മോളേ ആന്റിയുടെ കാല്‍ തൊട്ട് തൊഴുതിട്ടു വേണം മേക്കപ്പ് തുടങ്ങാന്‍; ശ്രീ അങ്ങനെ ചെയ്തപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു: കല്‍പനയുടെ മകള്‍ ശ്രീമയിയെ കുറിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സബിത പറയുന്നു

മലയാളത്തിന്റെ പ്രിയതാരം കല്‍പനയുടെ മകള്‍ ശ്രീമയിയുടെ ഫോട്ടോഷൂട്ടിനു വേണ്ടി ശ്രീമയിയെ ഒരുക്കിയത് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ സബിത സാവരിയയാണ്. ശ്രീമയിയെ കുറിച്ച് സബിതയുടെ ഫെയ്സ്ബുക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. മേക്കപ്പ് തുടങ്ങുന്നതിനു മുമ്പെ കല്‍പനയുടെ അമ്മ ശ്രീമയിയോട് കാല്‍ തൊട്ടുവണങ്ങാന്‍ ആവശ്യപ്പെട്ടെന്നും, ആ സംഭവം തന്റെ കണ്ണു നിറച്ചുവെന്നും സബിത പറയുന്നു.

സബിതയുടെ കുറിപ്പ് വായിക്കാം

ദിവസവും തിയതിയും ഒന്നും കൃത്യമായി ഓര്‍മ്മിക്കുന്നില്ല കല്‍പ്പനചേച്ചിയുടെ മോള്‍ടെ 2 പടം എടുക്കണം …സബിത ഫ്രീ ആണെങ്കില്‍ വരൂ ….നടി എന്ന നിലയിലും നേരിട്ട് പരിചയപ്പെട്ടിട്ടുള്ള വ്യക്തി എന്ന രീതിയിലും എനിക്ക് കല്‍പ്പന ചേച്ചിയെ ഒരുപാട് ഇഷ്ടമായിരുന്നു ….നേരില്‍ സംസാരിക്കുമ്പോള്‍ സ്‌ക്രീനില്‍ കാണുന്ന ആളേ ആയിരുന്നില്ല ചേച്ചി ….തമാശയുടെ മേമ്പൊടി ചേര്‍ക്കുമെങ്കിലും എന്തിനും ഏതിനും ചേച്ചിക്ക് വ്യക്തമായ നിലപാടുകള്‍ ഉണ്ടായിരുന്നു ….അതാണെന്നെ ഏറെ ആകര്‍ഷിച്ചത് …. ചേച്ചിയുടെ വേര്‍പാടിന് ശേഷം അധികമൊന്നും ചേച്ചിയെക്കുറിച്ചു ഓര്‍മിച്ചിട്ടുമില്ല ….അപ്പോഴാണ് ഇങ്ങനെ ഒരു അവസരം …കേട്ടപ്പോള്‍ ഒരുപാട് സന്തോഷത്തോടെയാണ് പുറപ്പെട്ടത് …ഉര്‍വശി,കല്‍പ്പന , കലാരഞ്ജിനിമാരുടെ അമ്മയുടെ അടുത്ത് ഇരുന്ന് സംസാരിച്ചത് എനിക്ക് സന്തോഷം മാത്രമല്ല ഒരുപാട് അഭിമാനവും തന്നു എന്ന് തന്നെ പറയണം …. മേക്കപ്പ് തുടങ്ങുന്നതിനു മുന്‍പ് അമ്മ ശ്രീമയിയോട് പറഞ്ഞു ….മോളേ ആന്റിയുടെ കാല്‍ തൊട്ട് തൊഴുതിട്ടു വേണം മേക്കപ്പ് തുടങ്ങാന്‍ …ശ്രീ അങ്ങനെ ചെയ്തപ്പോള്‍ സത്യത്തില്‍ എന്റെ കണ്ണ് നിറഞ്ഞു ….മോള്‍ടെ അമ്മയുടെ മകളായി പിറക്കാന്‍ കഴിഞ്ഞതിനേക്കാള്‍ വലിയ ദൈവാനുഗ്രഹം വേറെ ഇല്ല എന്ന് പറഞ്ഞു ഞാന്‍ ശ്രീയെ ചേര്‍ത്ത് പിടിച്ചു …..പിന്നെ ഏതൊരു ഷൂട്ടും പോലെ ചിരിയിലും തമാശയിലും ഒക്കെ കുതിര്‍ന്നു ആ ദിവസം കടന്നു പോയി.

എപ്പോഴും എല്ലാവരോടും ചെയ്യുന്നത് പോലെ whatsapp number വാങ്ങി എടുത്ത selfies ഒക്കെ അയയ്ക്കാം എന്ന് വാക്ക് കൊടുത്തു പിരിഞ്ഞു ….വീടെത്തുന്നതിനു മുന്‍പേ ശ്രീയുടെ മെസ്സേജ് വന്നു …തിരിച്ചും റിപ്ലൈ കൊടുത്തു ….അപ്പോള്‍ ഞാന്‍ ഒരിക്കലും വിചാരിച്ചില്ല , ആന്റി എന്ന് വിളിച്ചുകൊണ്ടുള്ള മെസ്സേജുകള്‍ ഒരു പതിവായി മാറുമെന്ന് …. പിന്നെ കലാരഞ്ജിനിച്ചേച്ചിയും മോളും വീട്ടിലും വന്നു ….ഹെയര്‍ സെറ്റ് ചെയ്യാന്‍ …അങ്ങിനെ അറിയാതെ ഒരു അടുപ്പം ഉടലെടുക്കുന്നത് ഞാന്‍ അറിഞ്ഞു ….മിക്കവാറും ദിവസങ്ങളില്‍ ”ആന്റി എവിടെയാ ?”….” കഴിച്ചോ ?”…. ”എന്തുണ്ട് വിശേഷം ?” എന്നൊക്കെ ചോദിച്ചു കൊണ്ട് ശ്രീയുടെ ഒരു മെസ്സേജ് എങ്കിലും വരും …. പക്ഷേ …അന്ന് വന്ന മെസ്സേജ് എന്നെ അടിമുടി മാറ്റിക്കളഞ്ഞു ….അതിരാവിലെ വന്ന ആ മെസ്സേജ് …” ആന്റി , ഇന്ന് എന്റെ കോളേജിലെ ഫസ്റ്റ് ഡേ ആണ് …ആന്റി എന്നെ അനുഗ്രഹിക്കണം ”….സന്തോഷം വന്നിട്ടാണോ , സങ്കടം വന്നിട്ടാണോ ഞാന്‍ കരഞ്ഞതെന്നു ഇപ്പോഴുമെനിക്കറിയില്ല …. ഇത് വരെ ആരോടും മകളെപ്പോലെ എന്നൊരു വികാരം തോന്നിയിട്ടില്ല …പക്ഷേ ശ്രീമയി …..നീ എനിക്ക് മകള്‍ തന്നെ …. നാളെ ലോകം അറിയുന്ന അഭിനേത്രി ആയി മാറുമോ എന്നെനിക്കറിയില്ല (മാറണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു ) പക്ഷേ ,ജീവിതത്തിന്റെ തുടര്‍പാതയില്‍ നീ വ്യക്തി മുദ്ര പതിപ്പിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല മോളേ ….