വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും പ്രിയദര്‍ശനും ഒരു സിനിമക്കായി ഒന്നിക്കുന്നു…

പ്രിയദർശൻ ഒരു മലയാള ചിത്രം സംവിധാനം ചെയ്യുന്നു എന്ന് കേട്ടാൽ എല്ലാവരുടെയും മനസ്സിലേക്ക് വരുന്ന ഒരു സംഗതി ഇതാണ്…നായകൻ മോഹൻലാൽ അല്ലേ.. എന്നാൽ ആ പതിവ് പ്രിയൻ തെറ്റിക്കാൻ ഒരുങ്ങുകയാണ്.

മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ‘ഒപ്പം’ കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചു കഴിഞ്ഞു. തന്റെ ഗംഭീര തിരിച്ചു വരവിനു ശേഷം ഹിന്ദിയിലേക്ക് വീണ്ടും പോകാൻ തയ്യാറെടുക്കുന്ന പ്രിയൻ മലയാളത്തിലേക്ക് ഇനി വരുന്നത് മെഗാ സ്റ്റാർ  മമ്മൂട്ടിയുമൊത്തുള്ള ഒരു സിനിമയിലൂടെ ആയിരിക്കും എന്നാണ് വാർത്തകൾ.

ഒരു റോഡ് മൂവിയാകും ചിത്രം എന്നാണ് സൂചന. ഈ പ്രോജക്ടിനെക്കുറിച്ചുള്ള ആലോചനകൾ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച പ്രിയദർശൻ തിരക്കഥ പൂർത്തിയായാലേ ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ എന്നും കൂട്ടിച്ചേർത്തു.

18 വർഷങ്ങൾക്ക് മുൻപ് ‘മേഘം’ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും പ്രിയദർശനും ഒന്നിച്ചത്. ‘മേഘ’ത്തിൽ ദിലീപും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.      

മമ്മൂട്ടി ചിത്രം കൂടാതെ മോഹൻലാലുമായി മറ്റൊരു ചിത്രം, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ എന്നിവരെ നായകന്മാരാക്കി വെവ്വേറെ ചിത്രങ്ങൾ ചെയ്യാനും തനിക്ക് പദ്ധതിയുണ്ടെന്നു പ്രിയൻ മുൻപ് പറഞ്ഞിരുന്നു.