മോഹന്‍ലാല്‍-ഉണ്ണികൃഷ്ണന്‍ സിനിമ “വില്ലന്‍റെ” ചിത്രീകരണം അവസാനഘട്ടത്തിലേക്ക്

ഒരിടവേളക്ക് ശേഷം ബി ഉണ്ണികൃഷ്ണൻ മോഹൻലാലിനെ നായകമാക്കി ഒരുക്കുന്ന വില്ലന്‍റെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നു. സംവിധായകൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘വില്ലന്‍റെ’ രണ്ടാം ഷെഡ്യൂൾ ഇന്ന് വാഗമണ്ണിൽ അവസാനിക്കുമെന്നും. ജൂൺ ആദ്യവാരം ആരംഭിക്കുന്ന അടുത്ത ഷെഡ്യൂളോടെ ചിത്രീകരണം പൂർത്തിയാവുമെന്നും ഉണ്ണികൃഷ്ണൻ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഇന്ത്യയില്‍ ആദ്യമായി 8കെയില്‍ ചിത്രീകരിക്കുന്ന സിനിമയാണ് വില്ലന്‍. ഈ പ്രത്യേകത വില്ലനെ ഹോളിവുഡിന്‍റെ വരെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ് ഇപ്പോൾ. റെഡിന്‍റെ 8കെ ക്യാമറയിലാണ് സിനിമ ചിത്രീകരിക്കുന്നത്. മഞ്ജു വാര്യരും മോഹൻലാലിനൊപ്പം ചിത്രത്തില്‍ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

കഴിഞ്ഞദിവസം മഞ്ജു വാര്യരും മോഹൻലാലും ആലപ്പുഴ ബീച്ചില്‍ നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിരുന്നു. വില്ലന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ഇരുവരും ബീച്ചിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. മോഹൻ ലാലിന്‍റെ ഭാര്യയായാണ് മഞ്ജു എത്തുന്നതെന്നും മുൻപ് റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.വിശാല്‍, ഹന്‍സിക മോട്ട്വാനി, ശ്രീകാന്ത്, റാഷി ഖന്ന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.