‘ഇതുവരെ ചെയ്തതില്‍ ഏറ്റവും സംതൃപ്തി നല്‍കിയ ചിത്രം ഇരുവര്‍’ – സന്തോഷ് ശിവന്‍

മണിരത്‌നം-സന്തോഷ് ശിവന്‍ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ പിറക്കുന്ന വിസ്മയക്കാഴ്ച്ചകള്‍ എന്നും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അതീവ ദൃശ്യചാരുത പകർന്ന ഫ്രെയിമുകൾ സന്തോഷ് ശിവന്റെ ഛായാഗ്രഹണത്തില്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ മണിരത്‌നം അവയെ കൂടുതല്‍ മികച്ച സിനിമകളിലേക്ക് വിളക്കി ചേർക്കുകയുണ്ടായി . എന്നാല്‍ തങ്കിക്ക് വ്യക്തിപരമായി ഏറ്റവും കൂടുതല്‍ സംതൃപ്തി നല്‍കിയ ചിത്രം ഇരുവർ ആണെന്ന് സന്തോഷ് ശിവൻ പ്രതികരിച്ചു.

“ഇതുവരെ ചെയ്ത സിനമകളില്‍ എനിക്ക് ഏറ്റവും സംതൃപ്തി നൽകിയ ചിത്രം ഇരുവര്‍ ആണ്. ക്രിയാത്മകമായ സംതൃപ്തി എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. പ്രകാശ് രാജും തബുവും നിലത്ത് കിടക്കുന്ന ടോപ്പ് ആംഗിള്‍ ഷോട്ടുണ്ട് ചിത്രത്തിൽ. ഒരുപാട് ശ്രമങ്ങൾക്ക് ശേഷമാണ് ആ ഷോട്ട് ചിത്രീകരിച്ചത്. ആളുകള്‍ ഇപ്പോഴും ആ ഷോട്ടിനെ കുറിച്ച് എന്നോട് അഭിപ്രായങ്ങൾ പറയാറുണ്ട്’ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് ശിവന്റെ ഈ പ്രതികരണം.

തമിഴ് രാഷ്ട്രീയത്തിലെ അതികായർ ആയ എം.ജി.ആറി.ന്റേയും കരുണാനിധിയുടേയും ജയലളിതയുടേയും കഥ പറഞ്ഞ ചിത്രമാണ് ഇരുവര്‍. ചിത്രത്തെ മണിരത്‌നത്തിന്റെ ഏറ്റവും മികച്ച ചിത്രമായി ചിലര്‍ വിലയിരുത്തുമ്പോള്‍ എ.ആര്‍. റഹ്മാന്റെ മാസ്റ്റര്‍പീസാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ എന്ന് കരുതുന്നവരുമുണ്ട്. മുന്‍ വിശ്വസുന്ദരി ഐശ്വര്യ റായ് അഭിനയിച്ച ആദ്യ ചിത്രമെന്ന ഖ്യാതിയും ചിത്രത്തിനുണ്ട്.