എന്‍റെ ജാഡ ശരിക്കും ഒരു അഭിനയമാണ് മനസ്സ് തുറന്ന് മമ്മൂട്ടി….

മലയാളത്തിൻ്റെ സ്വന്തം മെഗാ സ്റ്റാർ മമ്മൂട്ടിക്ക് അൽപം ജാഡ ഉണ്ടോ ? ഈ ചോദ്യം മമ്മൂക്കയോട് തന്നെ ചോദിച്ചാൽ എന്തായിരിക്കും അദ്ദേഹത്തിൻ്റെ ഉത്തരം..? അറിയാൻ ആഗ്രഹമുണ്ടല്ലേ.. എന്നാൽ ചോദ്യം ചോദിക്കാതെ തന്നെ മമ്മൂട്ടി ആ ചോദ്യത്തിനുള്ള  ഉത്തരം നൽകുകയാണ്. 2016ൽ നടന്ന ഏതോ ഒരു സ്വകാര്യ ചടങ്ങിൽ മമ്മൂക്ക, തൻ്റെ ജാഡയെക്കുറിച്ചും അഹങ്കാരത്തെക്കുറിച്ചും വളരെ രസകരമായി രീതിയില്‍ സംസാരിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിളും വാട്ട്‌സാപ്പിലും പ്രചരിക്കുന്നുമുണ്ട്. മമ്മൂക്കയുടെ വാക്കുകളിലൂടെ..

ഞാൻ മലയാളത്തിൻ്റെ അഹങ്കാരം ആണെന്നൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എനിക്ക് തോന്നുന്നു ഞാൻ ഒരു അഹങ്കാരി ആയത് ഇങ്ങനെയൊക്കെ ആണോ എന്ന് സംശയമുണ്ട്. ആളുകൾ ഒക്കെ അഹങ്കാരം..അഹങ്കാരം എന്നൊക്കെ പറയുമ്പോൾ എനിക്ക് തോന്നും ഞാൻ ഒരു അഹങ്കാരി ആണെന്ന്. പക്ഷെ എനിക്ക് അങ്ങനെ ഒരു അഹങ്കാരം ഒന്നും തോന്നിയിട്ടില്ല. നിങ്ങളുടെയൊക്കെ സ്‌നേഹം കിട്ടുന്നുണ്ട് എന്നുള്ള കാര്യത്തിലേ എനിക്ക് അഹങ്കാരം തോന്നിയിട്ടുള്ളൂ.

മറ്റു ഭാഷകളിലെ ആളുകൾ നമ്മളെ കാണുമ്പോൾ വിനയം കാണിക്കുന്നു, കാല് തൊട്ട് വന്ദിക്കുന്നു, അത് കാണിക്കുന്നു, ഇത് കാണിക്കുന്നു..ഇതൊക്കെ കണ്ട് ഹിന്ദിയിലൊക്കെ സിനിമ സംവിധാനം ചെയ്തിട്ട് സിദ്ദിഖും പ്രിയദർശനുമൊക്കെ അവിടത്തെ നടന്മാരുടെ യഥാർത്ഥ മുഖം മനസ്സിലാക്കിയിട്ട് ഇവിടെ വന്ന് പറഞ്ഞത് അവിടുള്ളവർ ഇവിടെ വന്ന് വിനയം അഭിനയിക്കുന്നു, മമ്മൂട്ടി ഇവിടെ ജാഡ അഭിനയിക്കുന്നു എന്നാണ്.

ശരിക്കും എൻ്റെ ജാഡ എന്ന് പറയുന്നത് ഒരു അഭിനയമാണ്. എൻ്റെ ശരീരം മറ്റുള്ളവരിൽ നിന്ന് രക്ഷിച്ചെടുക്കാനുള്ള ഒരു കവചം മാത്രമാണ്. യഥാർത്ഥത്തിൽ എനിക്കുള്ള ജാഡ നിങ്ങൾ പ്രേക്ഷകർ തന്നെയാണ്. ഇത്രയും ആളുകൾ കൂടി ഞാൻ വരുമ്പോൾ കൈയടിയും ആർപ്പ് വിളിയുമൊക്കെ വരുമ്പോൾ എനിക്ക് ജാഡ ഉണ്ടായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.