‘ശശിയേട്ടന്‍ എന്നെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഉടനെ വേണം അല്ലെങ്കില്‍ മറന്നേക്കണം’; സിനിമയില്‍ നിന്ന് തന്റെ ജീവിതത്തിലേക്കുള്ള സീമയുടെ പ്രവേശത്തെക്കുറിച്ച് ഐ.വി ശശി പറഞ്ഞതിങ്ങനെ…

ഐ.വി ശശിയെന്ന മലയാള ചലച്ചിത്ര രംഗത്തെ അതികായന്‍ വിടപറഞ്ഞിരിക്കുകയാണ്. തന്റെ സിനിമാക്കഥകളിലേതെന്നതു പോലെയായിരുന്നു ഐ.വി ശശിയുടെയും സീമയുടെയും പ്രണയവും. അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെയാണ് ഐ.വി ശശിയും സീമയും പ്രണയത്തിലാകുന്നത്. മലയാള ചിത്രങ്ങളുടെ ശ്രേണിയില്‍ വലിയൊരുമാറ്റം സൃഷ്ടിച്ച ചിത്രമായിരുന്നു അവളുടെ രാവുകള്‍.

‘എ’ സര്‍ട്ടിഫിക്കറ്റോടെ വന്ന് ഇത്രയേറെ ജനപ്രീയത നേടിയ ചിത്രം മലയാള സിനിമാ ചരി്ര്രതില്‍ വേറെയുണ്ടാകുമോ എന്നതും സംശയകരമാണ്. തന്റെ പതിനാറാമത്തെ വയസിലായിരുന്നു സീമ അവരുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്.

ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധായകനും നടിയും പ്രണയത്തിലാവുകയായിരുന്നു. ചിത്രം റിലീസായപ്പോഴേക്കും പിന്നാലെ താന്‍ പ്രണയം തുറന്ന് പറഞ്ഞിരുന്നെന്നും എന്നാല്‍ വിവാഹത്തെക്കുറിച്ച ആദ്യം പറയുന്നത് സീമയാണെന്നും ഐ.വി ശശി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

പത്രപ്രവര്‍ത്തകന്‍ സക്കീര്‍ ഹുസൈന്‍ എഴുതി ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച, ‘തിരയും കാലവും’ എന്ന പുസ്തകത്തില്‍ സീമയുമായി തന്റെ പ്രണയം മൊട്ടിട്ടതിനെക്കുറിച്ച് ഐ.വി ശശി മനസുതുറന്നിരുന്നു. തങ്ങളുടെ പ്രണയം ചുരുങ്ങിയ വാക്കുകളില്‍ മനോഹരമായാണ് അദ്ദേഹം അവതരിപ്പിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..

‘അവളുടെ രാവുകളിലെ ചിത്രീകരണ സമയത്ത് നിന്നെ എനിക്കിഷ്ടമാണെന്നു പറഞ്ഞ് പ്രണയത്തിലേക്കു പ്രവേശിക്കുകയല്ല, പ്രണയം ഞങ്ങള്‍ക്കിടയില്‍ അറിയാതെ സംഭവിക്കുകയായിരുന്നു. സീമയിലെ നടിയെ കണ്ടെത്തിയ പോലെ ഒരു പ്രണയിനിയെ കൂടി കണ്ടെത്തുകയായിരുന്നു. മനസ്സില്‍ പ്രണയം നിറഞ്ഞപ്പോള്‍ അക്കാര്യം ആദ്യമായി അറിയിച്ചത് കമല്‍ഹാസനെയായിരുന്നു. ‘നന്നായി ശാന്തി നല്ല കുട്ടിയാണ്’ എന്നായിരുന്നു അവന്റെ പ്രതികരണം.

‘പിന്നീട് സിനിമയിലെ പലരും ഈ പ്രണയത്തെക്കുറിച്ച് അറിഞ്ഞു. ജയന്‍, രജനീകാന്ത്, മധുസാര്‍, സോമന്‍, സുകുമാരന്‍. എല്ലാവരും ഞങ്ങളുടെ സ്നേഹത്തെ പിന്തുണച്ചു. സീമയാണു വിവാഹം കഴിക്കാമെന്ന് ആദ്യം പറയുന്നത്. ”ശശിയേട്ടന്‍ എന്നെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഉടനെ വേണം. അല്ലെങ്കില്‍ എന്നെ മറന്നേക്കണം”.. സീമയുടെ വാക്കുകള്‍ ഞാന്‍ ഉള്‍ക്കൊണ്ടു.’

‘1980 ആഗസ്ത് 29. ചെന്നൈയിലെ മാങ്കോട് ദേവീക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ഒരു സഹോദരനെ പോലെ എല്ലാം നോക്കി നടത്തിയത് ജയനാണ്. വിവാഹം കഴിഞ്ഞ് മൂന്നാംനാള്‍ ഞങ്ങള്‍ രണ്ടുപേരും സിനിമയിലെ തിരക്കിലേക്കു പോയി’.

വിവാഹത്തിനു ശേഷം കുറച്ചുനാള്‍ മാത്രമേ സീമ ചലച്ചിത്രത്തില്‍ നിന്നും വിട്ടു നിന്നിരുന്നുള്ളു. ടെലിവിഷന്‍ സീരിയലുകളിലൂടെയായിരുന്നു സീമയുടെ മടങ്ങിവരവ്. ചലച്ചിത്ര രംഗത്തും ജീവിതത്തിലും മാതൃകാ ദമ്പദികളായിരുന്ന സീമയുടെയും ശശിയുടെയും ജീവിതം വിവാദങ്ങളില്‍ നിന്നും ഏറെ അകലെയായിരുന്നു.

പ്രേക്ഷകര്‍ക്ക് ഒരുപിടി നല്ലചിത്രങ്ങള്‍ സമ്മാനിച്ച പ്രിയ സംവിധായകന്‍ വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ചിത്രങ്ങളും ഓര്‍മ്മകളും എന്നും ചലച്ചിത്രാസ്വാകരുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കും.