മഹാഭാരതത്തിന് ശേഷം മോഹന്‍ലാല്‍ രാജ്യത്തിന്‍റെ മുഴുവന്‍ പ്രിയതാരമായി മാറുമെന്ന് ബാഹുബലി നായിക അനുഷ്‌ക ഷെട്ടി

മഹാഭാരതം റിലീസ് ആകുന്നതോടെ മോഹന്‍ലാല്‍ സര്‍ രാജ്യത്തിന്റെ മുഴുവന്‍ പ്രിയതാരമായി മാറും എന്ന് ബാഹുബലി നായിക പറയുന്നു. മഹാഭാരത കഥയ്ക്കും അതിലെ വീര പുരുഷന്മാര്‍ക്കും ഓരോ ഭാരതീയന്റെയും മനസ്സില്‍ ദൈവങ്ങള്‍ക്ക് തുല്യമാണ്. അതുകൊണ്ട് വെള്ളിത്തരയില്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങളോടും ഈ ആരാധന തോന്നുന്നത് സ്വാഭാവികം.

വി ആര്‍ ചോപ്രയുടെ നിര്‍മാണത്തില്‍ പണ്ട് ടെലിവിഷന്‍ സീരിയലായി പുറത്തുവന്ന മഹാഭാരതത്തെ ഓര്‍മിപ്പിച്ചുകൊണ്ടാണ് അനുഷ്‌ക സംസാരിച്ചത്. ഞാന്‍ വളരെ കുട്ടിയായിരിയ്ക്കുമ്പോഴാണ് ദൂരദര്‍ശനില്‍ മഹാഭാരതം സീരിയല്‍ കണ്ടത്. അതില്‍ ശ്രീകൃഷ്ണനായി വന്ന നിതീഷ് ഭരത്വാജിനെയും കര്‍ണനായി വന്ന പങ്കജ് ധീറിനെയുമൊക്കെ ദൈവമായാണ് അന്ന് ആള്‍ക്കാര്‍ ആരാധിച്ചത്. അത്രമേല്‍ പ്രിയങ്കരമാണ് ഭാരതീയര്‍ക്ക് ഈ കഥാപാത്രങ്ങള്‍

മോഹന്‍ലാല്‍ സര്‍ ഭീമന്‍ എന്ന വീര പുരുഷനെ അവതരിപ്പിക്കുമ്പോള്‍ രാജ്യം നമിക്കും. ജ്ഞാനപീഠപുരസ്‌കാരം നേടിയ എംടി വാസുദേവന്‍ നായരുടെ തൂലികയില്‍ വിരിയുന്ന ഭീമനെ കാണാന്‍ എല്ലാവരെയും എന്ന പോലെ ഞാനും ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നു.

ആര്‍ക്കും അനുകരിക്കാന്‍ കഴിയാത്ത അഭിനയ വൈവിധ്യം കൊണ്ട് ശ്രദ്ധേയനായ നടനാണ് മോഹന്‍ലാല്‍. അദ്ദേഹം അഭിനയിച്ച ജനത ഗാരേജ് എന്ന ചിത്രം തെലുങ്കിലെ എക്കാലത്തെയും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റാണെന്നും അനുഷ്‌ക പറഞ്ഞു