ഒന്നര വര്‍ഷം നല്‍കി മോഹന്‍ലാല്‍, ശില്‍പിയുടെ അനുഗ്രഹം!!! പറഞ്ഞ് കേള്‍ക്കുന്നതൊന്നുമല്ല ഭീമന്‍!!!

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലേക്ക് നടന്ന് കയറാനൊരുങ്ങുന്ന മഹാഭാരതം എന്ന സിനിമയാണ് ഇപ്പോള്‍ സിനിമാ ലോകം ചര്‍ച്ച ചെയ്യുന്നത്. എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ബജറ്റ് 1000 കോടി രൂപയാണ്.

സിനിമ പ്രഖ്യാപിച്ചതോടെ ഇത്രയും  ഉയര്‍ന്ന ബജറ്റില്‍ സിനിമ നിര്‍മിക്കുന്നതിനേക്കുറിച്ചുള്ള ആശങ്ക പങ്കുവച്ച് പലരും രംഗത്തെത്തി. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഒരു സിനിമ പോലും ഇത്രയും തുക കളക്ട് ചെയ്തിട്ടില്ല എന്നത് തന്നെ കാരണം. എല്ലാം സംശയങ്ങള്‍ക്കും മറുപടിയാണ് മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്.

മലയാളികള്‍ക്ക് ഏറെ പരിചിതമാണ് മോഹന്‍ലാലിന്റെ ബ്ലോഗ്. സാമൂഹിക വിഷയങ്ങളും തന്റെ കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവയ്ക്കുന്നത് ബ്ലോഗിലൂടെയാണ്. ഇക്കുറി തന്റെ എഴുത്തിന് അദ്ദേഹം വിഷയമായി എടുത്തിരിക്കുന്നത് തന്റെ സ്വപ്‌ന സിനിമയായ മഹാഭാരതമാണ്.ഭീമന്‍ എപ്പോഴും എന്നോടൊപ്പം എന്ന തലവാചകത്തിലാണ് ബ്ലോഗ്. ഭീമന്‍ എന്ന ഇതിഹാസ പുരുഷന്‍ തന്റെ ഭാഗമായതിനേക്കുറിച്ചും താന്‍ ഭീമനാകുന്നതിനേക്കുറിച്ചുമാണ് ബ്ലോഗിലൂടെ അദ്ദേഹം പറയുന്നത്. ചിത്രത്തേക്കുറിച്ചുള്ള പ്രേക്ഷകരുടെ ആശങ്കള്‍ക്കും അദ്ദേഹം മറുപടി നല്‍കുന്നുണ്ട്.

ഏതൊരു കുട്ടിയേയും പോലെ മഹാഭാരത, രാമയണ കഥകള്‍ കേട്ട് വളര്‍ന്ന ബാല്യമായിരുന്നു മോഹന്‍ലാലിന്റേതും. അതിലെ ഭീമന്‍ എന്ന കഥാപാത്രമായിരുന്നു എന്നും കഥകളില്‍ നിറഞ്ഞ് നിന്നിരുന്നതും. ഭീമന്റെ കരുത്ത്, ഗദയുമായുള്ള നില്‍പ്, എത്ര കഴിച്ചാലും മതി വരാത്ത വയറ്… എപ്പോഴും ഭീമനേക്കുറിച്ച് കേട്ടുകൊണ്ടേയിരുന്നു. പാതി ആരാധനയും പാതി പരിഹാസവും നിറഞ്ഞ ജീവിതമായിരുന്നു ഭീമന്റേത്.

എംടി രണ്ടാമൂഴം എന്ന നോവല്‍ എഴുതിയതിന് ശേഷമാണ് പൊരുത്ത ശരീരത്തിനപ്പുറം ഭീമന് നനുത്തൊരു മനസുണ്ടെന്ന് വ്യക്തമായത്. അയാള്‍ക്ക് ദുഖങ്ങളും ഏകാകിത്വവും മോഹങ്ങളും മോഹഭംഗങ്ങളും കരച്ചിലുകളുമെല്ലാമുണ്ടെന്ന് ബോധ്യമായത്. രണ്ടാമൂഴത്തിന്റെ വായന തനിക്ക് പകര്‍ന്ന് തന്ന വലിയ പാഠമിതായിരുന്നെന്ന് മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിക്കുന്നു.

രണ്ടാമൂഴം വായിക്കുന്ന കാലത്തൊന്നും അതിന്റെ സിനിമാ രൂപം തന്റെ മനസിലുണ്ടായിരുന്നില്ല. അഭിനയിക്കാന്‍ വേണ്ടിയുള്ള കഥാപാത്രത്തിനായി പുസ്തകം വായിക്കുന്ന പതിവ് പണ്ടേ ഇല്ല. വായനയുടെ രസത്തിന് വേണ്ടിയാണ് വായനയെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ദശാബ്ദങ്ങള്‍ക്കിപ്പുറം രണ്ടാമൂഴം സിനിമയാകാനുള്ള തീരുമാനമുണ്ടാകുകയും എംടി തിരക്കഥ പൂര്‍ത്തിയാക്കുകയും ചെയ്തിരിക്കുന്നു.

രണ്ടാമൂഴം സിനിമയാകുമ്പോള്‍ ഭീമനായി തന്റെ പേര് നിര്‍ദേശിച്ചത് എംടി സാര്‍ തന്നെയാണ്. അതില്‍ ഒരു നടനെന്ന് നിലയില്‍ താന്‍ ധന്യനാണ്. അതിലുപരി അദ്ദേഹത്തോട് നന്ദിയുള്ളവനും. ഭീമനാകാനുള്ള തയാറെടുപ്പുകളേക്കുറിച്ച് ഇന്ന ആലോചിക്കുമ്പോള്‍ അല്പം അത്ഭുതം തോന്നുന്നുണ്ടെന്നും മോഹന്‍ലാല്‍ കുറിക്കുന്നു.

രണ്ടാമൂഴത്തിലെ ഭീമനാകുന്നതിന് മുമ്പ് തന്നെ എംടി സാറിന്റെ ഭീമനായിട്ടുണ്ട്, 1985ല്‍ പുറത്തിറങ്ങിയ രംഗം എന്ന സിനിമയിലൂടെ. 1999ല്‍ വാനപ്രസ്ഥത്തില്‍ ഭീമനായി. 2003ല്‍ മനോരമയ്ക്ക് വേണ്ടി ചെയ്ത കഥയാട്ടത്തിലും ഭീമനുണ്ടായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം മുകേഷിനൊപ്പം ഛായമുഖി എന്ന നാടകം ചെയ്തപ്പോള്‍ അതിലെ കഥാപാത്രം ഭീമനായിരുന്നുവെന്ന് മോഹന്‍ലാല്‍ പറയുന്നു.

രണ്ടാമൂഴം പുസ്തകമായി ഇറങ്ങിയതിന് ശേഷം അദ്ദേഹം തന്റെ അടുക്കല്‍ വന്നു. രണ്ടാമൂഴത്തിലെ ഒരു രംഗം, ഭീമനനും ഹിഡുബിയും, മരത്തില്‍ കൊത്തിയതും അദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നു. അത് തനിക്ക് തരുമ്പോള്‍ എന്നെങ്കിലും രണ്ടാമൂഴം സിനിമയാകുകയാണെങ്കില്‍ ഭീമനാകാന്‍ സാധിക്കട്ടെ എന്ന് അദ്ദേഹം  ആശംസിച്ചിരുന്നു. എന്നാല്‍ അന്നാരും പുസ്തകത്തില്‍ ചലച്ചിത്ര ഭാഷ്യത്തേക്കുറിച്ച് ആലോചിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നടനെന്ന് നിലയില്‍ അടുത്ത രണ്ട് വര്‍ഷം തനിക്ക് ഏറെ പ്രധാനപ്പെട്ടതും അധ്വാന ഭരിതവുമാണ്. എംടിയുടെ ഭീമന്‍ ഒരേസമയം മനസ്സും ശരീരവുമാണ്. അപ്പോള്‍ രണ്ടിന്റേയും പരിശീലനം ആവശ്യമാണ്. ഇപ്പോള്‍ താന്‍ പൂര്‍ണമായും ഭീമനാകാന്‍ നിയോഗിക്കപ്പെട്ടിരിക്കുകായാണ്. എംടി സാറിന്റെ പ്രീയ വാക്ക് കടമെടുത്ത് ‘സുകൃതം’ എന്നുതന്നെയാണ് ഇതിനെ മോഹന്‍ലാല്‍ വിശേഷിപ്പിക്കുന്നതും.

പലതരത്തിലുള്ള യുദ്ധമുറകള്‍ രണ്ടാമൂഴത്തിലുണ്ട്. ഗദായുദ്ധം മുതല്‍ കാറ്റിന്റെ വേഗത്തിലുള്ള രഥയുദ്ധം വരെ. ഇതെല്ലാം അതാത് ആയോധനകളിലെ വിവധ ഗുരുക്കന്മാര്‍ക്ക് കീഴില്‍ അഭ്യസിക്കേണ്ടി വരും. അഭിനയിക്കാന്‍ പോകുന്ന കഥാപാത്രങ്ങള്‍ക്ക് വേണ്ടി മന:പ്പൂര്‍വം തയാറെടുപ്പുകള്‍ക്ക് നടത്താത്ത തന്നേപ്പോലൊരു നടന് ഇത് ഏറൈ പുതുമയുള്ളതും വെല്ലുവിളി നിറഞ്ഞതുമാണെന്ന് മോഹന്‍ലാല്‍ പറയുന്നു.

രണ്ടാമൂഴത്തിന്റെ തയാറെടുപ്പുകള്‍ക്കും ചിത്രീകരണത്തിനുമായി ഒന്നോ ഒന്നരയോ വര്‍ഷം മാറ്റി വയ്‌ക്കേണ്ടി വരും. മറ്റ് പല മമിറ്റ്‌മെന്റുകളില്‍ നിന്നും മാറി നില്‍ക്കേണ്ടി വരും. ഇതെല്ലാം മഹത്തായ സ്വപ്‌നത്തിന്റെ സാക്ഷാത്ക്കാരം ആവശ്യപ്പെടുന്ന കാര്യങ്ങളും ത്യാഗങ്ങളുമാണെന്ന് മോഹന്‍ലാല്‍ പറയുന്നു.

രണ്ടാമൂഴത്തേക്കുറിച്ചുള്ള  ആശങ്കങ്ങള്‍ പങ്കുവയ്ക്കുന്ന ധാരാളം ആളുകളുണ്ട്. എല്ലാ നല്ല കാര്യങ്ങളും സംഭവിക്കട്ടെ എന്ന പ്രാര്‍ത്ഥിക്കുന്ന ആളാണ് താന്‍. സംഭവിച്ചാലും ഇല്ലെങ്കിലും ഒരു വലിയ സ്വപ്‌നത്തിന്റെ ഭാഗമായി സഞ്ചരിക്കുന്നത് തന്നെ ആനന്ദകരമാണ്. ലക്ഷത്തേക്കാള്‍ യാത്രയാണ് തന്നെ രസിപ്പിക്കുന്നത്. താന്‍ ഇപ്പോള്‍ ആ യാത്രയിലാണ്. എന്നോടൊപ്പം, എപ്പോഴും ഭീമനും എന്ന വാചകത്തോടെയാണ് അദ്ദേഹം ബ്ലോഗ് അവസാനിപ്പിക്കുന്നത്.