കരിന്തണ്ടൻ ഒരു ആർട്ട് പടമായി ഒതുങ്ങി പോകില്ല.. ചിത്രം കൊമേർഷ്യൽ പടമായി ഒരുക്കും..

കരിന്തണ്ടന്‍ ഒരു കൊമേഴ്സ്യല്‍ ചിത്രമായി പുറത്തിറക്കുമെന്ന് സംവിധായക ലീല സന്തോഷ്. വടകരയില്‍ നടന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിലെ ഒാപ്പണ്‍ ഫോറത്തിലാണ് ലീല സന്തോഷ് ഈ കാര്യം വ്യക്തമാക്കിയത്. ചിത്രത്തിലെ നായകന്‍ വിനായകനെ ഹീറോ ആയിട്ടാണ് സിനിമയില്‍ അവതരിപ്പിക്കുക എന്നും സംവിധായക ലീല പറഞ്ഞു.

‘ചരിത്രപരമായി വഞ്ചിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ന്യൂനപക്ഷമാണ് വയനാട്ടിലെ മലമ്പ്രദേശത്ത് ഉള്ളത് , ഇക്കാര്യങ്ങൾ അനുഭവങ്ങളിലൂടെ എങ്ങനെ പുറം ലോകത്ത് എത്തിക്കാം എന്നുള്ള ഉദ്ദേശത്തോടെയാണ് ഞാൻ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നത്’; ലീല സന്തോഷ് പറയുന്നു.

ഒരുപാട് നഷ്ടങ്ങൾ സംഭവിച്ച വിഭാഗമാണ് വയനാട്ടിലേത്, പണിയ സമുദായത്തെ വെച്ചുള്ള ആദ്യ ഡോക്യുമെന്ററി ‘നിഴലുകൾ നഷ്ടപെടുന്ന ഗോത്രഭൂമി’ പോലും നിർമ്മിച്ചത് ആ ഒരു വ്യക്തത ഉൾകൊണ്ട് കൊണ്ടാണെന്നും ലീല ചടങ്ങിൽ പറഞ്ഞു. നഷ്ടപ്പെട്ട് പോകുന്ന തങ്ങളുടെ ഭാഷയും ജീവിതവും തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തിലാണ് ആദ്യ ഡോക്യുമെന്ററി പണിയ ഭാഷയിൽ തന്നെ ഷൂട്ട് ചെയ്ത് പുറത്തിറക്കിയെതെന്നും ലീല പറഞ്ഞു.

രണ്ടാമത് ചെയ്യാൻ ആഗ്രഹിച്ച ചിത്രം ‘ചീരു’വാണെന്നും അവിവാഹിത അമ്മമാരെ കുറിച്ചുള്ള ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ തൽക്കാലത്തേക്ക് നിർത്തി വെച്ചതാണെന്നും വൈകാതെ തന്നെ പൂർത്തിയാക്കുമെന്നും ലീല പറയുന്നു. എന്താണ് കരിന്തണ്ടൻ? ആരാണ് കരിന്തണ്ടൻ എന്നിവക്കുള്ള ഉത്തരമായിരിക്കും തന്റെ ചിത്രം കരിന്തണ്ടൻ എന്നും ലീല പറഞ്ഞു.