“ഇനി ഒരു സിനിമ ചെയ്യാൻ ധൈര്യം ഇല്ല; ഒരു പെണ്ണ് പറഞ്ഞതിന്റെ അനന്തരഫലം മുഴുവൻ അനുഭവിച്ചത് ഞാനാണ്”.. മൈ സ്റ്റോറി സംവിധായക പറയുന്നു..

പൃഥ്വിരാജും പാർവ്വതിയും പ്രധാന വേഷങ്ങളിൽ എത്തിയ മൈ സ്റ്റോറി എന്ന സിനിമയുടെ സംവിധായിക ആയിരുന്നു റോഷ്നി ദിനകർ. എന്നാൽ ഇനിയൊരു ചലച്ചിത്രവുമായി മലയാളത്തിലേക്ക് വരാൻ ധൈര്യമില്ലെന്നാണ് സംവിധായികയുടെ നിലപാട്. ”ഇനിയൊരു സിനിമ ചെയ്യാൻ എനിക്ക് ധൈര്യം ഇല്ല. കാരണം അത്രയും മോശമായ അവസ്ഥയിലൂടെ ആണ് ഞാനിപ്പോൾ കടന്നു പോകുന്നത്. എല്ലാവരും കൂടി എന്നെ അങ്ങനെയൊരു അവസ്ഥയിലേക്ക് എത്തിച്ചതാണ്. പേടിയാണ് സത്യത്തിൽ എനിക്ക്.” റോഷ്നി പറഞ്ഞു.

”ഒരു പെണ്ണ് പറഞ്ഞതിന്റെ അനന്തര ഫലം മുഴുവൻ അനുഭവിച്ചത് ഞാൻ ആണ്. ഞാനെന്ത് ചെയ്തു?സിനിമ കാണാതെയാണ് പലരും നെഗറ്റീവ് റിവ്യൂ പറഞ്ഞു പരത്തിയത്. കണ്ടിട്ടാണ് മോശം പറയുന്നതെങ്കിൽ സമ്മതിക്കാം, അത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണ് എന്ന് പറയാമായിരുന്നു. കൂടെ ഉണ്ടായിരുന്നവരിൽ നിന്ന് എനിക്ക് പിന്തുണയും ലഭിച്ചില്ല. സത്യമായും ഇനിയൊരു സിനിമ ചെയ്യാനുള്ള ധൈര്യം എനിക്ക് ഒട്ടുമില്ല.

ഇനി വരാനിരിക്കുന്ന സംവിധായികമാരോട് റോഷ്‌നിക്ക് പറയാനുള്ളത് ഇതാണ്: “കരുതലോടെ സിനിമാ മേഖലയിലേക്ക് വരുക. മിന്നുന്നതെല്ലാം പൊന്നല്ല എന്ന് തിരിച്ചറിയണം. ധൈര്യത്തോടെ നിവർന്ന് നിന്ന് സ്വന്തം നിലപാട് പറയാനുള്ള തന്റേടം ഉണ്ടാകണം”. ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാൻ സാധിക്കണം.”