ഷാൻ റഹ്‌മാന്‌ കേരളത്തിൽ മാത്രമല്ലടാ പിടീ… “ഒരു ജിമിക്കി കമ്മൽ എക്‌സ്‌ക്ലൂസീവ്..”


എന്റമ്മേടെ ജിമിക്കിക്കമ്മൽ എന്റപ്പൻ കട്ടോണ്ട് പോയേ

എന്റപ്പന്റെ ബ്രാണ്ടികുപ്പി എന്റമ്മ കുടിച്ചു തീർത്തേ…

ഇപ്പോൾ ഈ പാട്ട് കേരളക്കരയാകെ ട്രെൻഡിംഗ് ആയി മാറിക്കഴിഞ്ഞു. ഈ പാട്ടിന്റെ ഒരു വാരി പോലും ഏറ്റു പാടാത്ത ആളുകൾ കുറവാണ്. കേരളത്തിൽ ഒതുങ്ങുന്നില്ല ‘ജിമിക്കി കമ്മൽ’ന്റെ പ്രശസ്തി..തമിഴ്‌നാട്ടിലും ആന്ധ്രയിലും വരെയുള്ള കോളേജ് വിദ്യാർത്ഥികൾ ഈ ഗാനത്തിന് ചുവട് വച്ച് ശ്രദ്ധേയമാകുന്നു.

ഈ പാട്ടിന്റെ സൃഷ്ടാവ്..മലയാളത്തിലെ യൂത്ത് മ്യൂസിക് സെൻസേഷൻ എന്ന് ഉറപ്പായും വിശേഷിപ്പിക്കാൻ കഴിയുന്ന ഷാൻ റഹ്‌മാൻ ഈ പാട്ടിനെക്കുറിച്ചും അതിന്റെ പിന്നിലെ കഥകളെപ്പറ്റിയുമൊക്കെ Online Peeps Media’യോട് മനസ്സ് തുറക്കുന്നു..

ഹിറ്റ് ഗാനങ്ങൾ നൽകുക എന്നത് ഷാൻ റഹ്‌മാൻ എന്ന സംഗീത സംവിധായകനെ സംബന്ധിച്ച് ഒരു പുതിയ കാര്യമല്ലല്ലോ..എന്നാലും ‘ജിമിക്കി കമ്മൽ’ എപ്പടി ?

ആദ്യമേ.. ഈ ഗാനം ഏറ്റെടുത്ത പ്രേക്ഷക സമൂഹത്തോട് പറഞ്ഞാലും പറഞ്ഞാലും തീരാത്ത നന്ദി. പിന്നെ ഈ പാട്ട് കുറച്ച് സ്പെഷ്യൽ ആണ്. അതിന്റെ പ്രധാന കാരണം, ഈ പാട്ട് ഇത്രയും വലിയ ഒരു സംഭവമായി മാറുമെന്ന് ഞാൻ വിചാരിച്ചില്ല. അതാണ് സത്യം.

ഒരു പാട്ടായാലും സിനിമ ആയാലും അതിനു ഒരു വിധി ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അത് എന്തായാലും സംഭവിക്കും. ചില സിനിമയിലെ പാട്ടുകൾ കേൾക്കാൻ നല്ല രസമായിരിക്കും, പക്ഷെ അത് ചിത്രീകരിച്ച രീതി ചിലപ്പോൾ ആ പാട്ടിനോട് നീതി പുലർത്തുന്ന തരത്തിൽ
ആയിരിക്കില്ല. അത് പോലെ ഒരു മോശം പാട്ടിനെ മനോഹരമായ രീതിയിലും ചിത്രീകരിച്ചിട്ടുമുണ്ട്. 1990 കളിലെ എ ആർ റഹ്‌മാൻ സാർ ഈണമിട്ട ചില അതിമനോഹരമായ ഗാനങ്ങൾ ഒക്കെ ചിത്രീകരണത്തിൽ ആ പാട്ടിന്റെ നിലവാരത്തിൽ എത്താൻ സാധിക്കാതെ വന്നിട്ടുണ്ട്.

പക്ഷെ, ജിമിക്കിക്കമ്മൽ എന്ന പാട്ടിനെ ഇതിലും മനോഹരമായി ചിത്രീകരിക്കാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല..നമ്മുടെ ഈ പാട്ടിനെ വച്ച് നോക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ മനോഹരമായി ഒത്ത് വന്നിട്ടുണ്ട്

‘ജിമിക്കി കമ്മൽ’ കേട്ട് മോശം അഭിപ്രായം പറഞ്ഞവർ ഉണ്ട്

ഉണ്ട്… ‘ജിമിക്കി കമ്മൽ’ ന്റെ ഓഡിയോ പുറത്തിറങ്ങിയപ്പോൾ സമ്മിശ്രമായ പ്രതികരണങ്ങൾ ഞാൻ നേരിട്ടിട്ടുണ്ട്. ശരിക്കും ഒരു മ്യൂസിക് ഡയറക്ടർ പാട്ട് ഉണ്ടാക്കുന്നത് അതിന്റെ സംവിധായകന് വേണ്ടിയാണ്. സംവിധായകൻ പറഞ്ഞു തരുന്ന കഥാപാത്രങ്ങൾ, ഒപ്പം ഈ പാട്ടിന്റെ സന്ദർഭം. ഇതൊക്കെ മനസ്സിൽ വച്ചാണ് ഒരു പാട്ട് ഞങ്ങൾ കംപോസ് ചെയ്യുന്നത്. അത് ചിലപ്പോൾ നമ്മുടെ എല്ലാ പ്രേക്ഷകർക്കും മനസ്സിലായി എന്ന് വരില്ല.

ഇത് എന്ത് വരികളാണ് ഈ പാട്ടിന്റെ, എന്റമ്മേടെ ജിമിക്കിക്കമ്മൽ, അപ്പന്റെ ബ്രാണ്ടി കുപ്പി എന്നൊക്കെ പറഞ്ഞ്, നിങ്ങളിൽ നിന്ന് കുറച്ച് ക്ലാസ് ആയ ഗാനങ്ങളാണ് പ്രതീക്ഷിച്ചത്, മോഹൻലാൽ – ലാൽ ജോസ് കൂട്ടുകെട്ടിൽ വരുന്ന സിനിമയിൽ ഇങ്ങനെ ഒരു തറ പാട്ട് നിങ്ങൾ ഉണ്ടാക്കരുതായിരുന്നു എന്നൊക്ക പറഞ്ഞ് പലരും എനിക്ക് മെസേജുകൾ അയച്ചു. അപ്പോൾ അവരോടൊക്കെ ഞാൻ പറഞ്ഞ മറുപടി, അതിന്റെ വീഡിയോ പുറത്ത് വരട്ടെ..അത് വരെ കാത്തിരിക്കൂ എന്നാണ്.

ഇതേ സാഹചര്യം ഞാൻ ഇതിനു മുൻപും ഒന്ന് രണ്ടു തവണ നേരിട്ടിട്ടുണ്ട്. ‘തട്ടത്തിൻ മറയത്തി’ലെ ‘മുത്തുച്ചിപ്പി’ എന്ന മനോഹരമായ ഒരു ഗാനത്തിനു
നിങ്ങൾ എന്തിനാണ് ഇത്രയും ബേസ് ആയ വോയിസ് എന്തിനു തിരഞ്ഞെടുത്തു എന്നൊക്കെ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ആ സിനിമ വരട്ടെ. അതിന്റെ കാരണം ആയിഷ എന്ന കഥാപാത്രം വളരെ പതുക്കെ സംസാരിക്കുന്ന ഒരാളാണ്. അപ്പോൾ അവരിൽ നിന്ന് വരുന്ന പാട്ട് ഹൈ പിച്ചിൽ വന്നാൽ അത് ആ കഥാപാത്രത്തിന് ചേരില്ല എന്ന ആ സീക്രട്ട് നേച്ചർ സൂക്ഷിച്ചാണ് ആ പാട്ടു ചെയ്‌തത്‌. സിനിമ കണ്ടപ്പോൾ പലരും ആ അഭിപ്രായം മാറ്റി. അത് പോലെ വിമർശനങ്ങൾ കേട്ട പാട്ടാണ് എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂലാ’. ഇത്രയും ക്ലാസ് ഇല്ലാത്ത പാട്ട് എന്തിന് ചെയ്തു എന്നൊക്കെ ചോദിച്ചവരുണ്ട്. അവർക്കും ആ പാട്ടിന്റെ വീഡിയോ കണ്ടപ്പോൾ മനസ്സിലായി.

സംവിധായകൻ ചോദിക്കുന്നു..ഞങ്ങൾ കൊടുക്കുന്നു..അതാണ് സംഗീത സംവിധായകർ

സംവിധായകൻ ഓകെ പറയുന്ന പാട്ടുകൾ മാത്രമേ നമ്മൾ കൊടുക്കുകയുള്ളു. കുറേ പേർ ചിന്തിക്കുന്നത് സംവിധായകൻ പാട്ടു വേണമെന്നു പറയും നമ്മൾ ഒരു പാട്ട് അങ്ങ് കൊടുക്കും എന്നാണ്. അതിനു മുൻപേ എന്ത് മാത്രം കാര്യങ്ങളുണ്ട്. ഒരു പാട്ടിനു വേണ്ടി നമ്മൾ കുറെ ടൃൂൺ സംവിധായന് കൊടുക്കുന്നു. അതിൽ നിന്ന് സംവിധായകൻ ഒരെണ്ണം തിരഞ്ഞെടുക്കുന്നു. പിന്നെ എഴുത്ത് നടക്കുന്നു. സംവിധായകനും ഗാന രചയിതാവും തമ്മിൽ ഉള്ള ആശയ വിനിമയങ്ങൾ..അങ്ങനെ അതൊക്കെ കഴിഞ്ഞാലേ പാട്ടിന്റെ റെക്കോർഡിങ് സ്റ്റേജിലേക്ക് എത്തുന്നുള്ളൂ. അവിടെ എത്തിയിട്ട് ചിലപ്പോൾ വീണ്ടും വരികൾ മാറ്റാം..വീണ്ടും റെക്കോർഡിങ് ചെയ്യും. ഇങ്ങനെ പോകുന്ന ഒരു വലിയ പദ്ധതിയാണ് ഒരു പാട്ടിന്റെ പിന്നിലെ അധ്വാനങ്ങൾ.

ഷാൻ റഹ്‌മാന്‌ ഇവിടെ മാത്രമല്ലടാ അങ്ങ് ഹോളിവുഡിലും ഉണ്ടെടാ പിടീ..ഹോളിവുഡിൽ നിന്ന് വരെ ‘ജിമിക്കി കമ്മലിന്’ ഫാൻസിനെ കിട്ടിയല്ലോ..

അതേ..അതേ.. ഇതിനു മുൻപ് ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ” എന്ന ഞാൻ മ്യൂസിക് ചെയ്ത ചിത്രത്തെക്കുറിച്ച് സാക്ഷാൽ പൗലോ കൊയ്‌ലോ തന്നെ ട്വീറ്റ് ചെയ്തതായിരുന്നു. അത് പാട്ടിനെപ്പറ്റി ഒന്നുമായിരുന്നില്ല, അദ്ധേഹത്തിന്റെ പേരിൽ ഒരു സിനിമ ഇറങ്ങുന്നു എന്നൊക്കെ പറഞ്ഞായിരുന്നു ട്വീറ്റ്. അത് ഒരു ഷോക്കിങ് എക്‌സ്‌പീരിയൻസ് ആയിരുന്നു.

പക്ഷെ ഇപ്പോൾ ഹോളിവുഡ് താരം ജിമ്മി കിമ്മൽ പാട്ടിനെക്കുറിച്ച് ട്വീറ്റ് ചെയ്തത് മാരക ഷോക്ക് ആയിപ്പോയി. ഈ പാട്ടു ചെയ്യുമ്പോൾ നമ്മൾ അങ്ങനെ ഒരു സംഭവത്തെപ്പറ്റി ചി`ന്തിക്കുന്നു പോലുമില്ല. അത് ശരിക്കും അദ്ദേഹത്തെ അങ്ങനെ ഒരു ഗാനം ഉണ്ടെന്നു അറിയിച്ച വരുൺ എസ് കുമാർ എന്ന ആളുടെ കഴിവാണ്.” @jimmykimmel have you heard the song #jimmikiKammal ? “. ആ വരി വായിച്ചപ്പോഴാണ് ഞാൻ ആലോചിച്ചത് ഹായ് അത് ശരിയാണല്ലോ എന്ന്.

‘ജിമിക്കി കമ്മലിന്റെ’ ഗായകൻ വിനീത് ശ്രീനിവാസൻ എന്ത് പറയുന്നു ?

ഇന്ന് രാവിലെ വിനീത് എന്നെ വിളിച്ചപ്പോൾ ഞാൻ അവനോട് പറഞ്ഞു, “അളിയാ പാട്ട് എങ്കെയോ പോയിട്ടേ…”. അവൻ പറഞ്ഞു..”അളിയാ എന്താടാ ഇത്..എവിടെ നോക്കിയാലും ജിമിക്കി കമ്മൽ ആണല്ലോ.”. ശരിക്കും ഒരു സംഗീത സംവിധായകനെ സംബന്ധിച്ച് വളരെ സന്തോഷാവും സമാധാനവും ഒക്കെ തരുന്ന ഒരു തരത്തിലെ റെസ്പോൻസുകളാണ് കിട്ടുന്നത്.

ഞാൻ വിനീതിനോട് പറഞ്ഞു, ‘പല വട്ടം കാത്തു നിന്നു ഞാൻ’ എന്ന നമ്മുടെ പാട്ടൊക്കെ ഇപ്പോൾ വന്നിരുന്നെകിൽ ചിലപ്പോൾ കുറേ കൂടി നല്ല പ്രതികരണങ്ങൾ നമുക്ക് കിട്ടിയേനേ എന്ന്. പണ്ട് ആ പാട്ട് ഇറങ്ങുമ്പോൾ ഇത്രയും കാര്യമായിട്ട് ആരും യൂ ട്യൂബ് ഒന്നും ഉപയോഗിക്കില്ലായിരുന്നല്ലോ.

ഒരു മോഹൻലാൽ – ലാൽ ജോസ് ചിത്രം..ശരിക്കും സ്വപ്ന സാഫല്യം

എന്നെ സംബന്ധിച്ചടത്തോളം ഒരു വലിയ ഉത്തരവാദിത്തമായിരുന്നു മോഹൻലാൽ – ലാൽജോസ് ടീമിന്റെ സിനിമയിൽ ഒരു പാട്ടു ചെയ്യാനുള്ള അവസരം കിട്ടിയതും അതിനോട് 100 ശതമാനം നീതി പുലർത്താൻ കഴിഞ്ഞതും. അതിനൊപ്പം തന്നെ ജിമിക്കി ഡാൻസ് ചലഞ്ച് എന്ന മത്സരം വന്നതും കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും ഒക്കെ ഒരുപാട് പേർ ഈ പാട്ടിനു നൃത്തം ചെയ്യുന്നത് കണ്ടപ്പോഴും ഒക്കെ ഒരുപാട് സന്തോഷം തോന്നി.

അന്തം വിട്ടു പോയ മെഗാ പ്രതികരണങ്ങൾ

‘ജിമിക്കി കമ്മൽ’ എന്ന വീഡിയോ പുറത്തിറങ്ങിയപ്പോളാണ് ഞാൻ അന്തം വിടുന്നത്. കാരണം എന്റെ സംഗീത ജീവിതത്തിൽ ആദ്യമായാണ് ഇത്രയും കുറഞ്ഞ സമയം കൊണ്ട് 1 കോടി യൂട്യൂബ് വ്യൂസൊക്കെ എത്തുന്നത് . അതിൽ 1 ലക്ഷത്തിനു മുകളിൽ ലൈക്ക്‌സും…. ഈ പാട്ട് സംഭവിച്ചതിൽ പടച്ചനോട് ഞാൻ സ്തുതി പറയുന്നു. അല്ലാതെ എനിക്ക് മറ്റൊന്നും പറയാനില്ല.

എന്റമ്മേടെ ജിമിക്കിക്കമ്മൽ എന്റപ്പൻ കട്ടോണ്ട് പോയേ
എന്റപ്പന്റെ ബ്രാണ്ടികുപ്പി എന്റമ്മ കുടിച്ചു തീർത്തേ

ശരിക്കും ഈ വരികളാണ് ശ്രോതാക്കളെ കയറി പിടിച്ചത്..

പക്ഷെ ഈ പാട്ടിന്റെ വരികൾ വളരെ എളുപ്പം പാളി പോയേക്കാവുന്ന ഒന്നായി തോന്നിയിരുന്നോ?…പ്രത്യേകിച്ചും ഇന്നത്തെ സാമൂഹിക സാഹചര്യത്തിലൊക്കെ.. ?

ശരിക്കും..നമ്മുടെ മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ ചലഞ്ചും അതായിരുന്നു. അത് ചിലപ്പോൾ മാതാപിതാക്കൾക്കൊക്കെ മോശമായി തോന്നാനുള്ള സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ അതിനെ പരമാവധി ഒരു ഫൺ രീതിയിലെ പാട്ടായിട്ട് മാറ്റി എടുക്കുക എന്നതായിരുന്നു എന്റെ മുൻപിലെ വെല്ലുവിളി. കാരണം ഇപ്പോഴുള്ള ആളുകളുടെ ചിന്തകൾ വളരെ പെട്ടന്ന് മാറിയേക്കാം..

 

പക്ഷെ അഞ്ച് വയസുള്ള കുട്ടിയും അതിന്റെ അമ്മയും ഒക്കെ ഒരുമിച്ച് ഡാൻസ് കളിക്കുന്ന വീഡിയോകൾ ഒക്കെ ഞാൻ കണ്ടു. അപ്പോൾ അവരൊക്കെ ഈ പാട്ടിനെ ആ ഒരു ഫൺ രീതിയിലാണ് കാണുന്നത്.

പിന്നെ ഈ പാട്ടിനെ ഏല്ലാവർക്കും പാടാൻ കഴിയുന്ന, പെട്ടന്ന് എല്ലാവരെയും ആകർഷിക്കുന്ന ഒരു ഈണത്തിൽ ചിട്ടപ്പെടുത്തി എടുക്കുക എന്നതും ഞാൻ ശ്രദ്ധിച്ചിരുന്നു. ആദ്യമായി ഈ പാട്ട് കേൾക്കുന്ന ആൾക്ക് അതിനെ സൂക്ഷമമായി വിശകലനം ചെയ്യാൻ തോന്നാതെ കൂടെ പാടാൻ തോന്നുന്ന ഒരു രീതിയിലേക്ക് മാറ്റണം എന്നും ചിന്തിച്ചിരുന്നു. അത് ഏതായാലും ഓകെ ആയി.