സൗഹൃദവും, ഒരുപിടി ഗതകാലസുഖസ്‌മരണകളും നൽകി തൊബാമ.. റിവ്യൂ വായിക്കാം

നവാഗതനായ മുഹ്‌സിൻ കാസിം സംവിധാനം ചെയ്ത തൊബാമ ഇന്ന് തിയേറ്ററുകളിൽ എത്തി. വലിയ കോലാഹലങ്ങൾ ഒന്നും സൃഷ്ട്ടിക്കാതെയാണ് തോബാമ തിയേറ്ററുകളിൽ എത്തിയത്. അത്കൊണ്ട് തന്നെ അമിത പ്രതീക്ഷയുടെ ഭാരമില്ലാതെ തന്നെ ചിത്രം കണ്ടു തുടങ്ങാൻ സാധിക്കും. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മിനി സ്റ്റുഡിയോയിലൂടെ ബാനറിൽ സുകുമാർ തെക്കേപ്പാട്ടും, അൽഫോൻസ് പുത്രനും ചേർന്നാണ്. സംവിധായകൻ എന്ന അറിയപ്പെട്ടിരുന്ന അൽഫോൻസ് ഇപ്പോൾ നിർമ്മാണ രംഗത്തേക്കും കാലെടുത്തു വച്ചിരിക്കുകയാണ്. രണ്ടു ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ ഒരു ചിത്രം നിർമ്മിക്കാൻ ഒരുങ്ങുന്നുണ്ടെങ്കിൽ ആ ചിത്രതിന് എന്തെങ്കിലും പ്രത്യേകത കാണും. ചിത്രത്തിന്റെ വിശകലനത്തിലേക്ക് കടക്കാം.

തൊബാമ എന്ന ചിത്രം തൊമ്മി, ബാലു, മമ്മു എന്നിങ്ങനെ മൂന്നു കഥാപാത്രങ്ങളുടെ സൗഹൃദമാണ് ചർച്ച ചെയ്യുന്നത്. സൗഹൃദം എന്നത് പരസ്പര വിശ്വാസം, ഒത്തൊരുമ, സ്നേഹം എന്നിവയുടെ ഒരു സങ്കലനമാണ്. തോബാമയിൽ ഈ മൂന്നുകൂട്ടുകാരും, അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില അപ്രതീക്ഷിതമായ പ്രശ്നങ്ങളും, വഴിത്തിരുവുകളുമാണ് വരച്ചുകാട്ടുന്നത്. പണം എന്ന ദ്രവ്യത്തിനായി മനുഷ്യൻ കാണിക്കുന്ന ചില അഭ്യാസങ്ങളും അവ വരുത്തിവയ്ക്കുന്ന വിനാശങ്ങളുമാണ് ചിത്രത്തിനെ മുൻപോട്ട് കൊണ്ടുപോകുന്നത്.

ഒരു നവാഗത സംവിധായകൻ എന്ന നിലയിൽ മുഹ്‌സിൻ ഈ ചിത്രത്തിന്റെ ദൃശ്യ ഭാഷയിൽ ധാരാളം പരീക്ഷണങ്ങൾക്ക് മുതിർന്നിട്ടുണ്ട്. സ്ഥിരമായി കണ്ടുവരുന്ന സീൻ കോംപോസിഷനുകളോ, ഷോട്ടുകളോ അല്ല, തികച്ചും പുതുമ ഉണർത്തുന്ന ഛായാഗ്രഹണം ആണ് ഈ ചിത്രത്തിന്. ചിത്രത്തിലെ ഗാനങ്ങൾ സീനുകളുടെ മൂഡിനെ പിന്തുണയ്ക്കുന്ന രീതിയിൽ ഉള്ളവയാണ്. രാജേഷ് മുരുകേശൻ വീണ്ടും ചില നല്ല ഗാനങ്ങൾ മലയാളത്തിന് നൽകിയിരിക്കുന്നു.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കൃഷ്ണ ശങ്കർ, ഷറഫുദ്ധീൻ, സിജു വിൽ‌സൺ എന്നീ താരങ്ങൾ അവരുടെ കൂട്ടുക്കെട്ടിന്റെ ഐശ്വര്യം വീണ്ടും ആവർത്തിച്ചിരിക്കുകയാണ്. ഈ ചിത്രത്തിൽ. ചിത്രത്തിലെ കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചവർ നീതി പുലർത്താൻ ശ്രമിച്ചു.

ഒരു പുതിയ സിനിമാ അനുഭവം മനസ്സിൽകണ്ട് തിയേറ്ററുകളിൽ എത്തുന്ന പ്രേക്ഷകരെ ഒരിക്കലും തൊബാമ നിരാശപ്പെടുത്തില്ല. യുവാക്കളാണ് ഈ ചിത്രത്തിലെ കഥാപാത്രം എന്നത്കൊണ്ട് കുടുംബ പ്രേക്ഷകർ കാണാൻ ഒരു മടിയും കാണിക്കേണ്ട ആവശ്യമില്ല. എല്ലാ പ്രായത്തിൽ ഉള്ളവരെയും ഈ ചിത്രം തൃപ്തിപെടുത്തും.