KRK മാപ്പ് പറഞ്ഞു; അറിവില്ലാത്തത് കൊണ്ടാണ് മോഹന്‍ലാലിനെ പരിഹസിച്ചതെന്ന് കെആര്‍കെ

മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്ന് പരിഹസിച്ച ബോളിവുഡ് നടന്‍ കമാല്‍ ആര്‍ ഖാന്‍ മാപ്പു ചോദിച്ച് രംഗത്ത്. മോഹന്‍ലാലിനെ കുറിച്ച് കൂടുതല്‍ അറിവ് ഇല്ലാത്തത് കൊണ്ടാണ് പരിഹസിച്ചതെന്നും ക്ഷമിക്കണമെന്നും കെആര്‍കെ ട്വീറ്റ് ചെയ്തു.

“മോഹന്‍ലാല്‍ സാറിനെ കുറിച്ച് കൂടുതല്‍ അറിയാത്തത് കൊണ്ടാണ് ഛോട്ടാ ഭീം എന്ന് പറഞ്ഞ് പരിഹസിച്ചത്. ക്ഷമിക്കണം, നിങ്ങള്‍ മലയാളത്തിലെ സൂപ്പര്‍താരമാണെന്ന് ഞാന്‍ ഇപ്പോഴാണ് തിരിച്ചറിയുന്നത്”, അദ്ദേഹം ട്വീറ്റ് ചെയ്തു.

Sir @Mohanlal sorry to call you #ChotaBheem Coz I didn’t know much about you. But now I know that you are a super star of Malayalam films.

— KRK (@kamaalrkhan) April 23, 2017

എംടി വാസുദേവൻ നായരുടെ രണ്ടാംമൂഴമെന്ന നോവലിനെ ആസ്‌പദമാക്കി ഒരുങ്ങുന്ന മഹാഭാരതമെന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. വി.എ.ശ്രീകുമാർ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭീമനെന്ന കഥാപാത്രമായാണ് മോഹൻലാലെത്തുന്നത്. 1000 കോടി മുതൽ മുടക്കി ബി.ആർ. ഷെട്ടിയാണ് ചിത്രം നിർമ്മിക്കുന്നത്.

ഈ വാർത്ത ഇന്ത്യയിലെ സിനിമ രംഗത്ത് വൻ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. ബോളിവുഡിൽ ഈ വാർത്ത വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ഈ വാർത്ത പരന്നതോടെ ആഗോള തലത്തിൽ ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ അടയാളപ്പെടുത്തലാകുമെന്ന നിലയിൽ ഈ സിനിമയെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഈ സാഹചര്യത്തിലാണ് മോഹൻലാലിനെ ഛോട്ടാ ഭീമെന്ന നിലയിൽ പരിഹസിച്ചുള്ള ട്വിറ്റർ പോസ്റ്റുമായി കെആർകെ രംഗത്തെത്തിയത്. “മോഹൻലാൽ സാറിനെ കണ്ടാൽ ഛോട്ടാഭീമിനെ പോലെയാണ് ഇരിക്കുന്നതെന്നും പിന്നെങ്ങനെയാണ് മഹാഭാരതത്തിലെ ഭീമന്റെ വേഷം ചെയ്യുക”യെന്നുമാണ് കെആർകെ ട്വീറ്റ് ചെയ്‌തത്. ബി.ആർ.ഷെട്ടി ഇത്രയധികം പണം പാഴാക്കിക്കളയുകയാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

എന്നാൽ വാർത്ത പുറത്ത് വന്നതോടെ കമാൽ ആർ.ഖാൻ സിനിമ പ്രേമികളും മോഹന്‍ലാല്‍ ആരാധകരും ഒന്നടങ്കം ആക്രമിച്ചു. ഇംഗ്ളീഷിലും ഹിന്ദിയിലും മാത്രമല്ല, മലയാളത്തിൽ പോലും സിനിമാ പ്രേമികൾ കെആർകെയ്ക്ക് പൊങ്കാലയിട്ടു. ഇതിന് പിന്നാലെ ഫാന്‍സിനെ അധിക്ഷേപിച്ചും അദ്ദേഹം രംഗത്തെത്തിയിരുന്നു.

തനിക്ക് 37 ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ടെന്നും മോഹന്‍ലാലിന് വെറും 17 ലക്ഷത്തോളം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വിഢികളായ മോഹന്‍ലാല്‍ ആരാധകര്‍ ആരാണ് വലിയ താരമെന്ന് കണക്കുകൂട്ടി നോക്കണമെന്നും പറഞ്ഞു.

സിനിമയിലെ ഏറ്റവും മോശം പ്രകടനത്തിന് നല്‍കുന്ന ഗണ്ട അവാര്‍ഡിന് പോലും അര്‍ഹനല്ലാത്ത മധൂര്‍ ഭണ്ഡാര്‍ക്കറിന് മൂന്ന് ദശീയ പുരസ്കാരവും പദ്മശ്രീയും ഉണ്ടെന്നും കെആര്‍കെ പരിഹസിച്ചു. ഇതിന് പിന്നാലെ കെആര്‍കെയുടെ ഇമെയില്‍ അടക്കമുള്ള അക്കൌണ്ടുകളില്‍ സൈബര്‍ ആക്രമണം നടന്നു. അദ്ദേഹത്തിന്റെ ഇ മെയില്‍ ഹാക്ക് ചെയ്തതായും ഹാക്കര്‍മാര്‍ അവകാശപ്പെട്ടു. ഇതിന് പിന്നാലെയാണ് ക്ഷമാപണവുമായി കെആര്‍കെ രംഗത്തെത്തിയത്. എന്നാല്‍ കെആര്‍കെയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്ത് ട്വീറ്റ് ചെയ്തതാണെന്ന സാധ്യത തള്ളിക്കളയാനും കഴിയില്ല.

1000 കോടി മുതൽ മുടക്കി ബി.ആർ. ഷെട്ടി നിർമ്മിക്കുന്ന ചിത്രം എം.ടി.വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന സിനിമയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഭീമനെ കേന്ദ്രകഥാപാത്രമാക്കി മഹാഭാരതം വെള്ളിത്തിരയിൽ അവതരിപ്പിക്കാനാണ് ശ്രമം. ഭീമനായി താൻ വരുമെന്ന് മോഹൻലാൽ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. .