ഒരു സ്ഥിരം ക്യാംപസ് ചിത്രം എന്നതിലുപരി നന്മയുള്ള ഒരു കഥ പറയുന്ന സിനിമയാകണം ഇതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.. ‘നാം’ സംവിധായകൻ ജോഷി തോമസ് പള്ളിക്കൽ മനസുതുറക്കുന്നു..

നമ്മുടെയൊക്കെ ജീവിതത്തിൽ ഒരു പക്ഷെ ഏറ്റവും നിറമാർന്ന ഓർമ്മകൾ സമ്മാനിച്ചത് നമ്മുടെ കലാലയ ജീവിതമായിരിക്കും. പ്രചോദനമായ. അധ്യാപകരും , രസകരമായ സംഭവങ്ങളും, നന്മ നിറഞ്ഞ സൗഹൃദങ്ങളും, അല്ലറ ചില്ലറ വഴക്കുകളും, രാഷ്ട്രീയവും പ്രണയവുമൊക്കെ കൂടി കലർന്ന ക്യാംപസ് ജീവിതം. ഇതാണ് നമ്മുടെയൊക്കെ കാഴ്ചപ്പാടിലുള്ള ക്യാംപസ് ചിത്രങ്ങളുടെ ഇതിവൃത്തം. നാളിതുവരെ പുറത്തുവന്ന മികച്ച ക്യാംപസ് ചിത്രങ്ങളെല്ലാം തന്നെ ഈ പറഞ്ഞ ചേരുവകൾ ചേർത്താണ് നമ്മളുടെ മുന്നിൽ എത്തിച്ചിരുന്നത്. എന്നാൽ അവയിൽ നിന്നുമൊക്കെ വ്യത്യസ്തമായി കാലത്തിന്റെ മാറ്റവും , സൗഹൃദത്തിന്റെ നന്മയും, ഒപ്പം മനസ്സിൽ സൂക്ഷിക്കാൻ കുറെ നല്ല കഥാപാത്രങ്ങളുമായിട്ടാണ് നാം എന്ന ചിത്രം ഇന്ന് റിലീസ് ആകുന്നത്.

യുവത്വം തുളുമ്പുന്ന സംഗീതവും, മനോഹരമായ ഫ്രെമുകളിൽ പകർത്തിയ ദൃശ്യങ്ങളുമായി നാം എന്ന ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതാണ്.
ചിത്രം പ്രേക്ഷകരിലേക്ക് എത്തുമ്പോൾ ജോഷി തോമസ് പള്ളിക്കൽ എന്ന നിർമ്മാതാവും സംവിധായകനും, ചിത്രത്തിനെ പറ്റിയും , നാം എന്ന വികാരത്തെ പറ്റിയുമൊക്കെ പ്രതീക്ഷയോടെയാണ് നമ്മളോട് സംസാരിക്കുന്നത്.

Sajna : നാം എന്ന ചിത്രത്തിനെകുറിച്ച് ?

Joshy : നാം എന്നാൽ നമ്മൾ എന്നാണ് . നമ്മൾ ഒറ്റക്കെട്ടാണ് എന്ന ഒരു വികാരമാണ് ചിത്രത്തിലുടനീളം പ്രതിഫലിക്കുന്നത്. ഒരു സ്ഥിരം ക്യാംപസ് ചിത്രം എന്നതിലുപരി നന്മയുള്ള ഒരു കഥ പറയുന്ന സിനിമയാകണം ഇതെന്ന് എനിക്ക് നിര്ബന്ധമുണ്ടായിരുന്നു. നമ്മൾ എല്ലാരും തീയേറ്ററിൽ പോയി സിനിമ കാണുന്നത് അത് പൂർണമായും ആസ്വദിക്കാനും ഒപ്പം സന്തോഷത്തോടെ രണ്ടു രണ്ടര മണിക്കൂർ ചിലവഴിക്കാനും ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടു തന്നെ ഈ സിനിമയും അത്തരത്തിൽ സന്തോഷം ഉള്ള ഒരു അനുഭവമായി , മായാത്ത ഓർമ്മയായി പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കണം എന്നാണ് ആഗ്രഹവും . തികച്ചും വ്യത്യസ്തമായ ഒരന്തരീക്ഷത്തിൽ ചിത്രീകരിക്കുകയും, അതിന് അനുയോജ്യമായ വേഷവിധാനങ്ങളും , അവതരണ ശൈലിയും എല്ലാമാണ് ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .

Sajna : കഥ, തിരക്കഥ, നിർമ്മാണം, സംവിധാനം ഇവയെല്ലാം കൈകാര്യം ചെയ്തത് ഒരേ ആൾ തന്നെ? എല്ലാത്തിനും ഒടുവിൽ നാം തിയറ്ററിൽ എത്തുമ്പോൾ എന്താണ് മനസ്സിൽ ?

Joshy : ഇനി നാം എന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുമ്പോഴാണ് ഞങ്ങളുടെ കൂട്ടായ്മയുടെ പരിശ്രമത്തിന് അർത്ഥമുണ്ടാകുന്നത്. അവിടെയാണ് ആ സിനിമ വിജയിക്കുന്നതും . ആദ്യമായി ചിറകു വിടർത്തി കലാലയത്തിലേക്ക് പോകുന്ന മക്കളെ കുറിച്ച് ഏതൊരു രക്ഷാകർത്താവിനും ഉണ്ടാകും, പല തരം ചിന്തകളും ഭയവും എല്ലാം . മക്കൾക്ക് അവിടെ ഉരുത്തിരിയുന്ന സൗഹൃദ ബന്ധങ്ങളാവും ഇവരെ ഏറ്റവും കൂടുതലായി അലട്ടുന്നതും. ഈ ചിത്രം പക്ഷെ ചൂണ്ടി കാണിക്കുന്നത് മറ്റൊന്നാണ്. നല്ലൊരു സൗഹൃദത്തിന് എപ്പോഴും സുരക്ഷിതത്വത്തിന്റെ തണൽ ഉണ്ടാകും. അവിടെ ആൺ പെൺ വേർതിരിവുകൾ ഇല്ല. സുഹൃത്തുക്കൾക്കിടയിൽ ഞാൻ എന്നോ നീ എന്നോ ഇല്ലാതെ പകരം നമ്മൾ എന്നതിനാവും പ്രാധാന്യം നൽകുക. പലതരം സാഹചര്യങ്ങളിൽ നിന്നും വരുന്ന കുട്ടികൾ ഒറ്റക്കെട്ടായി നിൽക്കുന്ന, സാമൂഹിക പ്രസക്തിയുള്ള, നല്ല സൗഹൃദത്തെ ആഘോഷിക്കുന്ന ഒരു ക്യാംപസ് ചിത്രമാണ് നാം. പരിമിതമായ ബഡ്ജറ്റിൽ തീർത്ത ചിത്രമാണിത്. എങ്കിലും ഒരു ക്യാംപസ് ചിത്രത്തിന് വേണ്ട ചേരുവകൾ എല്ലാം തന്നെ ഈ ചിത്രത്തിലുമുണ്ട്. എല്ലാത്തിലും ഉപരി ഇത് എന്റെ തന്നെ അനുഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞ കഥയാണ്. അത് അത്രതന്നെ സത്യസന്ധതയോടെ അവതരിപ്പിക്കാനും ഞാൻ ശ്രമിച്ചിട്ടുണ്ട്.

Sajna : നാം എന്ന ചിത്രത്തിലെ അഭിനേതാക്കൾ, അണിയറ പ്രവർത്തകർ, ഇവരെ കുറിച്ച് പറയാമോ ?

Joshy : ഇതിന്റെ കഥ തിരക്കഥ സംവിധാനം നിർമ്മാണം എന്നിവ ഞാൻ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. 140-ഓളം പുതുമുഖങ്ങളെ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട് ഈ ചിത്രത്തിൽ. അദിതി രവി, ടോണി ലുക്ക് എന്നിവരുടെ ആദ്യ ചിത്രം ശെരിക്കും നാം ആണ്. ആദ്യം റിലീസ് ആയത് പക്ഷെ മറ്റു ചിത്രങ്ങളായിരുന്നു. കൂടാതെ ഗായത്രി സുരേഷ് ,രാഹുൽ മാധവ്, മറീന, രഞ്ജി പണിക്കർ തുടങ്ങിയവരും ഈ സിനിമയിൽ അണിനിരക്കുന്നു. സംഗീതം ഒരു പ്രധാന ഘടകമാണ് ഈ സിനിമയിൽ. അത് തികച്ചും മനോഹരമായി തന്നെ അശ്വിൻ ശ്രീനിവാസനും സന്ദീപും ചേർന്ന് ഒരുക്കിയിട്ടുണ്ട്. വരികൾ ശബരീഷ് വര്മയുമാണ്. ഇതിലെ പാട്ടുകൾ ഇതിനോടകം തന്നെ പ്രേക്ഷകർ സ്വീകരിച്ചു എന്നത് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്. എടുത്ത് പറയേണ്ട മറ്റൊരു കാര്യം ഇതിലെ ഛായാഗ്രഹണവും, ചിത്രസംയോജനവും ആണ്. സുധിയും കാർത്തിക് നല്ലമുത്തുവും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ആന്റണി നിഖിൽ വർഗീസ്, ഉണ്ണികൃഷ്ണൻ പി.പി. എന്നിവരാണ് ചിത്രസംയോജനം കൈകാര്യം ചെയ്തത് .

Sajna : നാം എന്ന ചിത്രത്തിൽ ഇനിയുമുണ്ടല്ലോ ഒട്ടേറെ പ്രത്യേകതകൾ. ഗൗതം മേനോൻ എന്ന പ്രഗത്ഭ സംവിധായകന്റെ ആദ്യ മലയാളം സിനിമ എന്നത് അതിൽ ഒന്നുമാത്രമാണ്. അതിനെ കുറിച്ച് ?

Joshy : അതെ, അതൊക്കെ ഒരു ഭാഗ്യമായി കണക്കാക്കുന്നു . അദ്ദേഹം അതിൽ ഗൗതം മേനോൻ എന്ന ഫിലിം മേക്കർ ആയിട്ട് തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു കൂട്ടം സുഹൃത്തുക്കൾ, അവരുടെ ഒപ്പമുള്ള സുഹൃത്തിനു വേണ്ടി ചെയ്യുന്ന ചില കാര്യങ്ങൾക്കു ഗൗതം മേനോൻ നിമിത്തമാകുന്നു എന്നതാണ് സന്ദർഭം .ചിത്രത്തിനെ കുറിച്ച് വ്യക്തമായ ഒരു ധാരണ കൊടുത്തതിന് ശേഷം പൂർണ ബോധ്യമായിട്ടാണ് അദ്ദേഹം ഈ കഥാപാത്രം ഏറ്റെടുക്കുന്നത് . കൂടാതെ വിനീത് ശ്രീനിവാസൻ, ടോവിനോ എന്നവരും ഇതിൽ അഥിതി താരങ്ങളായി എത്തുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. മാത്രമല്ല എ ആർ റഹ്മാനെയും അദ്ദേഹത്തിന്റെ സംഗീതത്തേയും ആരാധിക്കുന്ന സുഹൃത്തിന് വേണ്ടി ഒറ്റക്കെട്ടായി നിൽക്കുന്ന സൗഹൃദത്തിന്റെ കഥകൂടിയാണ് നാം .

Sajna : നമ്മൾ ഇത്രയും നേരം സംസാരിച്ചത് നാം എന്ന ചിത്രത്തെ കുറിച്ചാണ്. ജോഷി തോമസ് എന്ന സംവിധായകനെ കുറിച്ച്? ഈ യാത്രയിൽ സ്വാധീനിച്ച സംവിധായകരെ കുറിച്ച് ?

Joshy : യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന സിനിമകളാണ് എന്റെ മനസ്സിൽ ഉള്ളത് . സിനിമ കാണുന്നവർക്ക് അവരുടെ അനുഭവങ്ങളുമായി ചേർത്ത് വെക്കാൻ കഴിയണം അതിലെ കഥയും കഥാപാത്രങ്ങളും. കുടുംബവുമായി തീയേറ്ററിൽ സിനിമ കണ്ട്