പോലീസ് ക്യാംപിൽ നിന്ന് ഒരു തിരക്കഥാകൃത്ത്; ജോസഫ് വന്ന വഴി പറഞ്ഞ് ഷാഹി….

ത്രില്ലർ ഗണത്തിൽ മലയാളത്തിൽ ഒരു സിനിമ കൂടി എത്തുകയാണ്. ജോജു ജോർജ് നായകനായി എത്തുന്ന ജോസഫ്. ചിത്രത്തിന്‍റെ ട്രെയ്‌ലറുകൾ പുറത്തിറങ്ങിയതോടെ വമ്പൻ സ്വീകാര്യതയാണ് യുട്യൂബിൽ ലഭിച്ചിരിക്കുന്നത്. സിനിമയെന്ന സ്വപ്നം നെഞ്ചേറ്റി കാലം കഴിച്ച ഒരു പൊലീസുകാരന്‍റെ സ്വപ്‌നങ്ങളും പ്രതീക്ഷയും കൂടിയാണ് ജോസഫ്.

പന്ത്രണ്ടു വർഷമായി കേരള പൊലീസിൽ സേവനമനുഷ്ഠിക്കുന്ന ഷാഹി കബീർ തന്‍റെ കടിഞ്ഞൂൽ തിരക്കഥ തിയറ്ററിലെത്തുന്നതും കാത്തിരിക്കുകയാണ്. തന്‍റേയും സിനിമയുടേയും വിശേഷങ്ങൾ അദ്ദേഹം മെട്രൊ വാർത്തയോടു പങ്കുവെയ്ക്കുന്നു.

സിനിമയുടെ സ്ക്രിപ്റ്റ് രൂപപ്പെട്ടപ്പോൾ മുതൽ ആരായിരുന്നു മനസിൽ?

ജോജുവായിരുന്നു ആദ്യം മുതൽ തന്നെ മനസിൽ‌. ഉദാഹരണം സുജാതയടക്കമുള്ള ചിത്രങ്ങളിൽ അസിസ്റ്റന്‍റായി പ്രവർത്തിച്ച ജിത്തു അഷറഫ് വഴിയാണ് ജോജുവിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തോട് കഥ പറഞ്ഞു. കേട്ടപ്പോൾ തന്നെ ഇതു ചെയ്യാമെന്നദ്ദേഹം വാക്ക് തന്നു. അദ്ദേഹത്തിന്‍റെ ലുക്കാച്ചുപ്പിയെന്ന ചിത്രം കണ്ടതു മുതൽ എന്‍റെ കഥയിലെ ജോസഫാകാൻ ജോജു തന്നെയാണ് മികച്ചതെന്നു തോന്നിയിരുന്നു.

സംവിധായകനായി പദ്‌മകുമാറിലേക്ക് എത്തിയത് എങ്ങനെ

ചിത്രം സ്വയം സംവിധാനം ചെയ്യണമെന്നു തന്നെയാണ് കരുതിയത്. എന്നാൽ സംവിധാനമെന്നത് വളരെ സങ്കീർണ‌മാണെന്ന് പിന്നീട് മനസിലായി. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തയാൾക്ക് അത്ര പെട്ടെന്നു ചെയ്യാൻ കഴിയുന്ന ഒന്നല്ല അത്. വളരെ കൃത്യതയോയടെ, വ്യക്തതയോടെ സംവിധായകൻ പ്രവർത്തിച്ചാൽ മാത്രമേ സിനിമയ്ക്ക് പ്രേക്ഷകരിൽ ഒരു ഇഫക്‌ട് ഉണ്ടാക്കാൻ കഴിയൂ. സംവിധാനത്തിൽ എനിക്ക് അത്രത്തോളം കൃത്യത വരാൻ സമയമെടുക്കും. തുടർന്ന് ഒരു സുഹൃത്ത് വഴി പദ്മകുമാറിനെ സമീപിക്കുകയായിരുന്നു

സിനിമയിലേക്ക് എത്താൻ പ്രേരിപ്പിച്ചത് “ചരമപ്പേജ്’

മണിയാർ ക്യാംപിൽ വച്ചു നടന്ന പൊലീസ് ബാച്ച് മീറ്റിൽ വച്ച് സുഹൃത്തും ചെറുകഥാകൃത്തുമായ നിതീഷുമായി കഥകളെക്കുറിച്ച് സംസാരിച്ചു. അപ്പോഴാണ് ഉള്ളിലെ കഥകളെക്കുറിച്ച് ബോധ്യമുണ്ടായത്. പിന്നീട് ബാച്ച് മീറ്റിന്‍റെ ഭാഗമായുള്ള മാഗസിനിൽ സുഹൃത്തുക്കൾ നിർബന്ധിച്ചപ്പോൾ ചരമപ്പേജ് എന്നൊരു കഥയെഴുതി. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞതോടെ മനസിൽ ആത്മവിശ്വാസം കൂടി. അങ്ങനെയാണ് തിരക്കഥയെഴുത്തുമായി മുന്നോട്ട് പോയത്. സ്കൂളിലും കോളെജിലുമൊന്നും കഥയോ കവിതയോ എഴുതിയിട്ടുള്ള ആളല്ല ഞാൻ.

ആത്മവിശ്വാസം തന്നത് സുഹൃത്തുക്കൾ.

സുഹൃത്തുക്കളാണ് എപ്പോഴും പിന്തുണയുമായി കൂടെയുള്ളത്. ഡിപ്പാർട്ട്മെന്‍റിൽ നിന്നും മേൽ ഉദ്യോഗസ്ഥരിൽ നിന്നും നല്ല പ്രോൽസാഹനമാണ് ലഭിച്ചത്. സിനിമ ചെയ്യണമെന്ന ആഗ്രഹം മനസിൽ കയറിക്കൂടിയപ്പോൾ ഒരു ഷോർട്ട് ഫിലിം തയ്യാറാക്കാൻ പറഞ്ഞത് അവരാണ്. ആഷിക് അബുവടക്കം ജൂറി അംഗമായ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കണമെന്ന ആഗ്രഹം തോന്നി. ഷോർട്ട് ഫിലിമുകളെക്കുറിച്ച് കൂടുതലറിയാൻ ചേർത്തല ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പോയി. അവിടെ വച്ച് തിരക്കഥാകൃത്തായ ശ്യാം പുഷ്കരനെ കാണാൻ കഴിഞ്ഞു. അദ്ദേഹവുമായി സംസാരിച്ചു. സുഹൃത്തായ ജോഷി നിർമാക്കാമെന്നേറ്റു. അങ്ങനെ ആറു അവാർഡുകൾ നേടിയ ഇൻഗ്ലോറിയസ് ലൈഫ് എന്ന ഷോർട്ട് ഫിലിം ജനിച്ചു.

എല്ലാത്തിനും പിന്തുണയായി ഭാര്യ

ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് എന്‍റെ കുടുംബം ഭാര്യ സബീന വി-ഗാർഡ് സ്റ്റാഫാണ്. സിനിമാമോഹവുമായി ഇറങ്ങിയപ്പോൾ ഏറ്റവുമധികം പിന്തുണച്ചത് സബീനയാണ്. കുടുംബത്തെ നോക്കാൻ അവൾ മുന്നിൽ നിന്നു. ആലപ്പുഴയിലാണ് വീട്. ഇപ്പോൾ കോട്ടയത്ത് പൊലീസ് കോർട്ടേഴ്സിലാണ് താമസം. സിനിമാ ചർ‌ച്ചകൾക്കായുള്ള യാത്രകളെല്ലാം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.

“ജോസഫി’നെക്കുറിച്ച്

പൊലീസുകാരനായതു കൊണ്ടുതന്നെ മനസിൽ രൂപപ്പെട്ടത് ഒരു പൊലീസുകാരന്‍റെ കഥയാണ്. റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനായ ജോസഫിനെയാണ് ജോജു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ത്രില്ലർ കഥയാണ് ചിത്രത്തിന്‍റേത്. ജോസഫായെത്തുന്ന ജോജുവിനു പുറമേ ദിലീഷ് പോത്തൻ, സുധീ കോപ്പ, ഇർഷാദ്, ഇടവേള ബാബു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആത്മീയയാണ് നായിക. നവംബർ 16 ന് ചിത്രം തിയറ്ററുകളിലെത്തും