‘രണ്ടാമൂഴ’ത്തിലെ ഭീമനിലേക്കുള്ള തുടക്കമാണ് ‘ഒടിയനി’ലെ ഈ ശരീരമാറ്റം : മോഹൻലാൽ

ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തിന് വേണ്ടി തന്റെ ശരീരഭാരം കുറച്ച് എത്തിയ മോഹൻലാൽ തന്നെയാണ് ഇന്നും സോഷ്യൽ മീഡിയകളിലെ ചർച്ച. എന്നാൽ ശരീരത്തിൽ സംഭവിച്ച ഈ മാറ്റത്തെക്കുറിച്ച് മോഹൻലാലിനും ചിലത് പറയാനുണ്ട്.

മനോരമ ഓൺലൈനിന് നൽകിയ ഒരു അഭിമുഖത്തിൽ മോഹൻലാൽ എന്തിനാണ് താൻ ഈ സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറച്ചത് എന്നു പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലെ പ്രസക്ത ഭാഗങ്ങൾ ചുവടെ…

‘ഒടിയൻ’ പോലുള്ള സിനിമകൾ എപ്പോഴെങ്കിലും സംഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തിനു വലിയ തയ്യാറെടുപ്പുകൾ വേണ്ടിവരും. പല കാലഘട്ടത്തിലുള്ള മാണിക്കനെയാണു ഒടിയനിൽ അവതരിപ്പിക്കുന്നത്. രണ്ടു കാലഘട്ടത്തിലെ തൊട്ടടുത്ത സീനുകളിലായി വരുന്നുണ്ട്. ഒരു പാടു പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു സാധാരണ മനുഷ്യനാണ് മാണിക്കൻ എന്ന ഒടിയൻ. ഈ വ്യത്യാസം എന്റെ ശരീത്തിനു കാണിക്കാനായില്ലെങ്കിൽ ആ സിനിമ പൂർണ്ണമാകില്ല.

അതുകൊണ്ടാണു ഞാൻ എന്റെ ശരീരത്തെ കഥാപാത്രത്തിനു അനുസരിച്ചു പാകപ്പെടുത്താൻ തീരുമാനിച്ചത്. വേണമെങ്കിൽ രണ്ടാമൂഴത്തിലെ ഭീമനിലേക്കുള്ള യാത്രയുടെ തുടക്കമാണിത്. ഭീമൻ തടിയനല്ല. ശക്തിമാനാണ്. ശക്തിമാനാണെന്നു നടത്തത്തിലും നോട്ടത്തിലും ശരീരത്തിലും അറിയണം. ഒടിയനു ശേഷം അത്തരം തയ്യാറെടുപ്പുകൾ വേണം. അതിനായി ഞാനീ ശരീരത്തെ ഒരുക്കുകയാണ്.