മോഹൻലാലിനൊപ്പം മമ്മൂട്ടി, പ്രിഥ്വി, ഹൃതിക്, മഹേഷ് ബാബുവും രണ്ടാംമൂഴത്തില്‍ ?

1000 കോടി രൂപയ്ക്ക് ‘രണ്ടാമൂഴം’ എന്ന വിഖ്യാത കൃതി മഹാഭാരതമായി ബിഗ് സ്‌ക്രീനിൽ അവതരിക്കും എന്ന് പ്രഖ്യാപിച്ചപ്പോൾ ഒരു പ്രകമ്പനം ഉണ്ടായിരിക്കുകയാണ്. ഇനിയുള്ള ഓരോ ദിവസങ്ങളിലും ഈ ചിത്രവുമായി ബന്ധപ്പെട്ട വാർത്തകൾ പലതും കേൾക്കാം. എന്നാൽ ഇന്ന് വന്നിരിക്കുന്ന വാർത്ത ഈ ചിത്രത്തിന്റെ താര നിരയെപ്പറ്റിയാണ്.

ഭീമസേനന്റെ ഭാഗത്തു നിന്ന് പറയുന്ന  ഭീമസേനനായി എത്തുന്നത് മലയാളത്തിന്റെ താര രാജാവ് മോഹൻലാൽ ആണെന്ന് ഉറപ്പായിക്കഴിഞ്ഞു. മറ്റു വേഷങ്ങൾ ആരൊക്കെയാകും ചെയ്യുക. ഒരു സ്വകാര്യ എഫ് എം ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ചിത്രത്തിന്റെ സംവിധായകൻ വി എ ശ്രീകുമാർ മേനോൻ ചില സൂചനകൾ നൽകുകയുണ്ടായി..

മമ്മൂക്കയെ വച്ച് ഒരു സിനിമ ചെയ്യാൻ കഴിയുക എന്നത് തന്നെ ഒരു ഭാഗ്യമാണ്. ശരിക്കും മമ്മൂക്കയ്ക്ക് ചെയ്യാൻ കഴിയുന്ന കഥാപാത്രം ഈ ചിത്രത്തിലുണ്ട്. പക്ഷെ ഞങ്ങൾ ഇത് വരെ അദ്ദേഹത്തെ സമീപിച്ചിട്ടില്ല. നാളെ മമ്മൂട്ടി ഒരു കഥാപാത്രമായി വന്നാല്‍ തെല്ലും അത്ഭുതപ്പെടാനില്ല. അത് എന്റെയും എല്ലാവരുടെയും ആഗ്രഹമാണ്.

മഹേഷ്ബാബു ഇല്ലെങ്കിൽ ഹൃതിക് റോഷൻ ശ്രീകൃഷ്ണനായി വന്നാൽ എന്നാണ് എന്റെ ആഗ്രഹം. പ്രിഥ്വിരാജ് ഒക്കെ ഈ സിനിമയുടെ ഭാഗമാക്കണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. പ്രിഥ്വി ഇപ്പോൾ മലയാളത്തിലെ മാത്രം ഒരു സ്റ്റാർ അല്ല. ഇന്ത്യ ഒട്ടുക്കാകെ അറിയുന്ന ഒരു താരമാണ്. ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാർ ഈ ചിത്രത്തിൽ ഉണ്ടാകും. അതിനൊപ്പം ചില ഹോളിവുഡ് സർപ്രൈസുകളും ഉണ്ടാകും.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ‘വിലയേറിയ’  തിരക്കഥയാണ് ‘രണ്ടാമൂഴം’ എന്ന മഹാഭാരതം’. മഹാഭാരത കഥ എല്ലാവര്‍ക്കും അറിയുന്നതുകൊണ്ട് അത് പുന:സൃഷ്ടിക്കുക എന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കാര്യമാണ. കേരളത്തിലെ നാട്ടിന്‍പുറത്തുള്ളവര്‍ പോലും ട്രോയ്, ഗ്ലാഡിയേറ്റര്‍ പോലുള്ള ചിത്രങ്ങള്‍ കണ്ടു ശീലിച്ചവരാണ്. അതുകൊണ്ട് തന്നെ സങ്കല്‍പത്തിനപ്പുറം സാങ്കേതികവിദ്യ സഞ്ചരിക്കണം. മഹാഭാരത യുദ്ധം ഒക്കെ ചിത്രീകരിക്കുന്നത് ലോക സിനിമ ഇത് വരെ കാണാത്ത രീതിയിൽ ആയിരിക്കും.