ഒടിയന്‍ എന്താണ് ? സിനിമയെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത് ഇങ്ങനെ….

വി എ ശ്രീകുമാർ മേനോൻ എന്ന പേര് പ്രസിദ്ധമാകുന്നത് ആയിരം കോടി രൂപയിൽ ഒരുങ്ങുന്ന ‘മഹാഭാരതം’ സംവിധാനം ചെയ്യുന്ന സംവിധായകൻ എന്ന പേരിലാണ്. പ്രമുഖ പരസ്യചിത്ര സംവിധായകനായ ശ്രീകുമാർ എന്നാൽ ‘രണ്ടാമൂഴ’ത്തിന്റെ ചലച്ചിത്ര ഭാഷ്യമൊരിക്കുന്നതിനു മുൻപ് മറ്റൊരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്.

സൂപ്പർ സ്റ്റാർ മോഹൻലാൽ തന്നെ പ്രധാന കഥാപാത്രമായി എത്തുന്ന ‘ഒടിയൻ’ ആണ് ശ്രീകുമാർ സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ആദ്യത്തെ ചിത്രം. എന്താണ് ‘ഒടിയൻ’. ശ്രീകുമാർ പറയുന്നു..    

“ജൂലായിൽ ഷൂട്ട് തുടങ്ങി സെപ്റ്റംബറിലോ ഒക്ടോബറിലോ അവസാനിക്കുന്ന, 60 – 65 ദിവസം ഷൂട്ട് നീളുന്ന പ്രോജക്ട് ആണ് ‘ഒടിയൻ’. വളരെ പ്രതീക്ഷയുള്ള വെല്ലുവിളി ഉണർത്തുന്ന പ്രോജക്ട് ആണ് ‘ഒടിയൻ’. മാജിക്കൽ റിയലിസം വരുന്ന മണ്ണിന്റെ മണമുള്ള ഒരു ത്രില്ലർ ആണ് ചിത്രം.

മനുഷ്യമൃഗത്തിന്റെ വേഷമെടുത്ത് ഇരുട്ടിന്റെ മറ പറ്റി മനുഷ്യരെ പേടിപ്പിക്കുന്ന ഒരു ക്വട്ടേഷൻ സംഘമുണ്ടായിരുന്നു പണ്ട് കേരളത്തിൽ. അവരാണ് കേരളത്തിലെ ആദ്യത്തെ ക്വട്ടേഷൻ സംഘം. അവരാണ് ഒടിയന്മാർ. ജീവിച്ചിരിക്കുന്ന അവസാനത്തെ ഒടിയൻ ആണ് മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രം. 1950 മുതൽ 1990 വരെയുള്ള കാലഘട്ടത്തിലൂടെ കടന്നു പോകുന്ന കഥയാണ് ഈ ചിത്രം പറയുന്നത്. മൂന്നു നാല് പ്രധാന കഥാപാത്രങ്ങളും ചില ഉപ കഥാപാത്രങ്ങളെയും ചുറ്റിപ്പറ്റിയാണ് ഈ കഥ വികസിക്കുന്നത്.”

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് ‘ഒടിയൻ ‘ നിർമ്മിക്കുന്നത്. മഞജു വാര്യർ നായികയായി എത്തുന്ന ചിത്രത്തിൽ പ്രകാശ് രാജ് വില്ലൻ വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ദേശീയ അവാർഡ് ജേതാവായ തിരക്കഥാകൃത്ത് ഹരികൃഷ്ണൻ ആണ് ഈ ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിക്കുന്നത്. ഷാജി കുമാർ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം നിർവ്വഹിക്കുന്നത് സാബു സിറിൽ ആണ്.