ഏത് രാജകുമാരനാ ചേട്ടാ…? ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ചിത്രത്തിന്‍റെ വിശേഷങ്ങളുമായി സംവിധായകന്‍ അല്‍താഫ് സലിം….

മലയാളികളെ ഒരുപാട് ചിരിപ്പിച്ച ഒരു ഡയലോഗ് ആയിരുന്നു ‘പ്രേമ’ത്തിൽ ഗിരിരാജൻ കോഴി എന്ന ഷറഫുദ്ദീൻ അവതരിപ്പിച്ച കഥാപാത്രം പറഞ്ഞത്. ഗിരിരാജൻ കോഴിയും ജോർജും തുടങ്ങി ആ നാട്ടിലെ എല്ലാ ‘കോഴി’കളിൽ നിന്നും ‘പ്രേമ’ത്തിലെ മേരിയെ സംരക്ഷിച്ച കഥാപാത്രം. വളരെ നിഷ്കളങ്കമായി ‘ഏത് രാജകുമാരനാ ചേട്ടാ…???’ എന്ന് ചോദിച്ച ആ കഥാപാത്രത്തെ അവതരിപ്പിച്ച അൽത്താഫ് സലിം ഇപ്പോൾ സംവിധായകനാണ്.

‘സഖാവ്’ എന്ന ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം മഹേഷ് എന്ന കഥാപാത്രത്തെയും അവതരിപ്പിച്ച് കൈയ്യടി നേടിയ അൽത്താഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിൽ എത്തുകയാണ്.

സംവിധായകൻ എന്ന നിലയ്ക്ക് അൽത്താഫിന്റെതായി പുറത്ത് വരുന്ന ആദ്യത്തെ അഭിമുഖമാണ് ചുവടെ..

ക്യാമറയ്ക്ക് മുന്നിൽ നിന്ന് ക്യാമറയ്ക്ക് പിന്നിലേക്ക്

ആദ്യം മുതലേ സംവിധാനം തന്നെയാണ് താത്‌പര്യം. അതിനുള്ള കഥയെഴുതും മറ്റുമൊക്കെ നേരത്തെ തന്നെ തുടങ്ങിയിരുന്നു. എന്റെ വീടും ആലുവ തന്നെയാണ്. അൽഫോൻസിനെയും നിവിനെയും ഒക്കെ ഷോർട്ട് ഫിലിം ചെയ്യുന്ന സമയത്തേ അറിയാം. ‘പ്രേമം’ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാൻ പോകുന്ന സമയത്താണ് അൽഫോൻസ് എന്നെ വിളിച്ച് ഒരു കഥാപാത്രം ചെയ്യണം എന്ന് പറയുന്നത്. പിന്നെ നമ്മുടെ ചുറ്റുമുള്ളത് നമ്മുടെ തന്നെ സുഹൃത്തുക്കൾ ആയിരുന്നത് കൊണ്ട് ‘പ്രേമം’ ചെയ്തു. പക്ഷെ ആ കഥാപാത്രം ഒരു ഹിറ്റായി മാറുമെന്നൊന്നും സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല.

‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യുടെ ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപാണ് ;സഖാവി’ൽ അഭിനയിച്ചത്. അതിനു ശേഷം 2 – 3 സിനിമകളിൽ അഭിനയിക്കാനുള്ള അവസരം വന്നതാണ്. പക്ഷെ നമ്മുടെ സിനിമയുടെ എഴുത്തും മറ്റു പ്രീ പ്രൊഡക്ഷൻ വർക്കുകളും ഉണ്ടായിരുന്നത് കൊണ്ട് അതൊക്കെ ഉപേക്ഷിക്കേണ്ടി വന്നു.നമ്മുടെ സിനിമയുടെ റിലീസിന് ശേഷം മറ്റൊരു സിനിമയിൽ അഭിനയിക്കാമെന്ന് ഏറ്റിട്ടുണ്ട്. അതിന്റെ ചർച്ചകളും നടക്കുന്നുണ്ട്.

സംവിധാനത്തിലേക്ക് ഇറങ്ങുന്നു എന്ന് പറഞ്ഞപ്പോൾ എന്തായിരുന്നു കൂട്ടുകാരുടെയൊക്കെ പ്രതികരണം

അങ്ങനെ ആർക്കും പ്രത്യേകിച്ച് വലിയ അങ്കലാപ്പ് ഒന്നുമില്ലായിരുന്നു. കാരണം അവർക്ക് നേരത്തെ അറിയാമായിരുന്നു എനിക്ക് സംവിധാനമാണ് താത്‌പര്യം എന്ന്. പക്ഷെ ഞാൻ അഭിനയിക്കാൻ പോയപ്പോഴായിരുന്നു അവർക്കൊക്കെ ടെൻഷൻ.

എങ്ങനെ നിവിൻ പോളിയിലേക്ക് എത്തി ?

നേരത്തെ പറഞ്ഞ പോലെ നിവിനുമായി നേരത്തെ ബന്ധമുണ്ടായിരുന്നു. നിവിനോട് ഈ കഥ ഞാൻ പോയി പറഞ്ഞു. കഥ കേട്ട് കഴിഞ്ഞപ്പോൾ നിവിന് അത് ഇഷ്ടപ്പെട്ടു. സുഹൃത്ത് ഒക്കെ ആണെങ്കിലും ഒരു സുഹൃദ് ബന്ധത്തിന്റെ പേരിൽ നിവിൻ ഒരിക്കലൂം ഒരു സിനിമ കമ്മിറ്റ് ചെയ്യില്ല. കഥ നന്നായി ഇഷ്ടപ്പെട്ടത് കൊണ്ട് തന്നെയാണ് ഈ സിനിമ നിവിൻ നായകനായും നിർമ്മാതാവായും കമ്മിറ്റ് ചെയ്തത്.

കുര്യൻ ചാക്കോ എന്ന കഥാപാത്രം നിവിന്റെ കൈയിൽ ഭദ്രമായിരുന്നു. ഞാൻ പ്രതീക്ഷിച്ചതിലും നന്നായി നിവിൻ ആ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിച്ചു.

നിവിൻ എന്ന നിർമ്മാതാവും വളരെയധികം സപ്പോർട്ടീവ് ആയിരുന്നു. ഈ സിനിമയുടെ ക്യാമറാമാനായ മുകേഷ് മുരളീധരനും സംഗീത സംവിധായകനായ ജസ്റ്റിൻ വർഗീസുമെല്ലാം പുതുമുഖങ്ങളാണ്. എനിക്ക് ആവശ്യമുള്ളവരെ ഈ സിനിമയിലേക്ക് കൊണ്ട് വരണം എന്ന ആവശ്യം ഒരു മടിയും കൂടാതെ നിവിൻ അംഗീകരിക്കുകയായിരുന്നു. അത് തന്നെ വലിയ ഒരു പ്രചോദനമായിരുന്നു.

‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’.. വളരെ വ്യത്യസ്തമായ ടൈറ്റിൽ..എന്ത് കൊണ്ടാണ് ഇങ്ങനെ ഒരെണ്ണം..

ശരിക്കും.. ‘ഞണ്ടുകളുടെ നാട്ടിൽ’ എന്ന ടൈറ്റിൽ ശ്രീ ചന്ദ്രമതി ടീച്ചറുടെ ഒരു കൃതിയുടെ പേരാണ്. ആ ടൈറ്റിൽ സിനിമയ്ക്ക് യോജ്യമായത് കൊണ്ട് ഞങ്ങൾ ടീച്ചറുടെ അനുവാദത്തോടെ ആ ടൈറ്റിൽ ഉപയോഗിച്ചതാണ്. എന്ത് കൊണ്ട് അങ്ങനെയൊരു ടൈറ്റിൽ എന്ന് ചോദിച്ചാൽ അത് ആ സബ്ജക്ടിനു വളരെ ചേരുന്ന ഒരു ടൈറ്റിൽ ആയത് കൊണ്ട് തന്നെയാണ്. എന്ത് കൊണ്ട് ഈ ടൈറ്റിൽ എന്നത് അത് ആ സിനിമ കണ്ടു കഴിയുമ്പോൾ എല്ലാവർക്കും മനസ്സിലാകും.

ലാൽ സാറിന്റെ വളരെ വ്യത്യസ്തമായ റോൾ

എനിക്ക് വളരെയധികം ഇഷ്ടമുള്ള ഒരു നടനാണ് ലാൽ സാർ. അദ്ദേഹത്തിന്റെ പല മാനറിസങ്ങളും ഭയങ്കര രസമാണ്. ഈ സിനിമയ്ക്ക് തൊട്ട് മുൻപുള്ള സിനിമകളിൽ നമ്മൾ ലാൽ സാറിനെ കണ്ട കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ ഒന്നായിരിക്കും ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യിലേത്. വളരെ സൈലന്റ് ആയ എന്നാൽ വളരെ മികച്ച ഒരു കഥാപാത്രമായിരിക്കും.

‘പ്രേമം’ ടീം വീണ്ടും

‘പ്രേമ’ത്തിൽ ഉണ്ടായിരുന്ന കൃഷ്ണശങ്കർ, സിജു വിൽസൺ, ഷറഫുദീൻ എന്നിവർ ഈ ചിത്രത്തിലും ഒപ്പം ഉണ്ട്. അത് ശരിക്കും എനിക്ക് വലിയൊരു ആശ്വാസമായിരുന്നു. കാരണം കോമഡികളും കൗണ്ടറുകളും ഈ സൗഹൃദത്തിന്റെ പിൻബലത്തിൽ വർധിച്ചു എന്ന് തന്നെ പറയാം. ഞാനും ജോർജ് കോരയും ചേർന്നെഴുതിയ സംഭാഷണങ്ങൾ അവർ കുറച്ചു കൂടി ലൈവ് ആക്കിയിട്ടുണ്ട്.

‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യിൽ സംവിധായകൻ അഭിനയിക്കുന്നുണ്ടോ ?

ക്യാമറയ്ക്ക് പിന്നിൽ ഒരുപാട് ജോലികൾ ഉണ്ടായിരുന്നു. പിന്നെ അതിനേക്കാൾ വലിയ സംഭവം എന്താണെന്ന് വച്ചാൽ എനിക്ക് പറ്റിയ കഥാപാത്രങ്ങൾ ഒന്നും തന്നെ ഈ സിനിമയിൽ ഇല്ല എന്നതാണ്. സിനിമ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഓരോ കഥാപാത്രങ്ങളും ചെയ്തിരിക്കുന്നത് അതാത് കഥാപാത്രങ്ങൾക്ക് യോജിച്ചവർ തന്നെയാണ്.

എന്താണ് ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ ?

Image may contain: 6 people, people smiling, people standing and outdoor

‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ ഒരു പക്കാ ഫാമിലി സിനിമയാണ്. നമ്മുടെ സമൂഹത്തിലെ വളരെ സീരിയസായ ഒരു വിഷയം നർമ്മത്തിൽ പൊതിഞ്ഞ് ഈ സിനിമയിലൂടെ പറയാനാണ് ശ്രമിക്കുന്നത്. ഒരുപാട് സ്ഥലത്ത് ഹ്യൂമർ കൊണ്ട് വരാൻ ശ്രമിച്ചിട്ടുണ്ട്.

പിന്നെ ഇത് വരെ അധികം കണ്ടിട്ടില്ലാത്ത ആർട്ടിസ്റ്റ് കോമ്പിനേഷനുകളും ചിത്രത്തിലുണ്ട്. ലാൽ സാറും ശാന്തി കൃഷ്ണയും അഹാനയുമൊക്കെ
അതിനുള്ള ഉദാഹരണങ്ങളാണ്.

സംവിധാനം പഠിച്ചിട്ടില്ല

ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിലൊന്നും പോയി സംവിധാനം പഠിച്ചിട്ടില്ല. ആരുടേയും കൂടെ അസിസ്റ്റന്റ്‌ ആയിട്ടും പോയിട്ടില്ല. ഒരുപാട് സിനിമകൾ കാണും. മിക്ക ദിവസങ്ങളിലും മിനിമം 2 സിനിമകൾ എങ്കിലും കാണും. അങ്ങനെ സിനിമകൾ കണ്ടാണ് ഞാൻ സിനിമ പഠിച്ചത്. പിന്നെ ചെറിയ ചെറിയ വർക്കുകൾ ഒക്കെ ചെയ്ത് അതിലെ തെറ്റുകൾ ഒക്കെ മനസ്സിലാക്കി തിരുത്താൻ ശ്രമിക്കും.

ഇപ്പോഴും സമാധാനമായിട്ടില്ല

55 ദിവസം കൊണ്ടാണ് ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യുടെ ഷൂട്ടിങ് ഞങ്ങൾ പൂർത്തിയാക്കിയത്. ഞാൻ ആദ്യമായി ക്യാമറ വച്ചത് മലയാളത്തിലെ രണ്ടു സംവിധായകരുടെ മുഖത്താണ്. ലാൽ സാറും ദിലീഷ് പോത്തനുമൊന്നിച്ചുള്ള ഒരു സീനാണ് ഞങ്ങൾ ആദ്യം ഷൂട്ട് ചെയ്തത്. പിന്നീട് 55 ദിവസം നീണ്ട ചിത്രീകരണം.

ഡബ്ബിംഗ് ഒക്കെ പൂർത്തിയാക്കി ഇപ്പോൾ സിനിമയുടെ റീ റെക്കോർഡിംഗ് പുരോഗമിക്കുകയാണ്. ഇപ്പോഴും ഞാൻ ടെൻഷനിലാണ്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി സിനിമ ഒന്ന് മുഴുവനായി കണ്ടാലേ എനിക്ക് സമാധാനമാകുകയുള്ളൂ.

വമ്പന്മാർക്കൊപ്പം ഓണം റിലീസിന്റെ ടെൻഷൻ ?

അങ്ങനത്തെ വലിയ ടെൻഷൻ ഒന്നുമില്ല. ഒരുമിച്ച് ഒന്നിൽ കൂടുതൽ സിനിമകൾ റിലീസ് ആകുകയും നല്ല സിനിമകൾ ആയത് കൊണ്ട് അവ തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുമുണ്ട്.

ഞാൻ വീണ്ടും പറയുന്നു ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ തമാശകൾ നിറഞ്ഞ ഒരു പക്കാ കുടുംബ ചിത്രമാണ്. എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഒരു നല്ല സിനിമയായിരിക്കും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.