ഭൂതകാലത്തില്‍ നില്‍ക്കാന്‍ ഇഷ്ടമല്ല; എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളുടെയെല്ലാം ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: പ്രിയാ രാമന്‍

കാശ്മീരം, സൈന്യം, മാന്ത്രികം, നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ താരമാണ് പ്രിയാരാമന്‍. സിനിമാപ്രേമികള്‍ എന്നും ഓര്‍ത്തുവെക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് അവര്‍ ജീവന്‍നല്‍കി.

വിവാഹശേഷം സിനിമയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും അവര്‍ ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരി തന്നെയാണ്. കുടുംബജീവിതത്തിലെ താളപ്പിഴകളില്‍ തളരാതെ കരുത്തോടെ മുന്നേറുകയാണ് പ്രിയയെന്ന ബിസിനസുകാരി ഇപ്പോള്‍. വിവാഹത്തെകുറിച്ചും കരിയറിനെ കുറിച്ചും കുടുംബത്തെ കുറിച്ചും വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ മനസുതുറന്നത്.

ജീവിതത്തില്‍ ആര്‍ക്കും വ്യക്തിത്വം മറികടന്ന് ഒരു കാര്യം ചെയ്യാനാവില്ലെന്നും അങ്ങനെ ചെയ്യുന്നതൊക്കെ വെറും അഭിനയം മാത്രമായിപ്പോകുമെന്നും പ്രിയ പറയുന്നു. സ്വന്തമായി ഒരുപാടു കാര്യങ്ങള്‍ ചെയ്യണമെന്നൊക്കെ മനസിലുള്ള ഒരാള്‍ അതിനെയൊക്കെ ചങ്ങലയിട്ടുപൂട്ടിയാല്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ അത് പൊട്ടിത്തെറിക്കുമെന്നും താന്‍ ഒരിക്കലും തന്റെ ആഗ്രഹങ്ങളെ ചങ്ങലയ്ക്കിട്ടു നിര്‍ത്തി മറ്റൊരാളായി ജീവിച്ചിട്ടില്ലെന്നും പ്രിയ പറയുന്നു.

ജീവിതത്തില്‍ പല തരത്തിലുള്ള പ്രതിസന്ധികളും ഉണ്ടായിട്ടുണ്ട്. ധൈര്യത്തോടെ നിന്ന് ആ ഭീഷണികളെയെല്ലാം നേരിട്ടിട്ടുണ്ട്. എനിക്ക് മുന്നിലെ വാതികളുകള്‍ ഞാനൊരിക്കലും അടച്ചിരുന്നില്ല. ഇന്ന ജോലി മാത്രമേ ചെയ്യൂ എന്നൊരിക്കലും ഞാന്‍ തീരുമാനിച്ചിട്ടില്ല. അഭിനയിച്ചു, പ്രൊഡ്യൂസറായി ഗ്രാനൈറ്റ് ബിസിനസ് ചെയ്തു, അങ്ങനെ എനിക്ക് മുന്നിലെത്തുന്ന എല്ലാ അവസരങ്ങളും ഏറ്റെടുത്തിട്ടുണ്ട്. – പ്രിയ പറയുന്നു.

വിവാഹമോചനത്തെ കുറിച്ചുള്ള ചോദ്യത്തിന് തന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുകയാണെന്നും അതേറ്റെടുക്കാന്‍ ധൈര്യം കാണിച്ചതോടെ തെറ്റുകള്‍ തിരുത്താനുള്ള ആത്മവിശ്വാസവും ഉണ്ടായെന്നുമായിരുന്നു താരത്തിന്റെ മറുപടി.

മറ്റുള്ളവരെ പഴിപറഞ്ഞുജീവിച്ചിരുന്നെങ്കില്‍ തനിക്ക് സന്തോഷത്തൊടെ ഇരിക്കാന്‍ കഴിയില്ലായിരുന്നു. നൂറ് ശതമാനം ആലോചിച്ച് നിയമപരമായ എല്ലാ കാര്യങ്ങള്‍ക്കും ശേഷമായിരുന്നു വേര്‍പിരിഞ്ഞത്. അത് വലിയ ചലഞ്ച് ആയിരുന്നു. മാനസികമായിഒരു പാട് പ്രയാസപ്പെടുകയും കരയുകയും ചെയ്തിട്ടുണ്ട്. ഏത് റിലേഷനും മുറിഞ്ഞുപോകുമ്പോള്‍ വേദനകള്‍ അനുഭവിക്കേണ്ടി വരും അതൊക്കെ നേരിടാന്‍ കഴിഞ്ഞെന്നും പ്രിയ പറയുന്നു.

ഭൂതകാലത്തില്‍ നില്‍ക്കാന്‍ എനിക്ക് ഇഷ്ടമല്ല. ഞാന്‍ ജീവിക്കുന്നത് ഇന്നലെകളിലോ നാളെയിലോ അല്ല. ഇന്നിനെ കുറിച്ച് മാത്രമേ ചിന്തിക്കാറുള്ളൂവെന്നും താരം അഭിമുഖത്തില്‍ പറയുന്നു.