ്പായും വിളിക്കും ചേട്ടാ എന്നു പ്രകാശിന്‍റെ മറുപടി. വീണ്ടും കാത്തിരിപ്പിന്‍റെ നിമിഷങ്ങൾ.

കുറച്ചു കഴിഞ്ഞപ്പോൾ മദ്രാസ് നമ്പറിൽ നിന്നൊരു കോൾ. ലൈക്ക പ്രൊഡക്ഷൻസിന്‍റെ മാനെജർ പവിത്ര. ശങ്കർ സാർ പറഞ്ഞിട്ടു വിളിക്കുകയാണ്, 2.0യിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടോ എന്നായിരുന്നു ചോദ്യം. ആവേശത്തോടെ സമ്മതം അറിയിച്ചു. ഡേറ്റും കാര്യങ്ങളൊക്കെ പിന്നീടറിയിക്കാം എന്നു പറഞ്ഞ് കോൾ അവസാനിച്ചു. അപ്പോഴാണു വീട്ടുകാരോടു പോലും ഇക്കാര്യം പറയുന്നത്.

അമെരിക്ക വേണോ, 2.0 വേണോ

ലൈക്ക പ്രൊഡക്ഷൻസ് ആദ്യം ഡേറ്റ് ചോദിച്ചതു മെയ് മാസത്തിലേക്കാണ്. ആ സമയത്ത് അമെരിക്കയിലൊരു പ്രോഗ്രാമിനു പോകാനുള്ള കരാറായിരുന്നു. അതൊഴിവാക്കാൻ പറ്റാത്ത അവസ്ഥ. ഇക്കാര്യം അറിയിച്ചു. അക്ഷയ് കുമാറുമായി കോമ്പിനേഷനുള്ളതാണ്, ശങ്കർ സാറിനോടു ചോദിച്ചിട്ടറിയിക്കാം എന്ന് അവർ പറഞ്ഞു. എന്തായാലും നമുക്കു വേണ്ടി കാത്തിരിക്കാൻ സാധ്യതയില്ല. അക്ഷയ് കുമാറിന്‍റെ ഡേറ്റുമായി ക്ലാഷ് വരുമ്പോൾ, കാത്തിരിക്കാൻ സാധ്യതയില്ലെന്നു തന്നെ മനസിലുറപ്പിച്ചു. വിധിച്ചിട്ടില്ല എന്നു വിചാരിച്ചാൽ മതി എന്നൊക്കെ സ്വയം ആശ്വസിപ്പിക്കാൻ ശ്രമിച്ചു നോക്കി. അമെരിക്കയിലെ ഷോയുടെ ടിക്കറ്റെല്ലാം വിറ്റുപോയതാണ്, അതൊഴിവാക്കാനും സാധിക്കില്ല.

രണ്ടും കൽപ്പിച്ചു ലൈക്ക പ്രൊഡക്ഷൻസിലേക്കു തിരിച്ചുവിളിച്ചു. എന്തെങ്കിലും ചെറിയ വേഷമായാലും കുഴപ്പമില്ല, ചെറിയ സീനെങ്കിലും മതി, എന്നെ വിളിക്കണേ എന്നു പറഞ്ഞു. കുഴപ്പമില്ല സാർ, ശങ്കർ സാറിനോട് ചോദിച്ചിട്ടു വിളിക്കാം എന്നുറപ്പു പറഞ്ഞു അവർ. പിന്നെ അവരുടെ വിളിയൊന്നുമുണ്ടായില്ല. കുറച്ചു ദിവസങ്ങൾ കഴിഞ്ഞു വെൽക്കം ടു സെൻട്രൽ ജയിലിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണു വീണ്ടും വിളിക്കുന്നത്. അമെരിക്കയിൽ നിന്നും എന്നു തിരിച്ചെത്തും എന്നായിരുന്നു ചോദ്യം. നേരെ ചെന്നൈയിലേക്കു വരാൻ പറ്റുമോ എന്നും ചോദിച്ചു. എല്ലാം സമ്മതിച്ചു.

അമെരിക്കൻ ഷോ കഴിഞ്ഞു നേരെ ചെന്നൈയിലേക്ക്. ചെന്നൈയിൽ ചെന്നിറങ്ങി ഹോട്ടലിൽ എത്തുന്നതു വരെ ആരെങ്കിലും നമ്മളെ പറ്റിക്കുന്നതാണോ എന്നു സംശയമുണ്ടായിരുന്നു. എന്തായാലും ഇത്രയും കാശു മുടക്കി ആരും പറ്റിക്കില്ലെന്നുറപ്പായതു ഹോട്ടലിൽ എത്തിയപ്പോഴാണ്. അന്നു ലൊക്കേഷന് അനുമതി ലഭിക്കാത്തതിനാൽ ഷൂട്ട് ചെയ്യാൻ കഴിഞ്ഞില്ല. ചിത്രീകരണം നടക്കുന്നുണ്ട് ശങ്കർ സാർ കാണണമെന്ന് എന്നറിയിച്ചു അവർ. ഉച്ചയ്ക്കുശേഷം ലൊക്കേഷനിൽ ചെന്നു. സത്യം പറഞ്ഞാൽ ഞെട്ടിപ്പോയി. നൂറേക്കറുള്ള ഒരു സ്ഥലത്താണു സെറ്റ് ഒരുക്കിയിരിക്കുന്നത്. വലിയ ഫ്ളാറ്റുകൾ, പെട്രോൾ പമ്പ്, റോഡ് അങ്ങനെ എല്ലാം സെറ്റിട്ടിരിക്കുന്നു. പകച്ചു പോയ അവസ്ഥ. ആരെയും പരിചയവുമില്ല.

പറ്റിച്ചതല്ല, സത്യമാണ്

അവർ ഒരു കലാകാരനു കൊടുക്കുന്ന ബഹുമാനം നമ്മെ അത്ഭുതപ്പെടുത്തും. ഷൂട്ട് മാറ്റിവച്ചതിന് ആദ്യം അസിസ്റ്റന്‍റ് വന്നു സോറി പറയുന്നു, എല്ലാവരും സോറി പറയുന്നു. ശങ്കർ സാറിനെ കാണാനായി കാത്തിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ അദ്ദേഹം വിളിച്ചു. കൂളിങ് ഗ്ലാസും ക്യാപ്പുമൊക്കെ ധരിച്ചൊരു ടിപ്പിക്കൽ ഡയറക്‌ടർ ലുക്കിലാണു അദ്ദേഹത്തെ പ്രതീക്ഷിച്ചത്. ഞാൻ നോക്കിയിട്ട് അങ്ങനെയൊരാളെ കാണുന്നുമില്ല. അവസാനം അസോസിയേറ്റ് ചൂണ്ടിക്കാണിച്ചു തന്നു. ആളുകളുടെ ഇടയിൽ ജീൻസും ടീഷർട്ടും സാധാരണ ചെരുപ്പുമൊക്കെയിട്ടു ശങ്കർ സാർ. എന്നെ കൈകാണിച്ചു വിളിക്കുന്നു. ശങ്കർ സാറും സോറി പറയുന്നു. ഞാനാകെ പകച്ചു നിന്നു. പിന്നീട് കഥാപാത്രത്തെക്കുറിച്ചും സന്ദർഭങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞുതന്നു. ഇനി രണ്ടാഴ്ച കഴിഞ്ഞേ ഷൂട്ട് ഉണ്ടാവുകയുള്ളൂ, അതു കഴിഞ്ഞു വന്നാൽ മതിയെന്നറിയിച്ചു.

സിംപിൾ ശങ്കർ

അതിനുശേഷം ഡയലോഗുകളെല്ലാം ഇംഗ്ലിഷിലാക്കി അയച്ചു തന്നു. അങ്ങനെ പറഞ്ഞ ദിവസമെത്തി. വളരെയധികം ടെൻഷനോടെയാണു ചെന്നത്. എന്നാൽ വളരെ സിംപിളാണു ശങ്കർ സാർ. അതാണു നമ്മളെ കംഫർട്ടബിളാക്കുന്നത്. ഒരു ടെൻഷനും തോന്നിപ്പാക്കാതെ എല്ലാം പറഞ്ഞു തന്നു. അദ്ദേഹം നല്ലൊരു നടൻ കൂടി ആയതിനാൽ അഭിനയിച്ചു കാണിച്ചു തരുമായിരുന്നു. അതു ഫോളോ ചെയ്താൽ മാത്രം മതി. പ്രോംപ്റ്റിങ്ങിനും ഒരാളെ റെഡിയാക്കി തന്നു. ചിത്രീകരണം തുടങ്ങിക്കഴിഞ്ഞപ്പോൾ വളരെയധികം ഫ്രീ ആയി. നല്ല പ്രോത്സാഹനമായിരുന്നു. പൊട്ടിച്ചിരിച്ചും കൈയടിച്ചുമൊക്കെ നമ്മളിലെ നടനെ അദ്ദേഹം എപ്പോഴും ഉത്തേജിപ്പിച്ചു കൊണ്ടിരുന്നു.

മറക്കാത്ത സൗഹൃദദിനങ്ങൾ

പന്ത്രണ്ടു ദിവസത്തോളം ഷൂട്ടുണ്ടായിരുന്നു. രസമായിരുന്നു. മലയാളത്തിലെ അഭിനേതാക്കളെ അത്രത്തോളം ബഹുമാനമാണു ശങ്കർ സാറിന്. ഒരു ദിവസം പോലും കൊച്ചിൻ ഹനീഫിക്കയെക്കുറിച്ചു സംസാരിക്കാതെ കടന്നു പോയിട്ടില്ല. കലാഭവൻ മണിച്ചേട്ടനെക്കുറിച്ചും കുറെ കാര്യങ്ങൾ ചോദിച്ചു. നെടുമുടി വേണു ചേട്ടനെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചിരുന്നു. അങ്ങനെ നല്ല സൗഹൃദത്തിലായിരുന്നു ആ ദിവസങ്ങൾ കടന്നു പോയത്.

കൺമുമ്പിൽ രജനികാന്ത്

ചെന്നൈയിൽ എത്തിയപ്പോൾ ആദ്യം ചോദിച്ചതു രജനി സാറുമായി കോമ്പിനേഷൻ സീൻ ഉണ്ടോ എന്നായിരുന്നു. കോമ്പിനേഷനില്ലായിരുന്നു. ഒരു ദിവസം നേരത്തെ ലൊക്കേഷനിൽ എത്തി. പന്ത്രണ്ടു മണിക്കേ ഷൂട്ടുണ്ടായിരുന്നുള്ളൂ. കാരവനിൽ വിശ്രമിക്കുമ്പോൾ, ശങ്കർ സാർ വിളിക്കുന്നു, രജനി സാർ വന്നിട്ടുണ്ട് എന്നു പറഞ്ഞു.

അവിടം മുതലൊരു വിറയൽ തുടങ്ങി. ഞാൻ ഓടിച്ചാടി ചെന്നു. ഒരു ആശുപത്രി രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. ഞാൻ ചെല്ലുമ്പോൾ ശങ്കർ സാറും രജനി സാറും വരാന്തയിലിരുന്നു സംസാരിക്കുന്നു. ഞാൻ പരുങ്ങുനിന്നു. ശങ്കർ സാർ എന്നെ കണ്ടപ്പോൾത്തന്നെ വിളിച്ചു. ശങ്കർ സാർ ചാടിയെഴുന്നേറ്റു, ഇതുകണ്ട് രജനിസാറും ചാടിയെഴുന്നേറ്റു. ഞാനാണെങ്കിൽ പൂക്കുല പോലെ വിറച്ചു കൊണ്ടു നിൽക്കുന്നു. അദ്ദേഹത്തെ പരിചയപ്പെടുത്തി, ദൃശ്യം സിനിമയിലെ പൊലീസ് ക്യാരക്റ്റർ ചെയ്തയാൾ എന്നായിരുന്നു പരിചയപ്പെടുത്തൽ. നന്നായി ചെയ്തെന്നു രജനി സാർ പറഞ്ഞു. പിന്നെ അദ്ദേഹം എന്തൊക്കെ പറഞ്ഞെന്നു മനസിലാവാത്ത അവസ്ഥ. റിലേ പോയി നിൽക്കുകയായിരുന്നു. രജനി സാറിന്‍റെ കാലൊക്കെ തൊട്ടു വന്ദിച്ചത് ഓർമയുണ്ട്.

ശരീരം വിറച്ചു കൊണ്ടിരിക്കുമ്പോഴും, മനസിലപ്പോൾ ഒരുപാടു രംഗങ്ങൾ മിന്നിമായുകയായിരുന്നു. ബാഷാ ഒരു തടവ് സൊന്ന നൂറു തടവ് സൊന്ന മാതിരി….അങ്ങനെ സിനിമകൾ മിന്നിമാഞ്ഞു. പത്തു മിനിറ്റോളം രജനി സാറിനോട് സംസാരിച്ചു. എന്തൊക്കെ പറഞ്ഞെന്ന് ഇപ്പോഴും ഓർമയില്ല. തിരിച്ചു കാരവനിലെത്തി. എന്‍റെ മേക്കപ്പ് മാൻ സുധി കട്ടപ്പനയോട് ചോദിച്ചു, എടാ രജനി സാർ എന്താ പറഞ്ഞത്? എനിക്കും ഒന്നും ഓർമയില്ല ചേട്ടാ എന്‍റെ കൈയ്യും കാലും വിറയ്ക്കുകയായിരുന്നു, ഇതായിരുന്നു സുധിയുടെ മറുപടി.

ഒരു ഫോട്ടൊ എടുക്കണം

അക്ഷയ് കുമാർ സാറുമായി സീനുകളുണ്ടായിരുന്നു. അദ്ദേഹത്തോട് അറിയാവുന്ന ഭാഷയിൽ സംസാരിക്കണം എന്നൊക്കെ മനസിലുറപ്പിച്ചു. അദ്ദേഹം പ്രായമായ ഗെറ്റപ്പിലാണു സിനിമയിൽ എത്തുന്നത്. ഞാൻ അദ്ദേഹത്തെ കാണാൻ ചെന്നപ്പോൾ, മേക്കപ്പിലായിരുന്നു. മണിക്കൂറുകൾ നീളുന്ന മേക്കപ്പാണ്. ഹലോ എന്നു മാത്രം അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടൊ എടുക്കണം എന്ന് അസോസിയേറ്റ് ഡയറക്റ്ററോട് പറഞ്ഞിരുന്നു. ആ ഗെറ്റപ്പിൽ ശങ്കർ സാർ സമ്മതിക്കില്ലെന്നു മറുപടി. അതോടെ ആ മോഹം വിട്ടു. ഷൂട്ടിങ് തുടർന്നു. അക്ഷയ് സാറിന്‍റെ വർക്ക് നേരത്തെ കഴിഞ്ഞു. ചിത്രീകരണം കഴിഞ്ഞപ്പോ അസോസിയേറ്റ് സാർ വന്നു ശങ്കർ സാറിന്‍റെ ചെവിയിൽ എന്തോ പറഞ്ഞു. അക്ഷയ് സാർ വെയ്റ്റ് ചെയ്യുകയാണ്, ഫോട്ടൊ എടുക്കണം എന്നു പറഞ്ഞില്ലേ എന്നു ശങ്കർ സാർ ചോദിച്ചു. ഞാൻ ഓടിച്ചെന്നു. രണ്ടു മണിക്കൂർ എടുക്കും അദ്ദേഹത്തിന്‍റെ മേക്കപ്പ് നീക്കം ചെയ്യാൻ. അതു കഴിഞ്ഞിട്ടും അദ്ദേഹം എനിക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു.

നന്ദി, ദൃശ്യത്തിനും ജീത്തു ജോസഫിനും

നന്ദി പറയാനുള്ളതു ജീത്തു ജോസഫിനോടാണ്. ദൃശ്യം കണ്ടിട്ടാണു 2.0യിലേക്കു വിളിച്ചത്. യെന്തിരന്‍റെ കോ റൈറ്ററായ ജയമോഹൻ സാർ പറഞ്ഞിട്ടാണു അദ്ദേഹം ദൃശ്യം കണ്ടത്. എല്ലാക്കാലവും പ്രേക്ഷകർ തന്ന സ്നേഹം, മലയാളത്തിലെ അഭിനേതാക്കൾക്കൊപ്പം അഭിനയിച്ച എക്സ്പീരിയൻസ്… ഇതെല്ലാം ഗുണം ചെയ്തു.

സംവിധാനം ഷാജോൺ

സംവിധാനം ചെയ്യുന്ന ചിത്രം മാർച്ചിൽ ആരംഭിക്കും. ബ്രദേഴ്സ് ഡേ എന്നാണു ടൈറ്റിൽ. പൃഥ്വിരാജ് നായകനാകുമ്പോൾ, നാലു നായികമാരും ചിത്രത്തിൽ എത്തും. തമാശകളുള്ള ചിത്രമാണ്, എന്നാലിതൊരു മുഴുനീള തമാശ ചിത്രമായിരിക്കില്ല. കളർഫുൾ ഫാമിലി ത്രില്ലർ എന്‍റർടെയ്നറായിരിക്കും ചിത്രം. സാധാരണക്കാരുടെ വിഷയം പറയുന്ന ചിത്രമായിരിക്കും ബ്രദേഴ്സ് ഡേ.