‘രാഷ്ട്രപതിയുടെ അവാർഡ് വാങ്ങാൻ ആണ് പോയത്, കേന്ദ്ര മന്ത്രിയുടെ അല്ല’; ദേശീയ അവാര്‍ഡ് വിവാദത്തില്‍ ഫഹദ് പ്രതികരിക്കുന്നു..

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശിയ അവാർഡ് നിഷേധിച്ച് തിരിച്ച് വന്നതിനെക്കുറിച്ച് ഒടുവിൽ പ്രതികരണം നടത്തിയിരിക്കുകയാണ് ഫഹദ് ഫാസിൽ. രാഷ്ട്രപതിയുടെ കൈയിൽ നിന്നും അവാർഡ് വാങ്ങാനാണ് താൻ പോയതെന്ന് ഫഹദ് ഫാസിൽ പറയുന്നു. അതിന് വിരുദ്ധമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആണ് അവാർഡ് വിതരണം ചെയ്യുന്നത് എന്നറിഞ്ഞപ്പോൾ ഉണ്ടായ പ്രതിഷേധം കാരണമാണ് തിരിച്ചു വന്നതെന്ന് ഫഹദ് ഫാസിൽ വെളിപ്പെടുത്തി.

‘ഞാന്‍ പോയത് രാഷ്ട്രപതിയുടെ അവാര്‍ഡ് സ്വീകരിക്കാൻ ആണ്. അവിടെ ചെന്നപ്പോള്‍ അറിഞ്ഞത് അത് മറ്റാരോ ആണ് വിതരണം ചെയ്യുന്നത് എന്ന്. അതോടെ അടുത്ത വണ്ടി കയറി ഞാനിങ്ങു പോന്നു. അപ്പോള്‍ വരത്തന്റെ ഷൂട്ടിംഗ് നടക്കുകയായിരുന്നു’.

അങ്ങിനെ ഒരു തീരുമാനം എടുത്തത് കൊണ്ട് തന്റെ സിനിമാ കരിയറിൽ പിന്നീട് പ്രത്യേകിച്ച് അല്ലലൊന്നും തന്നെ ഉണ്ടായിട്ടില്ല എന്നും ഫഹദ് ഫാസില്‍ പറഞ്ഞു. അവാർഡ് കിട്ടിയിരുന്നില്ലെങ്കിലും കുഴപ്പമൊന്നുമില്ല എന്നും ഫഹദ് പറഞ്ഞു.

അതെ സമയം ഫഹദിന്റെ വരത്തൻ മികച്ച പ്രതികരണം നേടി രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഷറഫുദ്ധീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് വരത്തനിൽ ഫഹദിന്റെ കൂടെ അഭിനയിക്കുന്ന മറ്റ് പ്രധാനപ്പെട്ട താരങ്ങൾ.