‘വലിപ്പച്ചെറുപ്പങ്ങൾ ഒന്നും ഇല്ലാതെയായിരുന്നു ലാലേട്ടന്‍റെ പെരുമാറ്റം’ – ലാലേട്ടനെക്കൊണ്ട് പാട്ട് പാടിച്ച അനുഭവം പങ്കുവെക്കുന്നു വിനു തോമസ്..

ആദ്യമട്ടില്ല ലാലേട്ടന്റെ ശബ്ദത്തിൽ ഒരു പാട്ട് ഹിറ്റ് ആകുന്നത്. സംഗീതപ്രേമികൾക്ക് മൂളിനടക്കുവാൻ ഒരുപാട് മികച്ച ഗാനങ്ങൾ അദ്ദേഹം സ്വന്തം ശബ്ദത്തിൽ പാടിയിട്ടുണ്ട്. എന്നാൽ ആദ്യമായിട്ടാണ് ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി മോഹൻലാൽ ഒരു ഗാനം ആലപിക്കുന്നത്. പുറത്തിറങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അഞ്ച് ലക്ഷത്തോളം ആളുകൾ ആണ് യുട്യൂബിൽ ഗാനം ആസ്വദിച്ചത്. ലാലേട്ടനെക്കൊണ്ട് പാട്ട് പാടിച്ച വിനു തോമസ് ലാലേട്ടനുമൊത്തുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

“മഹാരഥന്മാരായ ഒരുപാട് സംഗീത സംവിധായകരുടെ കൂടെ പ്രവർത്തിക്കുകയും സൂപ്പർഹിറ്റായ നിരവധി പാട്ടുകളിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള നടനാണ് ലാലേട്ടൻ. അദ്ദേഹത്തെ കൊണ്ട് പാട്ടുപാടിക്കുക എന്നത് ജീവിതത്തിലെ മറക്കാനാവാത്ത അവസരങ്ങളിൽ ഒന്നായിരുന്നു. ചില പൊതു വേദികളില്‍ കണ്ടിട്ടുണ്ടെന്നല്ലാതെ ലാലേട്ടനെ എനിക്ക് നേരിട്ട് പരിചയം ഇല്ലായിരുന്നു. അതിനാല്‍ ആദ്യം നല്ല പരിഭ്രമം ഉണ്ടായിരുന്നു. ലാലേട്ടനെ സംബന്ധിച്ചിടത്തോളം സിനിമാലോകത്ത് ഏറെ ജൂനിയറായ ഒരു വ്യക്തിയാണ് ഞാൻ. എന്നാൽ അത്തരം വലിപ്പച്ചെറുപ്പങ്ങൾ ഒന്നും ഇല്ലാതെ ആയിരുന്നു അദ്ദേഹത്തിന്‍റെ സഹകരണം. നല്ല പരിചയമുള്ള ഒരു വ്യക്തിയോട് എന്ന പോലെ ആയിരുന്നു ലാലേട്ടന്‍ ഇടപഴകിയത്‌.” – വിനി തോമസ് പറയുന്നു.

ബി കെ ഹരിനാരായണനാണ് പാട്ടിന് വരികൾ എഴുതിയത്. ഇപ്പോള് ഇറങ്ങിയ പ്രമോ സോങ്ങും ടീസറുമല്ലാതെ സിനിമയുടെ മറ്റ് വിവരങ്ങൾ ഒന്നും ഇതുവരെ അറിവായിട്ടില്ല. കുടുംബക്കാർക്കൊപ്പം താമസിക്കാൻ ലണ്ടനിൽ എത്തുന്ന ഒരു വൃദ്ധയുടെ മരണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം അന്ന് മാത്രമാണ് പ്രമേയത്തെക്കുറിച്ച് അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുള്ള വിവരം.