സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഈ.മ.യൗ’വിന്‍റെ വിശേഷങ്ങളുമായി നമ്മോടൊപ്പം… INTERVIEW

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിച്ച അങ്കമാലി ഡയറീസിന്‍റെ വമ്പന്‍ വിജയത്തിന് ശേഷം അദ്ദേഹം അണിയിച്ചൊരുക്കുന്ന അടുത്ത സിനിമയാണ് ഈ.മ.യൌ അഥവാ ഈശോ മറിയം യൗസേപ്പ്.ഡിസംബര്‍ 1’ന് റിലീസാകാനിരിക്കുന്ന സിനിമയെക്കുറിച്ച് ജനങ്ങളുടെ ഇടയില്‍ ചിത്രത്തിനെക്കുറിച്ച് പലതരത്തിലുള്ള മുന്‍ധാരണങ്ങള്‍ ഉളവായ സാഹചര്യത്തില്‍ ചിത്രത്തിന്‍റെ വിശേഷങ്ങളെക്കുറിച്ച് സംവിധായകന്‍  ലിജോ ജോസ് പെല്ലിശ്ശേരി Online Peeps’നോട്‌ പങ്കുവെക്കുന്നു…

എന്താണ് ഈ.മ.യൗ ?

ഒരു കടലോര ഗ്രാമത്തിൽ ലാറ്റിൻ ക്രിസ്ത്യാനി സമൂഹത്തിൽ നടക്കുന്ന ഒരു മരണമാണ് സിനിമയുടെ വിഷയം.മരണ കുറിപ്പിന് മുകളിൽ വയ്ക്കുന്ന ഒരു ഷോർട്ട് ഫോം ആണ് ‘ഈ.മ.യൗ’. മരിക്കുന്നതിന് തൊട്ട് മുൻപ് ചൊല്ലുന്ന ഒരു പ്രാർത്ഥനയിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ‘ഈശോ മറിയം യൗസേപ്പ്’ എന്നത്. ഈ വാക്ക് മരിക്കുന്നതിന് മുൻപ് കേട്ടാൽ ഒരു നല്ല മരണം കിട്ടുമെന്നാണ് വിശ്വാസം.

മരണം എന്ന് പറയുന്ന സംഭവത്തിൽ ശരിക്കും ആ വീട്ടുകാരാണ് ഏറ്റവും ദുഖിതരാകുന്നത്. വരുന്ന ആളുകൾ കൂടുതലും കാഴ്ച്ചക്കാരായി വരുന്നവരാണ്. ആളുകൾ ആരെങ്കിലും നേരിട്ട് വന്നു വിളിച്ചില്ലെങ്കിൽ മരിച്ച വീട്ടിലേക്ക് പോകാത്ത തരത്തിലുള്ള ബാലിശമായ പ്രവർത്തികൾ കാണിക്കുന്നവരുണ്ട്.

അങ്ങനെ 360 ഡിഗ്രി ആംഗിളിൽ ഒരു വീട്ടിൽ നടക്കുന്ന മരണത്തിൻ്റെ പശ്ചാത്തലത്തിലാണ് സിനിമ. ആക്ഷേപഹാസ്യപരമായ രീതിയിൽ, എന്നാൽ ആ വിഷയത്തിൻ്റെ ഗൗരവം ചോർന്ന് പോകാതെ സിനിമ ട്രീറ്റ് ചെയ്യാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.

ഞാൻ ചെയ്‌ത സിനിമകളിൽ എനിക്ക് ഏറ്റവും അധികം വ്യക്തിപരമായി അടുപ്പം തോന്നുന്ന സിനിമ കൂടിയാണ് ‘ഈ.മ.യൗ’.

പി എഫ് മാത്യൂസ് എന്ന എഴുത്തുകാരൻ ‘കുട്ടിസ്രാങ്ക്’ എന്ന സിനിമയ്ക്ക് ശേഷം തിരക്കഥയൊരുക്കുന്ന സിനിമയാണ് ‘ഈ.മ.യൗ’. വ്യത്യസ്‌തമായ സിനിമാ വഴിയിലൂടെ സഞ്ചരിച്ച അദ്ദേഹം കൊമേഴ്‌സ്യൽ സിനിമയിലേക്ക് എത്തുമ്പോൾ എങ്ങനെ ഉണ്ട് ?

അവാർഡ് സിനിമ, കൊമേഴ്‌സ്യൽ സിനിമ എന്ന കാറ്റഗറി ഉണ്ടെന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ. സിനിമ ഒന്നേയുള്ളൂ. നല്ല സിനിമ എടുക്കാൻ ശ്രമിക്കുന്നു എന്നതാണ് അതിലെ കാര്യം. പത്മരാജൻ സിനിമകളെ നമ്മൾ എന്ത് കൊണ്ട് അവാർഡ് സിനിമകൾ എന്ന് പറയുന്നില്ല?

ഓരോ സിനിമയും നമ്മൾ തിരഞ്ഞെടുക്കുന്നത് ആ സംവിധായകനോ തിരക്കഥാകൃത്തിനോ പ്രേക്ഷകരോട് പറയാൻ ആഗ്രഹമുള്ള ഒരു സബ്ജക്ട് ഒത്തു വരുമ്പോഴാണ്. അങ്ങനെ തന്നെയാണ് പി. എഫ് മാത്യൂസിൻ്റെ കഥയിലേക്ക് എത്തുന്നതും.

ഒരു സറ്റയർ ആണ് ‘ഈ.മ.യൗ’..സറ്റയർ എന്നത് മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുമ്പോൾ ആക്ഷേപ ഹാസ്യം എന്നാണ് പൊതുവെ പറയുക. ശരിക്കും ഹാസ്യത്തിന് മുൻ‌തൂക്കം നൽകി ഒരുക്കിയ സിനിമയാണോ ഇത് ?

സമൂഹത്തിൻ്റെ ഒരു വിമർശനം…ജനങ്ങൾ ഇതിനെ നോക്കിക്കാണുന്ന വിധം. ഇതെല്ലാം സറ്റയറിൽ വരുന്നതാണ്. സറ്റയറിൻ്റെ മലയാളത്തിലേക്കുള്ള യഥാർത്ഥമായ തർജ്ജിമ ഈ സിനിമയുമായി എത്രത്തോളം യോജിക്കുമെന്ന് എനിക്ക് അറിയില്ല. ചെറിയ ചിരികൾ സിനിമയിലുണ്ട്. യഥാർത്ഥ ജീവിതത്തിൽ നടക്കുന്ന പല നർമ്മങ്ങളും ചിത്രത്തിലുണ്ട്. എന്നാൽ സിനിമ സ്ലാപ്പ്സ്റ്റിക്ക് കോമഡികൾ നിറഞ്ഞ ഒന്നല്ല.

‘അങ്കമാലി ഡയറീസി’ന് ശേഷം വലിയ താരങ്ങൾ ഒന്നും കൂടാതെ മറ്റൊരു സിനിമ..

‘അങ്കമാലി ഡയറീസ്’ ൻ്റെ സമയത്ത് ഞാൻ പറഞ്ഞിട്ടുണ്ട് ഒരു തിരക്കഥ വായിക്കുമ്പോൾ നമുക്ക് ഏറ്റവും കൃത്യമായി കഥാപാത്രങ്ങൾക്ക് നൽകേണ്ട മുഖങ്ങൾ മനസ്സിലേക്ക് വരും. അതാണ് കാസ്റ്ററിംഗിൻ്റെ ഓർഗാനിക് പ്രോസസ് എന്ന് തോന്നുന്നു. ഈ സിനിമയെ സംബന്ധിച്ച് കഥാപാത്രങ്ങൾക്ക് വേണ്ടി മനസ്സിൽ വന്ന മുഖങ്ങൾ ആയ അഭിനേതാക്കളിലേക്ക് ഞങ്ങൾ ചെന്നു.

അതിൽ ഞങ്ങൾ ഷൂട്ട് ചെയ്‌ത ചെല്ലാനം തുറമുഖത്തിന് ചുറ്റുവട്ടത്ത് താമസിക്കുന്ന ഒരുപാട് ആളുകൾ ഇതിൽ അഭിനയിച്ചിട്ടുണ്ട്. കുറച്ചു കൂടി ജീവിതത്തോട് ചേർന്ന് നിൽക്കാനും അവിടത്തെ ഭാഷാപരമായ കാര്യങ്ങൾ നന്നായി വരാനും കൂടിയാണ് ഇങ്ങനെ ഒരു മാർഗ്ഗം സ്വീകരിച്ചത്. അതിൻ്റെ ഗുണം സ്‌ക്രീനിലേക്ക് വന്നിട്ടുണ്ട് എന്ന് തന്നെയാണ് ഞങ്ങൾക്കും തോന്നിയത് .

‘ഡബിൾ ബാരൽ’ എന്ന സിനിമ റിലീസ് ചെയ്‌തതിനു ശേഷം താങ്കൾ ഫേസ്ബുക്കിൽ കുറിച്ച വാചകം ഇനിയും ‘NO PLANS TO CHANGE’ തന്നെയാണ്..ഇപ്പോഴും അത് തന്നെയാണോ താങ്കളുടെ നിലപാട് ?

അടുത്ത 10 വർഷത്തേക്ക് ഇനി എന്ത് തരം സിനിമകൾ ചെയ്യാം എന്ന പ്ലാനിംഗോടു കൂടിയൊന്നും നമുക്ക് മുന്നോട്ട് പോകാൻ പറ്റില്ല. ഒരു സിനിമ കഴിയുമ്പോൾ നമ്മുടെ മുൻപിലുള്ള വിഷയങ്ങളിൽ നിന്ന്, അതായത് മുൻപ് ഡിസ്‌കസ് ചെയ്തിട്ടുള്ളതും പിന്നീട് മുന്നിൽ വരുന്നതുമൊക്കെയായുള്ളവയിൽ നിന്ന് നമ്മളെ ഏറ്റവും അധികം എക്‌സൈറ്റ് ചെയ്യിക്കുന്ന, ഏറ്റവും വെല്ലുവിളി ഉയർത്തുന്ന വിഷയം തിരഞ്ഞെടുക്കുക. അത് മുൻപ് ചെയ്‌ത വിഷയങ്ങളുമായി സാമ്യം തോന്നാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. അതാണ് എൻ്റെ ആഗ്രഹവും. അങ്ങനെ ഉള്ള വിഷയങ്ങളും അങ്ങനെയുള്ള സിനിമകളും വരട്ടെ എന്നതാണ് എൻ്റേയും ആഗ്രഹം.

ഒരു സിനിമയുടെ പരാജയവും വിജയവും എങ്ങനെയാണ് എടുക്കുന്നത് ?

ഒരു സിനിമയുടെ പരാജയം എന്നെ ബാധിക്കില്ല എന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ല. എല്ലാക്കാലത്തും ആ വിഷമം തുടരാതിരിക്കുക എന്നതാണ് ചെയ്യേണ്ടത്. അത് അതിജീവിച്ച് മറികടന്നു വരിക. അതിലും മികച്ച ഒരു സിനിമ ചിന്തിക്കുക. അത്തരത്തിൽ ഒരു വിഷയവുമായി മുന്നോട്ട് വരിക. നമ്മുടെ വിശ്വാസത്തിനു എതിരായിട്ട് ഒരു സിനിമയാകരുത് എന്ന് മാത്രമേയുള്ളൂ. അത് മാത്രമാണ് ഞാൻ ഫോളോ ചെയ്യാൻ ശ്രമിക്കുന്നത്. അത് ചിലപ്പോൾ ഒരു തെറ്റായി പലർക്കും തോന്നാം. ഓരോരുത്തരുടെയും കാഴ്ച്ചപ്പാടിൻ്റെ വിശ്വാസമായിരിക്കും. എൻ്റെ രീതി ഇതാണ്.

അച്ഛൻ ജോസ് പെല്ലിശ്ശേരി എങ്ങനെ സ്വാധീനിച്ചു ?

ആരാണ് ഏത് മേഖലയിലേക്ക് വരിക എന്നത് നമുക്ക് ഒരിക്കലും നേരത്തെ പറയാൻ പറ്റില്ല. എന്നെ സംബന്ധിച്ചടത്തോളം ഞാൻ കണ്ടു വളർന്നത് ഡാഡി നടത്തിയിരുന്ന നാടക കമ്പനിയും മറ്റുമൊക്കെയാണ്. ഞാൻ ജനിച്ചു വളർന്ന സാഹചര്യത്തിൽ ഉണ്ടായ ടേസ്റ്റ് ആയിരിക്കും കാരണം. അത് കൊണ്ട് തന്നെ ചെറുപ്പം മുതലേ സിനിമയിലേക്കും നല്ല താൽപര്യമുണ്ടായത്.

സഹസംവിധയകനായി പോലും ജോലി ചെയ്യാതെ എങ്ങനെ സ്വതന്ത്ര സംവിധയകനാകാൻ സാധിച്ചു ?

ലോകത്ത് എല്ലാപേരുടെയും ഉള്ളിൽ ഒരു സംവിധായകൻ ഉണ്ടെന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. ഒരു കഥ നമുക്ക് മനസ്സിൽ വിഷ്വലൈസ് ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ അയാളുടെ ഉള്ളിൽ ഒരു സംവിധായകൻ ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത് സ്‌ക്രീനിലേക്ക് കൊണ്ട് വരാൻ സാധിക്കുന്നത് മാത്രമേ അതിൽ പ്രാക്ടിക്കലായ ഒരു കാര്യം ഉള്ളൂ.

അടുത്ത സിനിമ ?

പല വിഷയങ്ങൾ ഉണ്ട്. അതിൽ നിന്ന് കൺവിൻസിംഗ് ആയ ഒരെണ്ണം തിരഞ്ഞെടുക്കും. അന്തിമ തീരുമാനം ഇത് വരെ ആയിട്ടില്ല.