മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും അവരോട് സംസാരിക്കില്ലായിരുന്നു: ഗീത

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പ്രിയനായികയായിരുന്നു ഗീത. ഭൈരവി എന്ന തമിഴ് സിനിമയിലൂടെ എത്തിയ ഗീത മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ പല ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ അഭിനയിച്ചു. മലയാളത്തില്‍ അവസാനമായി അഭിനയിച്ചത് സലാല മൊബൈല്‍സിലായിരുന്നു. ദുല്‍ഖറിന്റെ അമ്മ വേഷമാണ് ചെയ്തത്.

പ്രായം കൂടി വരുന്നതിനനുസരിച്ച് സിനിമയില്‍ അമ്മ വേഷങ്ങളിലേക്ക് തഴയപ്പെടുകയാണെന്ന് ഗീത പറയുന്നു.നല്ല കഥാപാത്രങ്ങള്‍ ലഭിക്കാതെ വരുന്നതിനെ കുറിച്ചും നടി തുറന്ന് പറഞ്ഞു.

1997 ല്‍ അഭിനയ ജീവിതം ഉപേക്ഷിച്ച ഗീത പിന്നീട് ഇടയ്ക്ക് പല സിനിമകളിലും അഭിനയിച്ചിരുന്നു. എന്നാല്‍ സിനിമയില്‍ സജീവമായിരുന്നില്ല. ഇഷ്ടപ്പെട്ട വേഷം കിട്ടാത്തത് കൊണ്ടായിരുന്നു താന്‍ സിനിമയിലേക്ക് മടങ്ങി വരാതിരുന്നതെന്നാണ് ഗീത പറയുന്നത്.

സിനിമയിലേക്ക് നായികമാരുടെ വലിയൊരു കൂട്ടമായിരുന്നു വന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രധാന്യമുള്ള പല വേഷങ്ങളുടെ അഭാവം അവരുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുകയാണ്. അതോടെ പഴയ നടിമാര്‍ അമ്മമാരുടെ വേഷത്തില്‍ അഭിനയിക്കേണ്ട സാഹചര്യമാണ് വന്നിരിക്കുന്നത്.

തന്നെ തേടി നല്ല വേഷങ്ങളൊന്നും വരാതിരുന്നതാണ് സിനിമയില്‍ സജീവമായി തുടരുന്നതിന് വെല്ലുവിളിയായി മാറിയതെന്നാണ് ഗീത പറയുന്നത്. അഭിനയ സാധ്യതയുള്ള വേഷങ്ങളോ മനസിന് തൃപ്തി നല്‍കുന്ന കഥാപാത്രങ്ങളോ കിട്ടാറില്ല. അതിനാല്‍ മോശം വേഷങ്ങളില്‍ അഭിനയിച്ച് പ്രേക്ഷകരുടെ മനസിലുള്ള നല്ല ഓര്‍മ്മകള്‍ നശിപ്പിക്കണ്ടല്ലോ എന്നും ഗീത പറയുന്നു.

ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് സിനിമയില്‍ സൗഹൃദങ്ങള്‍ കുറവാണെന്നാണ് ഗീത പറയുന്നത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികമാരായി അഭിനയിച്ചുട്ടുണ്ടെങ്കിലും അവരുമായി അധികം സംസാരിക്കുക പോലും ചെയ്തിട്ടില്ലെന്നും ഗീത പറയുന്നു.

അന്നൊക്കെ കൃത്യ സമയത്ത് ജോലി ചെയ്ത് പോവുന്നതായിരുന്നു നായകന്മാരുടെ പതിവ്. അതിനാലാണ് അവരുമായി അടുത്ത സൗഹൃദങ്ങളൊന്നും ഇല്ലാതെ പോയിരുന്നതെന്നാണ് ഗീത പറയുന്നത്.