അപ്പു എന്നും കുറഞ്ഞ സൗകര്യങ്ങളുടെ ലോകത്താണ്; എനിക്ക് നല്‍കാവുന്ന സൗകര്യങ്ങള്‍ അവന്‍ അനുഭവിച്ചിട്ടില്ല; ശരിയല്ലെന്നു തോന്നുന്നതു ചെയ്യില്ല; അതിനായി കള്ളം പറയില്ല; പ്രണവിനെക്കുറിച്ച് മോഹന്‍ലാല്‍

തിരുവനന്തപുരം താജ് ഹോട്ടലില്‍ വെച്ചായിരുന്നു മോഹന്‍ലാല്‍ ചിത്രം ഒടിയന്റെയും പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയുടെയും പൂജ നടന്നത്. മലയാള സിനിയിലെ ഒട്ടുമിക്ക പ്രമുഖ നടന്മാരും സംവിധായകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. താന്‍ സിനിയില്‍ എത്തിയതിനെക്കുറിച്ചും മകനെക്കുറിച്ച് മോഹന്‍ലാല്‍ പങ്കുവെച്ചു.

സിനിമാ നടനാകുമെന്നു അന്നു ആലോചിച്ചിട്ടുപോലുമില്ല. എന്നെ സുഹൃത്തുക്കള്‍ തള്ളി വിടുകയായിരുന്നു. ഫാസില്‍ സാറും സിബി മലയില്‍ സാറും എന്നെ കണ്ട് ഓകെ പറഞ്ഞപ്പോഴും അതിരുവിട്ടു വിസ്മയം തോന്നിയിട്ടില്ല. പറ്റില്ലെങ്കില്‍ ഇതവസാനിപ്പിച്ചു പോകാമെന്നാണു തോന്നിയിട്ടുള്ളത്. പത്തു മുപ്പത്തിയാറു വര്‍ഷത്തിനു ശേഷം ഇന്നു വൈകീട്ടും ഞാന്‍ അഭിനയിക്കാന്‍ പോകുന്നു. മോഹന്‍ലാല്‍ പറഞ്ഞു.

കളിച്ചു വളര്‍ന്ന അതേ സ്ഥലത്തുള്ള വലിയൊരു ഹോട്ടലില്‍ എന്റ മകന്‍ അപ്പു(പ്രണവ് മോഹന്‍ലാല്‍) അഭിനയിക്കുന്ന സിനിമയ്ക്കു ഞാന്‍ തിരി കൊളുത്തുന്നു. അന്നുണ്ടായിരുന്നവരെല്ലാം ഇപ്പോഴും ചുറ്റിലും നില്‍ക്കുന്നു. ഇതിനെയല്ലെ ദൈവ കല്‍പ്പിതമെന്നു പറയുന്നത്. ഇതില്‍ എന്റെതായ ഒരു തീരുമാനവും ഇല്ല. മോഹന്‍ലാല്‍ പറഞ്ഞു.

അപ്പു എന്താകുമെന്ന് എനിക്കറിയില്ലായിരുന്നു. അവന്‍ എന്തെങ്കിലും ആകണമെന്നും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. കുട്ടിക്കാലത്ത് മുതലെ ഹോസ്റ്റലിലാണു വളര്‍ന്നത്.ഒരു മുറിയില്‍ ഒതുങ്ങുന്ന സാധാരണ ജീവിതമാണു അവന്‍ അനുഭവിച്ചത്. ഞാന്‍ അഭിനയിച്ച സിനിമയില്‍ സഹസംവിധായകനായി ജോലി ചെയ്യുമ്പോഴും അവന്‍ തിരഞ്ഞെടുത്തത് വളരെ പരിമിതമായ സൗകര്യമാണ്. അപ്പുവിന്റെ ലോകം എന്നും കുറഞ്ഞ സൗകര്യങ്ങളുടെ ലോകമായിരുന്നു. കൂടുതല്‍ വേണമെന്നവന്‍ പറഞ്ഞിട്ടുമില്ല. ഞങ്ങള്‍ ചോദിച്ചിട്ടുമില്ല.

ബൈക്ക് അടക്കം അപകടത്തിന്റെതായ വലിയൊരു ലോകം അവന്റെ മുന്നിലുണ്ടായിരുന്നു. ലഹരിപോലുള്ള വിപത്തുകളുടെ ലോകവും കുട്ടികളുടെ വളരെ അടുത്താണല്ലോ. അവന് അതില്‍ എന്തു വേണമെങ്കിലും തിരഞ്ഞെടുക്കാമായിരുന്നു. അതു രഹസ്യമായി സൂക്ഷിക്കാനും കഴിയുമായിരുന്നു. ആ വഴിയൊന്നും തിരഞ്ഞെടുത്തില്ല എന്നതു മാത്രമാണു സന്തോഷം. അവിടെക്കൊന്നും പോകരുതെന്നു മാത്രമാണു ആഗ്രഹിച്ചത്. കുട്ടികള്‍ എന്താകണമെന്നു ആഗ്രഹിക്കരുതെന്നു എനിക്കു തോന്നിയിട്ടുണ്ട്. കുട്ടികള്‍ എന്താകരുതെന്ന് എന്നതുമാത്രമായിരിക്കണം അവരുടെ കരുതല്‍. ഞാന്‍ എന്താകണമെന്നു എന്റെ അച്ഛന്‍ ആഗ്രഹിച്ചതായി പറഞ്ഞിട്ടില്ല. ഒരു ഡിഗ്രി വേണമെന്നു അച്ഛന്‍ പറഞ്ഞിരുന്നു. അതുപോലും എനിക്കു അപ്പുവിനോടു പറയേണ്ടി വന്നില്ല. അവന്‍ അതിലേക്കു വഴി സ്വയം തിരഞ്ഞെടുത്തു.

Image result for mohanlal pranav

ഏഴു മണിക്കു കുളിക്കുകയും രാത്രി 10നു ഉറങ്ങുകയും രാവിലെ രണ്ട് ഇഢലിയും ഏത്തപ്പഴവും കഴിക്കുകയും ചെയ്യണമെന്നു ഞാനോ സുചിയോ പറഞ്ഞിട്ടില്ല. അവര്‍ക്കു നല്‍കിയ സ്വാതന്ത്ര്യം അവര്‍ ശരിയായ വഴിക്ക് ഉപയോഗിച്ചു എന്നാണെനിക്കു തോന്നുന്നത്. ജീവിതത്തിന്റെ വില അവന്‍ മനസ്സിലാക്കി എന്നു തോന്നുന്നു. കുട്ടികളുടെ ലോകം വളരെ വലുതാണ്. അവരുടെ സൗഹൃദങ്ങള്‍, അവര്‍ കാണുന്ന ലോകം അവര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം, അവര്‍കിട്ടുന്ന സ്‌നേഹം എന്നിവയെല്ലാം അവരെ നയിക്കുന്നതു വേറെയൊരു ലോകത്തേക്കാണ്. എന്റെ കുട്ടികള്‍ എന്റെ ലോകത്തു ജീവിക്കണമെന്നു ഞാന്‍ കരുതിയിട്ടില്ല. അവര്‍ക്കു അവരുടെ ലോകം വേണമെന്നെ കരുതിയിട്ടുള്ളു.

അവരുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്താതെ അവരെ സുചി സ്‌നേഹിച്ചു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അപ്പു സംഗീതത്തിന്റെയും യാത്രയുടെയും ലോകത്തായിരുന്നു കുറെക്കാലം. അന്ന് അവന്‍ എന്താകുമെന്ന ആകാംഷ ഒരു പക്ഷെ സുചിക്കുണ്ടായിരുന്നിരിക്കാം. എന്നോട് ഇതുവരെ അതു പറഞ്ഞിട്ടില്ല. കുട്ടികള്‍ അമ്മയോടു എല്ലാം തുറന്നു പറയുമായിരുന്നു. അമ്മ നല്‍കിയ ആത്മവിശ്വാസത്തിന്റെ കരുത്തിലാകാം അവര്‍ ദിശ നിശ്ചയിച്ചത്. എന്നെ അവര്‍ പലപ്പോഴും കാണാറില്ലല്ലോ. ഹോസ്റ്റല്‍ മുറിയില്‍ തനിച്ചാകുന്ന കുട്ടികള്‍ക്കു അമ്മയുടെ ശബ്ദംപോലും കരുത്തായിക്കാണും. ഞങ്ങള്‍ക്ക് ഒരു പേടിയും സമ്മാനിക്കാതെ വളര്‍ന്നതും അതുകൊണ്ടാകാം. എന്നെക്കാള്‍ അവരെക്കുറിച്ചു സുചിയാണു ചിന്തിച്ചതെന്നു തോന്നുന്നു.

Related image

അപ്പു സ്ഫടികംപോലെ സുതാര്യമാണെന്നു തോന്നിയിട്ടുണ്ട്. ശരിയല്ലെന്നു തോന്നുന്നതു ചെയ്യില്ല. അതിനായി കള്ളം പറയില്ല. നുണപറഞ്ഞു എന്തെങ്കിലും ചെയ്യാമെന്നു ഒരിക്കലും കരുതിയിട്ടുണ്ടെന്നു തോന്നിയിട്ടില്ല. ഇന്ന് ഞങ്ങള്‍ക്കു നല്‍കാവുന്ന ചില സൗകര്യങ്ങളുണ്ട്. അതൊന്നുമില്ലെങ്കിലും സുഖമായി അപ്പു ജീവിക്കുന്നുണ്ട്. അവന്റെ യാത്രകളില്‍ ഒരിക്കല്‍പ്പോലും എനിക്കു നല്‍കാവുന്ന സൗകര്യങ്ങള്‍ അവന്‍ അനുഭവിച്ചിട്ടില്ല. ഒറ്റമുറിയില്‍ കിടക്കുന്ന കുട്ടിമാത്രമാണ് അപ്പു എന്നും.