ചാലക്കുടിക്കാരൻ ചങ്ങാതി 28ന്.. കലാഭവൻ മണിചേട്ടന്‍റെ വേഷത്തിൽ രാജാമണി

അകാലത്തിൽ വിട പറഞ്ഞ താരം കലാഭവൻ മണിയുടെ ജീവിതം പറയുന്ന ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതി ഈ മാസം 28-ന് തിയേറ്ററുകളിൽ എത്തുന്നു. വിനയൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരം സ്വദേശിയും മിമിക്രി താരവുമായ രാജാമണിയാണ് ചിത്രത്തിൽ കലാഭവൻ മണിയെ അവതരിപ്പിക്കുന്നത്.

“ഏതൊരു ജൂനിയർ ആർട്ടിസ്റ്റിന്റെയും ആഗ്രഹമാണ് സിനിമയിൽ ഒരു മികച്ച തുടക്കം. സിനിമയിൽ നല്ലൊരു സ്ഥാനം ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. അതിനായുള്ള പരിശ്രമത്തിന്റെ ഭാഗമായി സിനിമയിലും ഒരുപാട് ടിവി പരിപടികളിലും പങ്കെടുത്തിട്ടുണ്ട്. ചെറുതായി തുടങ്ങിയിട്ട് സിനിമയിൽ സജീവമാകാനായിരുന്നു ആഗ്രഹം. എന്നാൽ ദൈവം എനിക്ക് അതിനേക്കാൾ മികച്ച അവസരങ്ങൾ നൽകി.

ചാലക്കുടിക്കാരൻ ചങ്ങാതിയിലേക്ക് ക്ഷണം ലഭിച്ചപ്പോൾ ആദ്യം കരുതിയത് മണിചേട്ടന്റെ യൗവനകാലം അവതരിപ്പിക്കാൻ ആയിരിക്കും എന്നാണ് കരുതിയത്. എന്നാൽ മണിചേട്ടന്റെ ജീവിതം ആദ്യാവസാനം ഞാനായിരിക്കും അവതരിപ്പിക്കുക എന്ന വിനയൻ സാറിന്റെ വാക്കുകൾ എന്നെ ഏറെ അത്ഭുതപ്പെടുത്തി. ഒരു മിമിക്രി താരം എന്ന നിലയിൽ മണിചേട്ടന്റെ ജീവിതം അവതരിപ്പിക്കാൻ എനിക്ക് കിട്ടിയ അവസരം ഞാൻ അഭിമാനമായി കാണുന്നു.” – രാജാമണി പറഞ്ഞു.

കലാഭവൻ മണിയുടെ ആദ്യകാല ജീവിതവും സിനിമയിലേക്കുള്ള ചുവടുവെപ്പും സിനിമയിൽ ഉണ്ടായ ഉയർച്ചയും താഴ്ചയും എല്ലാം ഒപ്പിയെടുക്കുന്ന ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കി സംഭവിച്ച കലാഭവൻ മണിയുടെ അകാല വിയോഗവും ചിത്രത്തിൽ ചർച്ചയാകുന്നു.