മോഹന്‍ലാലിനൊപ്പമുള്ള സിനിമയെക്കുറിച്ച് ഫഹദ് പറയുന്നു..

മോഹന്‍ലാലുമൊത്ത് സ്‌ക്രീന്‍ പങ്കിടുന്നതിനുള്ള ആഗ്രഹം യുവനിരയിലെ ഒട്ടേറെ താരങ്ങള്‍ മുന്‍പ് പങ്കുവച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്നുള്ളവര്‍ മാത്രമല്ല, മറുഭാഷാ താരങ്ങളും അക്കൂട്ടത്തില്‍ പെടും. ഇപ്പോഴിതാ ഒരു മുഴുനീള കഥാപാത്രമായി മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം തുറന്നുപറയുകയാണ് യുവതലമുറയിലെ പ്രതിഭാധനനായ ഫഹദ് ഫാസില്‍. നേരത്തേ സലാം ബാപ്പു സംവിധാനം ചെയ്ത ‘റെഡ് വൈനി’ല്‍ ഇരുവരും ഒന്നിച്ചിരുന്നുവെങ്കിലും മോഹന്‍ലാലും ഫഹദും നേര്‍ക്കുനേരെ നിന്ന് പെര്‍ഫോം ചെയ്യുന്നത് കാണാനുള്ള പ്രേക്ഷകരുടെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല അത്. മോഹന്‍ലാലിനൊപ്പം ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് ഫഹദ്. സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇതേക്കുറിച്ച് പറയുന്നത്.

പ്രേക്ഷകരേക്കാള്‍ അത്തരം കോമ്പിനേഷന്‍ എന്റെ മോഹമാണ്. മുഴുനീള കഥാപാത്രമല്ലെങ്കിലും റെഡ് വൈന്‍ എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒന്നിച്ചിരുന്നു. പണ്ട് ലാല്‍ജോസ് ചേട്ടന്‍ അത്തരമൊരു ചിത്രത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. പിന്നെ ഒന്നും കേട്ടില്ല. ഈ സ്വപ്നലോകത്ത് ഇനിയും വലിയ വിസ്മയങ്ങള്‍ കാലം കാത്തുവെച്ചിട്ടുണ്ടാവും. ഫഹദ് പറയുന്നു.

‘മഹേഷിന്റെ പ്രതികാര’ത്തിന് ശേഷം സിനിമകളുടെ തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ഫഹദിന്റേതായി പുറത്തുവരാനിരിക്കുന്ന രണ്ട് സിനിമകള്‍ ദിലീഷ് പോത്തന്റെ തന്നെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രവും റാഫിയുടെ ‘റോള്‍ മോഡല്‍സു’മാണ്. അതേസമയം ബി.ഉണ്ണികൃഷ്ണന്റെ ‘വില്ലനാ’ണ് മോഹന്‍ലാലിന്റെ അടുത്ത് തിയേറ്ററുകളിലെത്തുന്ന ചിത്രം. അതിന് ശേഷം ലാല്‍ജോസിന്റെ ‘വെളിപാടിന്റെ പുസ്തകവും’.