സൗഹൃദത്തിന്റെ നന്മയാണ് ‘നാം’.. റിവ്യൂ വായിക്കാം..

ജോഷി തോമസ് പള്ളിക്കൽ എന്ന നവാഗത സംവിധായകൻ ഒരുക്കിയ ചിത്രം നാം ഇന്ന് തിയേറ്ററുകളിൽ റിലീസാകുകയുണ്ടായി. നിരവധി യുവ താരങ്ങളെയും പുതുമുഖങ്ങളെയും അണിനിരത്തിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾ വളരെ പുതുമ പുലർത്തിയത് ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെ ചിത്രത്തിലെ ഗാനങ്ങൾ റിലീസായതും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഏറ്റവും ആകർഷണീയമായി തോന്നിയത്. ട്രെയ്‌ലറിലെ ചില മുഖങ്ങൾ പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിച്ചിരുന്നു. നാം എന്ന ചിത്രത്തിന്റെ വിശദമായ റിവ്യൂ വായിക്കാം..

കോളേജ് വിദ്യാർത്ഥികളായ സുഹൃത്തുക്കളുടെ യാത്രയുടെ ഇടയിൽ കണ്ടുമുട്ടുന്ന ഒരു വ്യക്തിയുമായി തങ്ങളുടെ കഥ പങ്കുവയ്ക്കുന്നതും, പിന്നെ അവരുടെ കഥയുമാണ് ചിത്രത്തിന് പ്രമേയമാകുന്നത്. പല ജീവിത സാഹചര്യങ്ങളിൽ നിന്ന് കോളേജിൽ പഠിക്കുവാനെത്തുന്നവർ സുഹൃത്തുക്കൾ ആകുന്നതും, അവരുടെ സന്തോഷവും ആഘോഷങ്ങളുമാണ് ചിത്രത്തിൽ ആദ്യം ഉൾപ്പെടുത്തിയിട്ടുള്ളത്. ജീവിതത്തിൽ സൗഹൃദത്തിന് വളരെ അധികം പ്രാധാന്യം നൽകുന്ന ധാരാളം ആളുകളെ നമുക്ക് കാണാൻ സാധിക്കും. വേണ്ട സമയത്ത് തന്റെ സുഹൃത്തുക്കളെ സഹായിക്കുന്നവനാണ് യഥാർത്ഥ സുഹൃത്താവുന്നത്. ഇത്തരം ഒരു സാഹചര്യത്തെ തരണം ചെയ്യുന്ന ഒരുകൂട്ടം സുഹൃത്തുക്കളുടെ കഥയാണ് നാം എന്ന ചിത്രം വരച്ചുകാട്ടുന്നത്. കലാലയ ജീവിതമാണ് നാമിൽ ഒരു പ്രധാന വിഷയം. യഥാർത്ഥ ജീവിതത്തിലെ ചില സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്ന് മുൻപ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു.

ശബരീഷ് വർമ്മ, അദിതി രവി, ഗായത്രി സുരേഷ്, രാഹുൽ മാധവ്, നോബി, മെറീന മൈക്കിൾ, ടോണി എന്നിങ്ങനെ നീളുന്ന യുവ നടന്മാരുടെ വലിയൊരു നിര തന്നെ ചിത്രത്തിൽ ഉണ്ട്. മുതിർന്ന താരങ്ങളായ രഞ്ജി പണിക്കർ, തമ്പി കണ്ണന്താനം, നന്ദു തുടങ്ങിയവരും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പുതുമുഖ താരങ്ങളുടെ വലിയൊരു നിരയും ഈ ചിത്രത്തിൽ സംവിധായകൻ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാവരും അവരവരുടെ ഭാഗങ്ങൾ വൃത്തിയായി അഭിനയിക്കുകയാണ് ഉണ്ടായത്.

സന്ദീപും അശ്വിനും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ധാരാളം ഗാനങ്ങൾ ഈ ചിത്രത്തിൽ ഉൾപെടുത്തിയിട്ടുണ്ട്. ശബരീഷ് വർമ്മയുടെ വരികൾ ഒരിക്കൽക്കൂടി പ്രേക്ഷകരെ ആകർഷിക്കാൻ ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നുണ്ട്. സുധിർ കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്.

സൗഹൃദത്തിന്റെ വിലയറിയുന്ന വ്യക്തികൾ ഇന്നും സമൂഹത്തിൽ ജീവിക്കുന്നുണ്ടെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് നാം. കോലാഹലങ്ങളോ ഒച്ചപ്പാടുകളോ അനാവശ്യ മസാലകളോ ഒന്നും തന്നെ ഇല്ലാത്ത നല്ലൊരു ചിത്രമാണ് നാം എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും. യുവാക്കളെ ഈ ചിത്രം ആകർഷിക്കുമെന്ന് ഉറപ്പാണ്. കുടുംബ പ്രേക്ഷകർക്കും ഇഷ്ടപെടുന്ന തരത്തിലുള്ള ചിത്രമാണ് നാം. സൗഹൃദത്തിന്റെ നന്മ നാം ഭംഗിയായി വരച്ചുകാട്ടുന്നു.