“തനിക്കും ഒരു ഹൃദയം ഉണ്ടെന്ന് എന്തുകൊണ്ട് ട്രോളന്മാർ മനസ്സിലാക്കുന്നില്ല?”; ട്രോളുകൾ തന്നെ ഒരുപാട് വിഷമിപ്പിക്കുന്നു എന്ന് കീർത്തി സുരേഷ്..

മലയാളത്തിൽ നിന്നും തുടങ്ങി തെന്നിന്ത്യയിലെ വലിയ താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് ഇപ്പോൾ കീർത്തി സുരേഷ്. തമിഴിലും തെലുങ്കിലും ഒരുപാട് വലിയ സിനിമകൾ ആണ് കീർത്തിയുടേതായി ഇറങ്ങിയതും ഇനി വരാനിരിക്കുന്നതും. അതെ സമയം, ട്രോളർമാരുടെ ഇഷ്ട വിനോദമാണ് കീർത്തിയെ ട്രോളുന്നത്. ആരംഭം മുതൽ തന്നെ കീർത്തിയുടെ മുഖം വെച്ചുള്ള ട്രോളുകൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറൽ ആയിരുന്നു.

ട്രോളുകളും മീമുകളും തന്നെ ഒരുപാട് വേദനിപ്പിക്കുന്നെണ്ടെന്നും എന്നാൽ അത് ആരും തന്നെ മനസ്സിലാക്കുന്നില്ല എന്നും കീർത്തി സുരേഷ് തുറന്ന് പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് കീർത്തി ഈ കാര്യം തുറന്നടിച്ചത്. ആദ്യമെല്ലാം തനിക്കെതിരെ ഉള്ള ട്രോളുകൾ ആസ്വദിച്ചിരുന്നു എന്നും എന്നാൽ അത് പിന്നീട് അതിര് വിടുകയാണ് ഉണ്ടായതെന്നും കീർത്തി തുറന്നു പറയുന്നു. ട്രോളുകൾ തന്ന വേദന തന്റെ ഹൃദയത്തിൽ തുളഞ്ഞു കയറി എന്നും തനിക്കും ഒരു ദുർബല ഹൃദയമാണ് ഉള്ളതെന്ന് ഈ ട്രോളന്മാർ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല എന്നും കീർത്തി ചോദിക്കുന്നു. ഒരു വിഡിയോയിൽ നിന്ന് ഒരാളുടെ മുഖഭാവം മാത്രം അടർത്തി മാറ്റി അതിനെ പരിഹസിക്കുന്നത് നല്ലതല്ലെന്നും കീർത്തി കൂട്ടിച്ചേർത്തു.

കീർത്തി സുരേഷ് നായികയാകുന്ന സർക്കാർ അടുത്ത മാസം നവംബർ 6 -ന് റിലീസ് ചെയ്യാൻ ഇരിക്കുകയാണ്. ചിത്രത്തിന്റെ ടീസർ ഒരു മില്യൻ ലൈക്കുകളിൽ ഏറെ സ്വന്താക്കി ലോക റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രത്തിൽ വിജയ്‌യുടെ നായികയായിട്ടാണ് കീർത്തി പ്രത്യക്ഷപ്പെടുന്നത്. എ. ആർ. മുരുഗദോസ് ആണ് ചിത്രത്തിന്റെ സംവിധായകൻ.