ദുൽഖർ ജെമിനി ഗണേഷന്‍റെ വേഷം ചെയ്യാന്‍ തെലുങ്കിലേക്ക്….നായിക നമ്മുടെ കീർത്തി

തെന്നിന്ത്യൻ ഭാഷകളിലെ ഒന്നാം നമ്പർ നായികയായി തിളങ്ങി നിൽക്കുന്ന നടിമാരുടെ ലിസ്റ്റ് എപ്പോൾ എടുത്ത് നോക്കിയാലും അതിൽ ഉറപ്പായും ഒരു മലയാളിയായ നായികയെ കാണും. വലിയ വെല്ലുവിളികൾ ഒന്നും കൂടാതെ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഈ ലിസ്റ്റിൽ ഒന്നാമതായി നിൽക്കുന്ന പേരാണ് ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിപ്പേരുള്ള നയൻതാര.

നയൻതാരയെ കൂടാതെ ഇപ്പോൾ തമിഴിലും തെലുങ്കിലുമായി ഏറ്റവും അധികം തിരക്കിൽ നിൽക്കുന്ന നായികയാണ് കീർത്തി സുരേഷ്. തെലുങ്കിലെ പ്രശസ്ത നായികയായിരുന്ന സാവിത്രിയുടെ ജീവിതം ‘മഹാനദി’ എന്ന പേരിൽ അഭ്രപാളിയിലേക്ക് പകർത്തുമ്പോൾ സാവിത്രിയായി എത്തുന്നത് കീർത്തി സുരേഷ് ആണ്. സാമന്തയും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

സാവിത്രിയുടെ കഥ ചലച്ചിത്രമാകുമ്പോൾ തീർച്ചയായും അക്കാലത്തെ തെലുങ്കിലെ സൂപ്പർ താരങ്ങളായ ജെമിനി ഗണേശൻ, എൻ ടി രാമറാവു എന്ന എൻ ടി ആർ, അക്കിനേനി നാഗേശ്വര റാവു എന്ന എ എൻ ആർ എന്നിവർ. ഇതിൽ ജെമിനി ഗണേശന്റെ നാല് ഭാര്യമാരിൽ മൂന്നാമത്തെ ഭാര്യയായിരുന്നു സാവിത്രി.

ഇപ്പോൾ ഏറ്റവും ഒടുവിലായി ലഭിക്കുന്ന വാർത്തകൾ സൂചിപ്പിക്കുന്നത് ജെമിനി ഗണേശനായി ഈ ചിത്രത്തിൽ അഭിനയിക്കുന്നത് ദുൽഖർ സൽമാൻ ആയിരിക്കും എന്നാണ്. അങ്ങനെ സംഭവിച്ചാൽ ഇത് ദുൽഖറിന്റെ ആദ്യത്തെ നേരിട്ടുള്ള തെലുങ്ക് ചിത്രമായിരിക്കും. നേരത്തെ മണിരത്നം സംവിധാനം ചെയ്ത ‘ഓകെ കണ്മണി’ തമിഴ് കൂടാതെ തെലുങ്കിലും ഒരുമിച്ചാണ് റിലീസ് ചെയ്തത്.

45ആം വയസിൽ ഒരു വർഷം ശരീരമാസകലം തളർന്ന് കോമയിൽ കിടന്നാണ് സാവിത്രി ഈ ലോകത്തോട് വിട പറയുന്നത്. നടി എന്നതിലുപരി ഗായിക, നർത്തകി, സംവിധായിക, നിർമ്മാതാവ് എന്നീ മേഖലകളിലും സാവിത്രി വിജയം വരിച്ചിട്ടുണ്ട്.