50 കോടി ക്ലബിൽ ഗ്രേറ്റ് ഫാദറും; നന്ദി അറിയിച്ച് മമ്മൂട്ടി

മമ്മൂട്ടി കിടിലൻ ഗെറ്റപ്പിൽ എത്തിയ ഗ്രേറ്റ് ഫാദർ 50 കോടി പിന്നിട്ടു. മമ്മൂട്ടി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് 50 കോടി പിന്നിട്ട വിവരം ആരാധകരുമായി പങ്കുവച്ചത്. നേരത്തെ അതിവേഗത്തിൽ 20 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോർഡും ഗ്രേറ്റ് ഫാദർ സ്വന്തമാക്കിയിരുന്നു.

മാർച്ച് 30 ന് 200 ലേറെ തിയറ്ററുകളിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിനം 4 കോടി 31 ലക്ഷം രൂപയാണ് മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ വാരിയത്. ഫസ്റ്റ്ഡേ കളക്ഷനിൽ മോഹൻലാൽ ചിത്രം പുലിമുരുകന്റെ റെക്കോർഡ് ഗ്രേറ്റ്ഫാദർ മറികടന്നിരുന്നു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജ് സുകുമാരൻ, സന്തോഷ് ശിവൻ, ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്നാണ് ഗ്രേറ്റ് ഫാദർ നിർമിച്ചിരിക്കുന്നത്.

ഡേവിഡ് നൈനാൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്. സ്‌നേഹയായിരുന്നു നായിക. തുറുപ്പു ഗുലാൻ, വന്ദേ മാതരം എന്നീ ചിത്രങ്ങൾക്കു ശേഷം സ്‌നേഹയും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഗ്രേറ്റ് ഫാദറിനുണ്ടായിരുന്നു. ആര്യ, ഷാം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ കഥയും തിരക്കഥയും ഹനീഫ് അദേനിയുടേതു തന്നെയാണ്. ഗോപീ സുന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.