അവകാശവാദങ്ങൾ ഇല്ല..മുൻവിധികളില്ലാതെ തുറന്ന മനസ്സോടെ ‘വില്ലൻ’ കാണുക : ബി ഉണ്ണികൃഷ്ണൻ

ഈ വെള്ളിയാഴ്ച്ച (ഒക്‌ടോബർ 27) ‘വില്ലൻ’ തിയേറ്ററുകളിൽ എത്തുകയാണ്. ഇതിനോടകം തന്നെ സിനിമയ്ക്ക് മികച്ച ഹൈപ്പ് ആണ് സോഷ്യൽ മീഡിയകളിലൂടെയും മറ്റുമായി ലഭിച്ചിരിക്കുന്നത്. മോഹൻലാൽ – ബി. ഉണ്ണികൃഷ്‍ണൻ ടീമിന്മേലുള്ള പ്രേക്ഷക പ്രതീക്ഷകൾ തന്നെയാണ് ഈ സിനിമ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി..

കഴിഞ്ഞ ദിവസം, തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ബി. ഉണ്ണികൃഷ്‌ണൻ ‘വില്ലൻ’ എന്ന സിനിമയെക്കുറിച്ചുള്ള തൻ്റെ പ്രതീക്ഷകൾ പങ്ക് വയ്ക്കുകയുണ്ടായി. ബി. ഉണ്ണികൃഷ്ണൻ്റെ വാക്കുകളിലെ പ്രസക്ത ഭാഗങ്ങൾ ചുവടെ…

 

‘വില്ലൻ’ എന്ത് തരത്തിലെ സിനിമ ആയിരിക്കും, എന്താണ് ഈ സിനിമയിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കേണ്ടത് എന്ന തരത്തിലെ ചോദ്യങ്ങൾ എനിക്ക് നിരവധി വരാറുണ്ട്. ഈ സിനിമയെക്കുറിച്ച് ഒരു മുൻ വിധി നിങ്ങൾക്ക് മുന്നിൽ സൃഷ്ടിക്കണമെന്ന് എനിക്ക് ആഗ്രഹമില്ല. തുറന്ന് മനസ്സോടെ ഈ സിനിമ കാണുക.

നമ്മൾ പലപ്പോഴായി കണ്ടു ശീലിച്ച മാസ് മസാല പാക്കേജ് ഈ സിനിമയിൽ കാണാൻ കഴിയില്ല. വളരെ കൃത്യമായ പ്രമേയവും ചില കാര്യങ്ങളും ഈ സിനിമയിലൂടെ ഞങ്ങൾ പറയാൻ ശ്രമിക്കുന്നുണ്ട്. ഇവയെല്ലാം പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ, ഒരു ത്രില്ലർ സിനിമയുടെ എല്ലാ പിരിമുറുക്കങ്ങളും സിനിമ കാണുന്നവർക്ക് നൽകാൻ സാധിക്കും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

ലാൽ സാറുമായി ചെയ്യുന്ന നാലാമത്തെ സിനിമയാണ് ‘വില്ലൻ’. എല്ലാ സിനിമകളിലും അദ്ദേഹത്തെ വ്യത്യസ്‌തമായി അവതരിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഈ സിനിമയിലും അങ്ങനെ തന്നെ ആകും. ഒരു കാര്യം ഞാൻ ധൈര്യപൂർവ്വം അവകാശപ്പെടുന്നു. എൻ്റെ നാല് സിനിമകളിൽ ലാൽ സാറിൻ്റെ ഏറ്റവും മികച്ച പെർഫോമൻസ് ‘വില്ലനി ‘ൽ ആയിരിക്കും.

മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രത്തെ ശ്രീ മോഹൻലാൽ അവതരിപ്പിച്ച രീതിയെ വിശേഷിപ്പിക്കാൻ ഒറ്റ വാക്കേയുള്ളൂ. ക്ലാസ്..

യാതൊരു വിധത്തിലുമുള്ള മുൻവിധികളും ഇല്ലാതെ തുറന്ന മനസ്സോടെ ‘വില്ലൻ’ കാണുക. ഈ സിനിമ തീർച്ചയായും നിങ്ങളെ ത്രസിപ്പിക്കും, ഈ സിനിമയിലൂടെ ഞങ്ങൾ പറയാൻ ശ്രമിച്ച കാര്യങ്ങൾ നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. കൂടുതൽ അവകാശവാദങ്ങൾ ഒന്നും എനിക്ക് ഈ ഘട്ടത്തിൽ പറയാനില്ല. എല്ലാവരും സിനിമ കാണുക..