‘എന്നെ കാണുമ്പോള്‍ നിങ്ങള്‍ കൂവിയാല്‍ ഞാന്‍ അഭിനയിച്ചിട്ട് കാര്യമില്ല; എല്ലാവരുടേയും പിന്തുണ ഇല്ലെങ്കില്‍ ഞാനില്ല…

സൂര്യ ഫാന്‍സിന്റെ പരിപാടിയില്‍ പങ്കെടുത്ത് പുലിവാല് പിടിച്ച് നടി അനുശ്രീ. ഇപ്പോള്‍ ഫാന്‍ ഫൈറ്റിന്റെ ഭാഗമായി മാറിയിരിക്കുകയാണ് നടി. സൂര്യയുടെ കടുത്ത ആരാധികയാണ് നടി അനുശ്രീ. സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ സൂര്യ ഫാന്‍സ് സംഘടിപ്പിച്ച ആഘോഷത്തില്‍ മുഖ്യാതിഥിയായി അനുശ്രീ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രവും സണ്ണി വെയിന്‍ അഭിനയിക്കുന്ന ചിത്രമായ പോക്കിരി സൈമണിലെ ഫോട്ടോയും ചേര്‍ത്ത ഫെയ്‌സ്ബുക്ക് പോസ്റ്റായിരുന്നു വിജയ് ആരാധകരെ ചൊടിപ്പിച്ചത്.

‘ഇതൊരു സിനിമയാണെങ്കില്‍ (വിജയ്‌യുടെ ഫോട്ടോ), ഇതു റിയല്‍ ലൈഫാണ് (സൂര്യയുടെ ചിത്രത്തില്‍ ചൂണ്ടി)’ എന്നായിരുന്നു അനുശ്രീയുടെ പോസ്റ്റ്. ഇത് പോസ്റ്റ് ചെയ്തതിന് പിന്നാലെ താരത്തെ ട്രോളി വിജയ് ആരാധകര്‍ രംഗത്തെത്തി. വിജയ് ആരാധകര്‍ക്കൊപ്പം തെരിയില്‍ വിജയ്‌ക്കൊപ്പം അഭിനയിച്ച ബിനീഷ് ബാസ്റ്റിനും അനുശ്രീയെ പരിഹസിച്ചു. പിന്നാലെ അനുശ്രീയുടെ പേജിലും മറ്റ് ഗ്രൂപ്പുകളിലും വിജയ് ആരാധകര്‍ നടിയെ വളഞ്ഞിട്ട് ട്രോളി. ട്രോളുകളും അമിത വിമര്‍ശനവും കനത്തതോടെ നടി തന്നെ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

”വിജയ് ആരാധകരെ വേദനിപ്പിക്കാനോ വിജയിയെ ഇകഴ്ത്തി കാണിക്കാനോ അല്ല താന്‍ ശ്രമിച്ചതെന്ന് അനുശ്രീ ലൈവ് വീഡിയോയിലൂടെ പറഞ്ഞു. ‘വിജയ് എന്ന നടനെ കുറിച്ച് പറയാന്‍ മാത്രം ഞാന്‍ ആരുമല്ല. സൂര്യയോട് ഉളള ഇഷ്ടം മാത്രമാണ് പ്രകടിപ്പിച്ചത്. ഞാന്‍ ഉദ്ദേശിച്ചത് പോലെ അല്ല വായിച്ചെടുത്തത്. എല്ലാവരുടേയും പിന്തുണ ഇല്ലെങ്കില്‍ ഞാനില്ല. തിയറ്ററില്‍ എന്റെ രംഗം വരുമ്പോള്‍ നിങ്ങള്‍ കൂവിയാല്‍ ഞാന്‍ അഭിനയിച്ചിട്ട് കാര്യമില്ല. അത്‌കൊണ്ട് എല്ലാവരുടേയും സ്‌നേഹവും പിന്തുണയും ഇനി വേണം’, അനുശ്രീ പറഞ്ഞു”