‘മോനേ ലാലാണ്, സരിതയോട് പറഞ്ഞിട്ട് എനിക്കും ഇതുപോലെ രണ്ടെണ്ണം തരാന്‍ പറയാമോ?; ജയസൂര്യയോട് മോഹന്‍ലാല്‍ പറഞ്ഞു

ജയസൂര്യയുടെ സിനിമകള്‍ മാത്രമല്ല, അദ്ദേഹം ധരിക്കുന്ന വസ്ത്രങ്ങളും സൂപ്പര്‍ ഹിറ്റാണ്. അതിനു പിറകില്‍ ഒരാളുടെ കയ്യൊപ്പുണ്ട്. ജയസൂര്യയുടെ ഭാര്യ സരിതയുടെ. ചുരുങ്ങിയ കാലയളവുകൊണ്ട് തന്നെ കേരളത്തിലെ മുന്‍നിര ഫാഷന്‍ ഡിസൈനര്‍മാരുടെ പട്ടികയില്‍ സരിതയും ഇടംപിടിച്ചിരിക്കുകയാണ്.

സരിതയുടെ ജീവിതത്തില്‍ ഒരു പക്ഷെ ഏറ്റവും മികച്ച അംഗീകാരം ലഭിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. അതും മലയാളത്തിലെ മഹാനടന്‍ മോഹന്‍ലാലില്‍ നിന്നും. സരിതയുടെയും തന്റെയും സന്തോഷം ജയസൂര്യതന്നെയാണ് ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്.

ജയസൂര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

‘മോനേ… ലാലാണ് ‘ കഴിഞ്ഞ ദിവസം ലാലേട്ടന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു. മോനേ… ഞാന്‍ നിന്റെ ഫുക്രി സിനിമ കണ്ടു കൊണ്ടിരിക്കുകയാണ്. അതിലെ ആ കുര്‍ത്ത ആരാ ഡിസൈന്‍ ചെയ്തേ? ഞാന്‍ പറഞ്ഞു അത് എന്റെ ഭാര്യ സരിതയാണ്. മോനെ സരിതയോട് പറഞ്ഞിട്ട് എനിയ്ക്കും അതുപോലെ രണ്ട് ഡ്രസ് ഡിസൈന്‍ ചെയ്ത് തരാന്‍ പറയോ? ഞാന്‍ അത് കേട്ടപ്പോ തന്നെ ഞെട്ടിപ്പോയി എനിയ്ക്ക് സംശയമായി ഇത് ലാലേട്ടന്‍ തന്നെയാണോ? ഞാന്‍ ഒന്നു കൂടി മൊബൈലിലേയ്ക്ക് നോക്കി ഇനി പൃഥിയോ, ചാക്കോയോ ആരെങ്കിലും പണി തരുന്നതാണോ എനിയ്ക്ക് സംശയമായി, അല്ല ലാലേട്ടന്റെ നമ്പര്‍ തന്നെയാണ് .. ഞാന്‍ പറഞ്ഞു എന്ത് ചോദ്യമാണ് ലാലേട്ടാ… എത്രണ്ണം വേണം എന്ന് പറഞ്ഞാ മതി ലാലേട്ടന്‍ എവിടെയാണെങ്കിലും ഞാന്‍ എത്തിച്ച് തരും.

അങ്ങനെ ഇന്നലെ ഞങ്ങള്‍ ലാലേട്ടന്റെ വീട്ടില്‍ പോയി.. ലാലേട്ടനും ചേച്ചിയും, അടുത്ത സൂപ്പര്‍ സ്റ്റാറും അവിടെ ഉണ്ടായിരുന്നു. സരിത ലാലേട്ടന് വേണ്ടി വേറെയും ഡിസൈന്‍ ചെയ്തിരുന്നു. അദ്ദേഹം ഓരോന്നായി ഇട്ടു കൊണ്ടു വന്നപ്പോ, ആദ്യമായിട്ട് എന്റെ ഭാര്യയുടെ മുഖത്ത് നവരസത്തിന്റെ അപ്പുറത്തെ ചില ഭാവങ്ങള്‍ ഞാന്‍ കണ്ടു. അങ്ങനെ ലാലേട്ടനോട് യാത്ര പറഞ്ഞ് വണ്ടിയില്‍ കേറിയപ്പോ മുതല്‍ ഇവള് കണ്ണ് തുറക്കുന്നില്ല ..ദൈവമേ പണിയായാ… തീര്‍ന്നു പോയോന്ന് ഞാന്‍ വിചാരിച്ചു.. ടീ .. എന്ന് വിളിച്ചപ്പോ അവള് കണ്ണ് തുറന്ന് എന്നെ നോക്കീട്ട് പറഞ്ഞു.

”ഇത് മതി ജയാ, ഇതാണ് എന്നെപ്പോലെയുള്ള ഒരു ഫാഷന്‍ ഡിസൈനര്‍ക്ക് കിട്ടാവുന്ന ഏറ്റവും വല്ല്യ അംഗീകാരം’.