‘ഒടിയന്‍’ ഫാന്‍റസി സ്വഭാവമുള്ള സിനിമ; ഈ വര്‍ഷം തിയേറ്ററുകളില്‍ എത്തുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍

ഇന്ത്യയിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായി ഒരുങ്ങുന്ന മഹാഭാരതയുടെ പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണെന്നും ഇതിന് മുന്നേ ഒടിയന്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഒന്നരമാസത്തിനകം ഒടിയന്‍ ചിത്രീകരണം തുടങ്ങും. മാജിക്കല്‍ റിയലിസം എന്ന് പറയാവുന്ന ട്രീറ്റ്മെന്റാണ് സിനിമയുടേത്. ഫാന്റസി സ്വഭാവമുള്ള ചിത്രമായിരിക്കും ഒടിയന്‍. ത്രില്ലര്‍ കൂടിയാണ് ചിത്രം. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഒടിയനിലേതെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

മഹാഭാരതം അടുത്ത വര്‍ഷം ഓഗസ്റ്റ് ആദ്യവാരം അബുദാബിയില്‍ ചിത്രീകരണം തുടങ്ങുന്നതെന്ന് നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീലങ്ക, ഇന്ത്യ എന്നിവിടങ്ങളിലാകും തുടര്‍ചിത്രീകരണം.

100 ദിവസത്തിനുള്ളില്‍ നടക്കുന്ന ലോഞ്ചില്‍ കാസ്റ്റിംഗും ടെക്നീഷ്യന്‍സിനെയും പ്രഖ്യാപിക്കും. ഈ വര്‍ഷം തിയേറ്ററുകളിലെത്തുന്ന ചിത്രമായിരിക്കും ഒടിയന്‍ എന്നും ശ്രീകുമാര്‍ മേനോന്‍. ദേശീയ പുരസ്‌കാര ജേതാവായ തിരക്കഥാകൃത്ത് കെ ഹരികൃഷ്ണനാണ് ഒടിയന്റെ രചന നിര്‍വഹിക്കുന്നത്.

ഒടിയനില്‍ മഞ്ജുവാര്യരാണ് നായിക. കരുത്തുറ്റ പ്രതിനായകനായി പ്രകാശ് രാജ് എത്തുന്നു.സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ആക്ഷന്‍രംഗങ്ങളൊരുക്കുന്നത് ‘പുലിമുരുകനി’ലെ ത്രസിപ്പിക്കുന്ന രംഗങ്ങളൊരുക്കിയ പീറ്റര്‍ ഹെയ്ന്‍ ആണ്. പുലിമുരുകന്റെ ക്യാമറാമാന്‍ ഷാജികുമാറാണ് ഒടിയനെ ക്യാമറയില്‍ പകര്‍ത്തുക. ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്. എം.ജയചന്ദ്രന്‍ സംഗീതമൊരുക്കുന്നു. റഫീഖ് അഹമ്മദ്,ലക്ഷ്മി ശ്രീകുമാര്‍ എന്നിവരുടേതാണ് ഗാനങ്ങള്‍. പി എം സതീഷാണ് ചിത്രത്തിന്റെ ശബ്ദലേഖനം. ഗോകുല്‍ദാസാണ് കലാസംവിധായകന്‍.

ആഭിചാര ക്രിയകളിലൂടെ ശത്രുസംഹാരത്തിനും പൈശാചിക ശക്തികളെ വരുതിയിലാക്കാനുമുള്ള മാര്‍ഗ്ഗം എന്നാണ് ഒടിവിദ്യയെ വിശേഷിപ്പിക്കുന്നത്. കേരളത്തിന്റെ പല ഭാഗങ്ങളിലും ഒടിവിദ്യകളിലൂടെ ദുര്‍മന്ത്രവാദം നടത്തുന്നവര്‍ ഇപ്പോഴുമുണ്ട്. ഒടിവിദ്യയിലൂടെ മാനായും മയിലായും കാളയായും മാറാന്‍ മന്ത്രവാദിക്ക് കഴിയുമെന്നാണ് ഈ വിശ്വാസികളുടെ വാദം. ഒടിവിദ്യ പ്രയോഗിക്കുന്നവരെയും വശമുള്ളവരെയും ഒടിയന്‍മാരെന്നാണ് വിളിക്കാറുള്ളത്.

ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത വിഷ്വല്‍ ഇഫക്ടുകളുടെ അനന്യാനുഭവമാകും ‘ഒടിയന്‍’സമ്മാനിക്കുകയെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാഗ്ദാനം. വി.എഫ്.എക്സിനുവേണ്ടി ഏറ്റവും കൂടുതല്‍ തുക ചെലവിടുന്ന ചിത്രവുമാകും ഇത്. വിദേശസാങ്കേതികവിദഗ്ദ്ധരാണ് വി.എഫ്.എക്സ് രംഗങ്ങളൊരുക്കുക. മെയ്25ന് ചിത്രീകരണം തുടങ്ങുന്ന ‘ഒടിയന്റെ’ പ്രധാന ലൊക്കേഷനുകള്‍ പാലക്കാട്,തസറാക്ക്,ഉദുമല്‍പേട്ട്,പൊള്ളാച്ചി,ബനാറസ്,ഹൈദരാബാദ് എന്നിവിടങ്ങളാണ്.

75കോടി ക്ലബ്ബിലെത്തിയ ‘ഒപ്പ’ത്തിനുശേഷം ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രമാണ് ഒടിയന്‍. ഒരു നാടോടിക്കഥയുടെ സ്വപ്നഭംഗിയോടെ മിത്തും പ്രണയവും പ്രതികാരവും ഇഴചേരുന്ന ‘ഒടിയന്‍’ ഒരു പാലക്കാടന്‍ ഗ്രാമത്തിന്റെ അരനൂറ്റാണ്ടുകാലത്തെ കഥയാണ് പറയുന്നത്.